കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ചയാളുടെ കുത്തേറ്റ് ഹൗസ് സര്‍ജനായിരുന്ന യുവ വനിതാ ഡോക്ടര്‍ മരിക്കാനിടയായ ദാരുണ സംഭവം സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇരുപത്തിയഞ്ച് വയസ്സ് മാത്രമുണ്ടായിരുന്ന കടുത്തുരുത്തി സ്വദേശിയായ മാതാപിതാക്കളുടെ ഏകമകളെയാണ് ജീവിതം എന്തെന്നറിയുന്നതിന് മുന്‍പ് മരണം അപഹരിച്ചത്. പഠിക്കാന്‍ മിടുക്കിയായ, നല്ല രീതിയില്‍ പെരുമാറുന്ന ഈ കുട്ടിയുടെ വേര്‍പാടില്‍ കുടുംബത്തിനും നാട്ടുകാര്‍ക്കുമുള്ള ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ലഹരിക്കടിമയായ ഒരു അദ്ധ്യാപകനെയാണ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധനക്കെത്തിച്ചത്. പരിശോധനക്കിടെ അക്രമാസക്തനായ ഇയാള്‍ കത്രികയെടുത്ത് ഡോക്ടറെയും മറ്റും കുത്തുകയായിരുന്നു. പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് ഇത് നടന്നത്. പ്രതിയുടെ സ്വഭാവം അറിയാമായിരുന്നിട്ടും വേണ്ടത്ര മുന്‍കരുതലെടുക്കാതിരുന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്. അക്രമം തടയാന്‍ പോലീസിന് കഴിയേണ്ടതായിരുന്നു. പോലീസിന്റെ അനാസ്ഥ അക്രമ സംഭവത്തിന്റെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഉത്തരവാദിത്വം കയ്യൊഴിയാന്‍ ചില ന്യായീകരണങ്ങളുമായി സര്‍ക്കാര്‍ രംഗത്തുവന്നിട്ടുണ്ടെങ്കിലും ജനങ്ങള്‍ അതൊന്നും അംഗീകരിക്കാന്‍ പോകുന്നില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നതുതന്നെ കാരണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ എല്ലാ അക്രമങ്ങളും മരണത്തില്‍ കലാശിക്കാറില്ലെന്നു മാത്രം.
കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ദേഹത്ത് പതിനൊന്ന് കുത്തുകളാണേറ്റത്. ആക്രമണത്തിന്റെ രൂക്ഷത ഇതില്‍നിന്ന് വ്യക്തമാണല്ലോ. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതിയുടെ പ്രതികരണം പോലീസിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥയിലേക്കും, ആരോഗ്യപ്രവര്‍ത്തകരുടെ അരക്ഷിതാവസ്ഥയിലേക്കും വിരല്‍ചൂണ്ടുന്നതാണ്. മനുഷ്യജീവന് സംരക്ഷിക്കാന്‍ നിയുക്തരായ ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടണമെന്നു പറഞ്ഞ കോടതി, പോലീസിന്റെ കയ്യില്‍ തോക്കില്ലായിരുന്നോ എന്നാണ് ചോദിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് നടുങ്ങിപ്പോയ ഓരോ ആളും ചോദിക്കാന്‍ ആഗ്രഹിക്കുന്നതാണ് കോടതി പോലീസിനോടും സര്‍ക്കാരിനോടും ചോദിച്ചത്. അക്രമാസക്തനായി പെരുമാറുന്ന ഒരാളുടെ മുന്നിലേക്ക് ഡോക്ടറെ ഇട്ടുകൊടുക്കുകയാണ് പോലീസ് ചെയ്തതെന്നും, പലരെയും ആക്രമിച്ച ശേഷം ഒടുവിലാണ് ഡോക്ടറെ ആക്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. പ്രതിയെ കീഴടക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. അതിനുള്ള സാവകാശം ലഭിച്ചിരുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. എന്നിട്ടും എന്തുകൊണ്ടാണ് പോലീസ് അവസരത്തിനൊത്ത് ഉയരാതിരുന്നതെന്ന ചോദ്യം ബാക്കിനില്ക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് കേരളത്തില്‍ പതിവ് സംഭവമാണ്. ഒരു വര്‍ഷത്തിനിടെ 138 ആക്രമണങ്ങളുണ്ടായി എന്നതുതന്നെ ഭീകരാവസ്ഥയ്ക്ക് തെളിവാണ്. സര്‍ക്കാരിന്റെ കണക്കാണിത്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ നടന്നിട്ടുള്ളത് ഇതിലും കൂടുതലായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. തങ്ങള്‍ക്ക് മതിയായ സംരക്ഷണം ഒരുക്കണമെന്ന ഐഎംഎയുടെയും മറ്റും ആവശ്യം സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവത്തിലെടുത്തില്ല എന്നതാണ് വാസ്തവം.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്തുകൊണ്ട് നിരന്തരം ആക്രമണങ്ങള്‍ക്കിരയാവുന്നു എന്നതിനുത്തരം കൊട്ടാരക്കര സംഭവത്തോടുള്ള ആരോഗ്യമന്ത്രിയുടെ പ്രതികരണത്തില്‍ തന്നെയുണ്ട്. ഡോക്ടറുടെ പരിചയക്കുറവാണ് കൊലപാതകത്തിന് കാരണമെന്ന മന്ത്രിയുടെ വിലയിരുത്തല്‍ സ്തോഭജനകമാണ്. മുന്‍കാലങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോഴൊക്കെ സര്‍ക്കാര്‍ അലംഭാവം കാണിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരായ നടപടി സസ്പെന്‍ഷനിലൊതുങ്ങി. മന്ത്രി സജി ചെറിയാന്റെ ഗണ്മാനായതിനാലാണ് ഇയാള്‍ സംരക്ഷിക്കപ്പെട്ടത്. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ശിക്ഷ മൂന്നുവര്‍ഷം വരെയാണെന്ന നിയമം അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ്. ശിക്ഷ പത്തുവര്‍ഷം ആക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടന ആവശ്യമുന്നയിച്ചിട്ടുള്ളത് ഗൗരവപരമായി പരിഗണിക്കുകയും അംഗീകരിക്കുകയും വേണം. മദ്യം ഉള്‍പ്പെടെയുള്ള ലഹരിക്കടിമപ്പെട്ടവരുടെ കൂടാരമായി കേരളം മാറിയതാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെടാനുള്ള മറ്റൊരു കാരണം. അടിപിടികള്‍, വാഹനാപകടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തുന്നവരില്‍ വലിയൊരുവിഭാഗം മദ്യപിച്ചും മറ്റും സമനില തെറ്റിയവരായിരിക്കും. നഴ്സുമാര്‍, ഡോക്ടര്‍മാര്‍ എന്നൊക്കെയുള്ള പരിഗണന ഇവര്‍ക്കില്ല. മദ്യപാനത്തിന്റെ പക്ഷത്തുനില്‍ക്കുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇതിനൊന്നും മാറ്റം വരാന്‍ പോകുന്നില്ല. ഒരു സാമൂഹ്യ വിപത്താണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: