കൊച്ചി : യുവ ഡോക്ടര്‍ ആശുപത്രിയില്‍ വെച്ച് കുത്തേറ്റ് മരിച്ച സംഭവത്തെ അലസമായി കാണരുതെന്ന് ഹൈക്കോടതി. സംഭവത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ ഈ പ്രതികരണം. പോലീസിനെ കുറ്റം പറയുന്നതല്ല, സംവിധാനത്തിന്റെ പരാജയമാണെന്നും ഹൈക്കോടതി പറഞ്ഞു.
സംസ്ഥാനത്ത് ഇതാണ് സ്ഥിതിയെങ്കില്‍ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല. ഇത്തരത്തിലൊന്ന് മുമ്പ് കേട്ടിട്ടില്ല. വിഷയത്തെ സര്‍ക്കാര്‍ ഒരിക്കലും അലസമായി കാണരുത്. നമ്മുടെ സംവിധാനമാണ് വന്ദനയുടെ ജീവന്‍ നഷ്ടപ്പെടുത്തിയത്. പ്രതിയുടെ പെരുമാറ്റത്തില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ടായിരുന്നെന്ന് പോലീസ് തന്നെ പറയുന്നുണ്ട്. അങ്ങിനെയെങ്കില്‍ പോലീസുകാരുടെ കാവലില്ലാതെ എന്തിനാണ് സന്ദീപിനെ ഡോക്ടറുടെ മുന്നിലെത്തിച്ചത്. ഇത് സംവിധാനത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്.
വന്ദനയുടെ ജീവന്‍ നഷ്ടപ്പെടുത്തിയതും നമ്മുടെ സംവിധാനമാണ്. അവളുടെ മാതാപിതാക്കളേയും തീരാ ദുഃഖത്തിലാഴ്‌ത്തി. വിഷയത്തില്‍ ഡോക്ടര്‍മാര്‍ ഇന്നും സമരത്തിലല്ലേ. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനത്തിനായി എത്രയോ ആളുകളാണ് ചികിത്സക്കായി കാത്തുനില്‍ക്കുന്നത്. ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ എന്ത് ചെയ്യും, ഡോക്ടര്‍മാരുടേത് സമരമല്ല. ഭയം മൂലം ചെയ്യുന്നതാണ്. സമരത്തിലൂടെ അവര്‍ക്ക് ഒന്നും നേടിയെടുക്കാനില്ല. ഭയമാണ് അവരെ സമരത്തിലേക്ക് നയിച്ചത്. ഇവിടെ പേടിച്ച് എങ്ങനെയാണ് ജീവിക്കുക. വിഷയം ആളിക്കത്താതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസത്തെ സംഭവം സംബന്ധിച്ച് എഡിജിപി അജിത്കുമാര്‍ ഓണ്‍ലൈനായി വീഡിയോ പ്രസന്റേഷന്‍ നടത്തി. നാല് മിനിട്ടുകൊണ്ടാണ് ആശുപത്രിയില്‍ ഈ സംഭവങ്ങളെല്ലാം ഉണ്ടായിട്ടുള്ളതെന്നും പോലീസ് കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: