താനൂര്‍ ദുരന്തത്തെക്കുറിച്ച് എങ്ങിനെ പറയണം എന്തെഴുതണം എന്നറിയില്ല. അത്രയും സങ്കടകരമാണ് ആ ദുരന്തം. ഇവിടെ മരണപ്പെട്ടവരില്‍ 15 പേര് പിഞ്ചുകുഞ്ഞുങ്ങളാണ്. ജീവിതം എന്താണ്, എങ്ങിനെയാണ് എന്ന് തിരിച്ചറിയാത്തവര്‍. ആ ദുരന്ത ഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. മന്ത്രിപ്പടതന്നെ തൂവല്‍ തീരത്തെത്തി. ഗവര്‍ണര്‍ അരീഫ് മുഹമ്മദ് മുഹമ്മദ്ഖാനുമെത്തി. പിറ്റേദിവസം ഗവര്‍ണര്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു. ദുഃഖം പേറി വിങ്ങിപ്പൊട്ടുന്നവരെ മാറോട് ചേര്‍ത്ത് പിടിച്ച് ആശ്ലേഷിക്കാന്‍ മന്ത്രിമാരോ മുഖ്യമന്ത്രിയോ തയ്യാറായില്ല. എന്നാല്‍ ഗവര്‍ണര്‍ അങ്ങിനെ ചെയ്യുന്നത് കാണാനായി.
മീന്‍പിടിക്കാന്‍ തയ്യാറാക്കിയ ബോട്ട് തട്ടിക്കൂട്ടി യാത്രാബോട്ടാക്കി രൂപാന്തരം വരുത്തി. ടൂറിസം പ്രോത്സാഹിപ്പിക്കാനെന്ന ധാരണ പരത്തിയാല്‍ എന്തുമാകമല്ലോ. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ടൂറിസം മന്ത്രിയും അതിനെ നന്നായി പ്രോത്സാഹിപ്പിച്ചു. ബോട്ടിന് രജിസ്ട്രേഷനില്ല. ഉദ്യോഗസ്ഥര്‍ക്ക് കൈമടക്കും മാസാമാസം പോലീസിന് കൈക്കൂലിയും എത്തിച്ചതിനാല്‍ എല്ലാം മുറപോലെ. രജിസ്ട്രേഷനില്ലാത്ത ബോട്ടില്‍ ആളെ കുത്തിനിറയ്ക്കാം. രാത്രിയും സര്‍വീസ് നടത്താം! കുട്ടികള്‍ക്ക് ചാര്‍ജ് വേണ്ട എന്ന സൗജന്യവും മുതിര്‍ന്നവര്‍ക്ക് 100 രൂപയും നല്കിയാല് എല്ലാം നന്നായി. ബോട്ടോടിക്കുന്ന സ്രാങ്കിന് ലൈസന്‍സ് ഉണ്ടോ എന്നുപോലും നോക്കേണ്ടതില്ല.
ഇതൊക്കെ താനൂരിലെ തൂവല്‍ തീരത്തെ സ്ഥിതിയല്ല. കേരളമാകെ ഇതുതന്നെ അവസ്ഥ. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് ബോട്ടുള്ള ആലപ്പുഴയിലും ഇടുക്കിയിലും സ്ഥിതി മറിച്ചല്ല. ചോദിക്കാന്‍ ആളില്ല. പരിശോധിക്കാന്‍ വ്യവസ്ഥയില്ല. ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ചെയ്ത കാര്യങ്ങള്‍ പെരുമ്പറകൊട്ടി പറയാന്‍ മാത്രം ഒരു മന്ത്രിയുണ്ട്. ആ മന്ത്രി മുഖ്യമന്ത്രിയുടെ സ്വന്തക്കാരനായതിനാല്‍ മറ്റൊരു മന്ത്രിക്കും പറയാനാകില്ല. ഉദ്യോഗസ്ഥര്‍ക്കുപോലും പേടിയാണ്. ഇങ്ങിനെയൊരു മന്ത്രി, മണ്ണിനും പിണ്ണാക്കിനും കൊള്ളാത്ത ഒരുത്തന്റെ കൈയില്‍നിന്ന് ടൂറിസം വകുപ്പെങ്കിലും എടുത്തുമാറ്റിക്കൂടെ. പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയില്‍ ദേശീയപാതയിലാണ് കുഴിയേറെ എന്ന് പറഞ്ഞ മന്ത്രിക്ക് പൊതുമരാമത്ത് വകുപ്പുറോഡിലെ കുഴികള്‍ എണ്ണിപ്പറഞ്ഞപ്പോഴാണ് കണ്ണുതുറന്നത്.
നാടാകെ എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതിന്റെ വിവാദം കെട്ടടങ്ങിയിട്ടില്ല. റോഡപകടങ്ങള്‍ കുറയ്ക്കാനാണ് ക്യാമറയുടെ മുഖ്യലക്ഷ്യം എന്നുപറയുന്നു. 2020 മുതല്‍ ഈ ക്യാമറയുടെ ചരിത്രം കേള്‍ക്കാന്‍ തുടങ്ങിയതാണ്. അതിന്റെ മഹിമയും മേന്മയും പറയാന്‍ വെമ്പല്‍കാട്ടുന്ന സര്‍ക്കാര്‍ താങ്ങികള്‍ക്ക് ചാനല്‍ ചര്‍ച്ചകളില്‍ ഉത്തരംമുട്ടിയ എത്രയോ സന്ദര്‍ഭങ്ങളുണ്ടായി. ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതുപോലെ തര്‍ക്കുത്തരവും തരികിടമറുപടിയും നല്കി തടിതപ്പുകയാണ്. റോഡിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ ക്യാമറകള്‍ സഹായിക്കും. ബോട്ടിലെ അപകടങ്ങള്‍ എങ്ങിനെ കുറയ്ക്കുമെന്നും ചിന്തിക്കേണ്ടതല്ലെ.
പത്തിരുപത് വര്‍ഷത്തിനിടയില്‍ കേരളത്തെ നടുക്കിയ ബോട്ടപകടങ്ങളില്‍ 205 പേര് മുങ്ങിമരിച്ചു. എല്ലാ ബോട്ടപകടം നടക്കുമ്പോഴും മുഖ്യമന്ത്രിയെത്തും. മന്ത്രിമാരെത്തും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും. താനൂരും സംഭവിച്ചത് തനി ആവര്‍ത്തനം. അന്വേഷണം എപ്പോള്‍ പൂര്‍ത്തിയാകുമെന്നതിന് ഒരു നിശ്ചയവുമില്ല. പൂര്‍ത്തിയാക്കി ലഭിക്കുന്ന റിപ്പോര്‍ട്ട് നടപ്പാക്കണമെന്നതിന് ഒരു തീരുമാനവുമില്ല. 2002 ലെ കുമരകം ബോട്ടപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് പറയുന്നത്. താനൂരിന്റെ കഥയും മറിച്ചാകാനിടയില്ല. ഇവിടെ ആര് അന്വേഷണം നടത്തും എന്നതിനെക്കുറിച്ച് തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ.
അന്വേഷണ പ്രഖ്യാപനത്തോടൊപ്പം കുടുംബങ്ങള്‍ക്ക് ആശ്വാസ ധനസഹാവും നടത്തിയിട്ടുണ്ട്. മരണപ്പെട്ട ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നാണ് മുഖ്യമന്ത്രിപറഞ്ഞത്. ഒരു കുടുംബത്തിലെ 11 പേരാണ് മരിച്ചത്. ആ കുടുംബം വീടുപണിയാന്‍ തറകെട്ടിയിട്ട് രണ്ടുവര്‍ഷമായി. വീടുകെട്ടിക്കൊടുക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകേണ്ടതല്ലെ. 15 വര്‍ഷം മുന്‍പ് മരണപ്പെട്ട ഒരാള്‍ക്ക് 5 ലക്ഷം രൂപയാണ് നല്‍കിയത്. ഇപ്പോള്‍ 10 ലക്ഷം മതിയോ? എന്നത് പ്രസക്തമാണ്. തുക എത്രവേണമെങ്കിലും ഖജനാവില്‍ നിന്നെടുക്കാമല്ലോ.
മരിച്ച ഒരാള്‍ക്ക് ചുരുങ്ങിയപക്ഷം 20 ലക്ഷമെങ്കിലും നല്‍കിക്കൂടേ. മുഖ്യമന്ത്രിയുടെ ഓഫീസ് മോടികൂട്ടാന്‍ 2.11 കോടിയല്ലെ ചെലവാക്കുന്നത്. വീട് മോടികൂട്ടാനും കാലിത്തൊഴുത്ത് സ്റ്റാര്‍ മോഡലിലാക്കാനും ക്ലിഫ്ഹൗസിന്റെ മതില് ഉയര്‍ത്താനും ഒറ്റനിലയുള്ള ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കാനും ലക്ഷങ്ങള്‍ പൊടിപൊടിക്കുകയല്ലെ.നായനാര്‍ നായയെ കുളിപ്പിക്കാനും കളിപ്പിക്കാനും ലക്ഷങ്ങള്‍ ചെലവാക്കിയല്ലെ വൃത്തിയാക്കുന്നത്. അപ്പോള്‍ പണമല്ല പ്രശ്നം. സ്വന്തം സര്‍ക്കാരിന്റെ അനാസ്ഥയും അലംഭാവവും കൊണ്ടുണ്ടായ ദുരന്തത്തില്‍പെട്ട് മരണപ്പെട്ട 22 പേര്‍ക്ക് ഉദാരമായ സഹായം നല്കാന് മനസ്സില്ല. എത്രകാശ് നല്കിയാലും തൂവല്‍തീരത്തെ തേങ്ങലുകള്‍ ആര്‍ക്ക് അടയ്ക്കാന്‍ കഴിയും? എന്ന് അടക്കാന്‍ സാധിക്കും?
ബോട്ടുടമ നാസര്‍ അറസ്റ്റിലായി. ബോട്ട് ഓടിച്ചയാള്‍ പിടികൊടുക്കാതെ മുങ്ങുന്നു. തൂവല്‍തീരത്തുനിന്ന് സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ 12 എണ്ണമുണ്ടത്രെ. 10 നും അനുമതിയില്ല. എന്നിട്ടും സര്‍വീസ് നടത്തുന്നത് അധികാര കേന്ദ്രത്തിന്റെ ശുദ്ധമായ പിന്തുണയോടെയാണ്. അപകടത്തില്‍പ്പെട്ട ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയത് തന്നെ 10,000 രൂപ നല്‍കിയിട്ടാണെന്നാണറിയുന്നത്. പിടിയിലായ നാസറിന്റെ പേരില്‍ എന്തുതന്നെ കുറ്റം ചുമത്തിയാലും മുന്തിയ പരിഗണന ലഭിക്കുമെന്നുറപ്പാണ്. നാസറിന്റെ മരണബോട്ടിന് സര്‍വപിന്തുണയും നല്കിയ സര്‍ക്കാരിന് നാസറിനെ മറക്കാന്‍ കഴിയില്ലല്ലോ.
താനൂര്‍ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നതാണ് ആശ്വാസകരം. സര്‍ക്കാരിന്റെ പിത്തലാട്ടങ്ങല്‍ക്ക് കടിഞ്ഞാണിടാന്‍ ഹൈക്കോടതിക്കാവുമെന്ന പ്രതീക്ഷയുണ്ട്. താനൂര്‍ ബോട്ടപകടത്തില്‍ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് കേസെടുത്തത്. മാരിടൈം ബോഡിന്റെ കീഴിലുള്ള പോര്‍ട്ട് ഓഫീസിനോട് വിശദീകരണവും തേടിയിട്ടുണ്ട്. ആവര്‍ത്തിച്ചുണ്ടാകുന്ന ഇത്തരം അപകടങ്ങളില്‍ ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ലെന്ന സത്യം കോടതി നിരീക്ഷിച്ചു. ശക്തമായ നടപടി ഉണ്ടാകണമെന്നാണ് കോടതിയുടെ അഭിപ്രായമെന്നത് പ്രതീക്ഷനല്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: