തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ പരിശീലനം നല്‍കുന്നതിനും സര്‍ട്ടിഫിക്കേഷനും അസാപ് കേരളയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അംഗീകാരം ലഭിച്ചു.
അസാപ് കേരളയുടെ കാസര്‍കോട് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കിലാണ് ഡ്രോണ്‍ പൈലറ്റിങ് പരിശീലനം നല്‍കുന്നത്. എറണാകുളം ആസ്ഥാനമായ ഓട്ടോണമസ് അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡാണ് അസാപ് കേരളയുടെ പരിശീലന പങ്കാളി. 96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാം ഇന്‍ സ്മാള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റിങ് കോഴ്സ് 16 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.
അഞ്ചു ദിവസത്തെ ഡിജിസിഎ ലൈസന്‍സിങ് പ്രോഗ്രാമും ഉള്‍പ്പെടും. 3ഡി മാപ്പിങ്, യുഎവി സര്‍വെ, യുഎവി അസംബ്ലി ആന്‍ഡ് പ്രോഗ്രാമിങ്, ഏരിയല്‍ സിനിമാറ്റൊഗ്രഫി എന്നിവയും കോഴ്സിന്റെ ഭാഗമാണ്. ഡ്രോണ്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച വരുംവര്‍ഷങ്ങളില്‍ 80,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വദേശത്തും വിദേശത്തും ഡ്രോണുകള്‍ പറപ്പിക്കാം. ഡ്രോണുകള്‍ പറപ്പിക്കുന്നതിന് ഡിജിസിഎ ലൈസന്‍സ് ആവശ്യമാണ്.
ഇതില്ലാതെ നിയമവിരുദ്ധമായ ഡ്രോണ്‍ പറപ്പിക്കല് ഉണ്ടാക്കുന്ന ഗുരുതര അപകടങ്ങളെക്കുറിച്ചും കോഴ്സിന്റെ ഭാഗമായി അവബോധം സൃഷ്ടിക്കും. പത്താം ക്ലാസ്സ് പാസ്സായ 18 വയസ്സിന് മുകളില്‍ പ്രായം ഉള്ളവര്‍ക്ക് കോഴ്സ് ചെയ്യാം. പാസ്പോര്‍ട്ട് ഉള്ളവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്. 42,952 രൂപയാണ് കോഴ്സ് ഫീ. പ്രവേശനം ലഭിക്കുന്നവര്‍ക്ക് സ്കില്‍ വായ്പാ സൗകര്യവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495 999 623, 9495 999 709.
പ്രതികരിക്കാൻ ഇവിടെ എഴുതുക: