ന്യൂദല്‍ഹി: വ്യാജ രേഖകള്‍ ഉപയോഗിച്ചോ, വഞ്ചനാപരമായ രീതിയിലോ കൈവശപ്പെടുത്തിയ, കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 9606 മൊബൈല്‍ കണക്ഷനുകള്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വിച്ഛേദിച്ചു. നിര്‍മ്മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്ന നൂതനവും സുശക്തവുമായ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള എഎസ്ടിആര്‍ എന്ന മുഖം തിരിച്ചറിയല്‍ സംവിധാനം വഴി, സംസ്ഥാനത്തെ ടെലികോം സിം വരിക്കാരെ പരിശോധിച്ചതിന് ശേഷമാണ് ഈ നടപടി സ്വീകരിച്ചത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വ്യാജവും വിശ്വാസ്യത ഇല്ലാത്തതുമായ മൊബൈല്‍ കണക്ഷനുകള്‍ വിശകലനം ചെയ്യുന്നതിനും തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനുമാണ് ഈ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. ഈ സംവിധാനം മുഖേന ഉപഭോക്താക്കളുടെ ഫോട്ടോകള്‍ പരിശോധിക്കുകയും, മറ്റുള്ളവയുമായി താരതമ്യം ചെയ്യുകയും, ചെയ്യുമ്പോള്‍ ഒരേ ഫോട്ടോ തന്നെ ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ക്കൊപ്പം/വരിക്കാര്‍ക്കൊപ്പം ഒത്തുവന്നതോടെയാണ് അനധികൃത കണക്ഷനുകള്‍ കണ്ടെത്തിയത്.
ബോണഫൈഡ് അല്ലാത്ത മൊബൈല്‍ കണക്ഷനുകള്‍ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ എല്ലാ ടെലികോം സേവന ദാതാക്കളുടെയും സംയോജിത വരിക്കാരുടെ ഡാറ്റാ ബേസ് അടഠഞ മുഖേന വിശകലനം ചെയ്തു. അങ്ങനെ കണ്ടെത്തിയ സംശയാസ്പദമായ 11,462 കണക്ഷനുകള്‍, ബന്ധപ്പെട്ട ടെലികോം ഓപ്പറേറ്റര്‍മാര്‍ സൂക്ഷ്മ പരിശോധന നടത്തുകയും, 9606 കണക്ഷനുകള്‍ക്ക് വ്യാജ രേഖകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിച്ഛേദിക്കുകയും ചെയ്തു.
ഒപ്പം, ഇത്തരം വിശകലനത്തിന്റെ അടിസ്ഥാനത്തില്‍, നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വില്‍പ്പന ഏജന്റുമാരായ ‘പോയിന്റ് ഓഫ് സെയില്‍സ്’ (പിഒഎസ്) സിം വില്‍പ്പനക്കാരെയും സേവന ദാതാക്കള്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിനും കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനുമായി സേവന ദാതാക്കള്‍ പൊലീസിന് പരാതികള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാജ മൊബൈല്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ ഈ നടപടികള്‍ സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: