തിരുവനന്തപുരം: എ ഐ ക്യാമറയുമായി ബന്ധപ്പെട്ട കരാറുകളെല്ലാം നിയമാനുസൃതമാണെന്ന് എസ്ആര്‍ഐടി കമ്പനി സിഇഒ മധു നമ്പ്യാര്‍. ഉപകരാര്‍ നല്‍കിയത് എല്ലാ നിയമവും പാലിച്ചാണ്. സംശയമുള്ളവര്‍ക്ക് എല്ലാ രേഖകളും നല്കാന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇനി പുതിയ പദ്ധതികള്‍ ഏറ്റെടുക്കില്ല. മാധ്യമങ്ങളുള്‍പ്പെടെ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ കമ്പനിയോട് ചോദിച്ചിരുന്നുവെങ്കില്‍ എല്ലാ രേഖകളും നല്‍കുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയ്ക്കും മാധ്യമങ്ങളായ ഏഷ്യാനെറ്റിനും മനോരമയ്ക്കും കമ്പനി വക്കീല്‍ നോട്ടീസയച്ചു. ആരോപണങ്ങള്‍ തുടരുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മധു നമ്പ്യാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ബന്ധുവിനെ അറിയില്ല. മാധ്യമങ്ങളിലൂടെ അടുത്തകാലത്താണ് പേരുതന്നെ കേട്ടത്. തങ്ങള്‍ പങ്കെടുത്ത ഒരു യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിട്ടില്ല. മറ്റേതെങ്കിലും മീറ്റിംഗില്‍ പങ്കെടുത്തിരുന്നോ എന്നറിയില്ല.
എസ്ആര്‍ഐടി ആസ്ഥാനം ബെംഗ്ലളൂരുവിലാണ്. ആയിരത്തിലധികം ജീവനക്കാരുമായി 24 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ 19 സംസ്ഥാനങ്ങളിലും പതിനെട്ട് വിദേശരാജ്യങ്ങളിലുമായി ഇതുവരെ നൂറ്റെഴുപതോളം ടെക്നോളജി പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചു. കേരളത്തില്‍ എഐ ക്യാമറ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ഒരുരൂപ പോലും സ്വീകരിച്ചിട്ടില്ല. ആറു കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കിയിട്ടുണ്ട്. ഈ കരാറുമായി ബന്ധപ്പെട്ട് ഇതുവരെ 23 കോടി രൂപ ജിഎസ്ടി അടച്ചിട്ടുണ്ട്. മുടക്കുമുതലായ 151 കോടിയും സെക്യൂരിറ്റി നിക്ഷേപവും പദ്ധതി ഗോ ലൈവ് ആയി മൂന്നുമാസം കഴിഞ്ഞശേഷം അഞ്ചു വര്‍ഷംകൊണ്ട് 20 ഗഡുക്കളായാണ് കമ്പനിക്ക് തിരികെ ലഭിക്കുകയെന്നും മധുനായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: