മങ്കൊമ്പ് : പുഞ്ചക്കൃഷിയുടെ നെല്ലുസംഭരണം 98 ശതമാനം പൂര്‍ത്തിയായിട്ടും നെല്ല് വില കൃത്യമായി ലഭിക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. 280 കോടിയിലേറെ രൂപയാണ് ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. സംഭരിച്ച നെല്ലിന്റെ വില മൂന്നുമാസത്തിലേറെയായിട്ടും കിട്ടാത്തതുമൂലം കാര്‍ഷികവായ്പയെടുത്ത കര്‍ഷകര്‍ വെട്ടിലായി. സ്വര്ണപ്പണയത്തിന്മേല് ഏഴുശതമാനം പലിശയ്ക്കാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശയുടെ മൂന്നുശതമാനം നബാര്‍ഡ് സബ്സിഡിയുണ്ട്. ഇതോടെ, കൃഷിയിടവിസ്തൃതി കണക്കാക്കി മൂന്നുലക്ഷം രൂപവരെ ലഭിക്കുന്ന കാര്‍ഷികവായ്പയുടെ തിരിച്ചടവില്‍ കര്‍ഷകരുടെ ബാധ്യത നാലുശതമാനം പലിശ മാത്രമാണ്.
ഈ ആനുകൂല്യം ലഭിക്കണമെങ്കില്‍ കാലാവധി തീരുന്ന തീയതിക്കു മുന്‍പേ തിരിച്ചടയ്ക്കണം. നെല്ലുവില കിട്ടുന്നതു കണക്കാക്കിയാണ് ഭൂരിഭാഗം നെല്‍ക്കര്‍ഷകരും കാര്ഷികവായ്പയെടുക്കുന്നത്. തിരിച്ചടവു സമയപരിധി കഴിഞ്ഞ വായ്പബാധ്യത തീര്‍ക്കാന്‍ വാങ്ങിയ തുകയ്ക്ക് 9.5 മുതല്‍ 11 വരെ ശതമാനം പലിശ നല്‍കേണ്ട സ്ഥിതിയാണ്. ആറുമാസംമുതല്‍ ഒരുവര്‍ഷംവരെ സമയപരിധിയില്‍ വായ്പയെടുത്തവരാണ് തിരിച്ചടവു മുടങ്ങിയതോടെ കുടുങ്ങിയത്.
കഴിഞ്ഞ പുഞ്ചക്കൃഷിയുടെ നെല്ലുവിറ്റ കര്‍ഷകര്‍ക്ക് ഏപ്രില്‍, മേയ് മാസങ്ങളിലാണ് പണം കിട്ടിയത്. പലരും രണ്ടാംകൃഷി ചെയ്യാറില്ല. അത്തരക്കാര്‍ക്ക് വരുമാനം
നിലച്ചിട്ട് ഒരുവര്‍ഷമാകുന്നു.ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വായ്പക്കാലാവധി തീരുന്ന കര്‍ഷകരാണ് നെല്ലുവിലവിതരണം നീണ്ടതോടെ കുടുങ്ങിയത്. പലിശയാനുകൂല്യം നഷ്ടപ്പെട്ട വായ്പകളുടെ തിരിച്ചടവ് വലിയ ബാധ്യതയാണെന്നു കര്‍ഷകര്‍ പറയുന്നു. പലിശ തീര്ത്തടയ്ക്കാതെ വായ്പ പുതുക്കാനുമാകില്ല.
വരള്‍ച്ച, മഴക്കെടുതി തുടങ്ങിയ സമയങ്ങളില്‍ കാര്‍ഷികവായ്പകള്‍ക്ക് സര്‍ക്കാര്‍ പലിശയിളവു പ്രഖ്യാപിക്കാറുണ്ട്. സപ്ലൈകോയുടെ കെടുകാര്യസ്ഥതമൂലമുണ്ടായ ബാധ്യതയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ വായ്പകള്‍ക്ക് മൊറട്ടോറിയവും പലിശയിളവും പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: