ജയ് പൂര് : രാജസ്ഥാന് കോണ്‍ഗസില്‍ വീണ്ടും കലാപം. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ആഞ്ഞടിച്ച് സച്ചിന് പൈലറ്റ് രംഗത്തുവന്നു.
തന്റെ സര്‍ക്കാരിനെ 2020-ല്‍ മറിച്ചിടുന്നതില്‍ നിന്നും രക്ഷിച്ചത് ബി ജെ പി നേതാവ് വസുന്ധര രാജെയാണെന്ന ഗെലോട്ടിന്റെ പ്രസ്താവനയ്ക്കെതിരെയാണ് സച്ചിന് പൈലറ്റ് രംഗത്തു വന്നത്. ഗെലോട്ടിന്റെ പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ നേതാവ് വസുന്ധര രാജെ ആണെന്നും സോണിയ ഗാന്ധിയാണെന്ന് തോന്നുന്നില്ലെന്നും പൈലറ്റ് പറഞ്ഞു.
ബി ജെ പി കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ചതായി അശോക് ഗെലോട്ട് പറഞ്ഞു. എന്നാല്‍ അദ്ദേഹം തന്നെ ബി ജെ പി നേതാവ് വസുന്ധര രാജെ സര്‍ക്കാരിനെ രക്ഷിച്ചതായും പറയുന്നു. ഈ വൈരുധ്യം വിശദീകരിക്കണം- സച്ചിന് പൈലറ്റ് ആവശ്യപ്പെട്ടു.
ചിലര്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഗെലോട്ടിന്റെ പ്രസംഗം കേട്ടപ്പോഴാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ അഴിമതി കേസുകളില്‍ അന്വേഷണം നടക്കാത്തത് എന്ത് കൊണ്ടാണെന്ന് മനസിലായത് . ഒരു നേതാവും പൊതുജനത്തെക്കാള്‍ വലുതല്ല- സച്ചിന് പൈലറ്റ് പറഞ്ഞു.
കര്‍ണാടകത്തില്‍ നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് കിണഞ്ഞ് ശ്രമിക്കവെയാണ് ഇന്ന് സച്ചിന് പൈലറ്റ് വാര്‍ത്താ സമ്മേളനം നടത്തുന്നത്.
രാജസ്ഥാനിലെ ധോല്‍പൂരില്‍ ഞായറാഴ്ചനടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് വസുന്ധര രാജെയും മറ്റ് ബിജെപി നേതാക്കളായ ശോഭ റാണിയും കൈലാഷ് മേഘ്വാളും കോണ്‍ഗ്രസിലെ ചേരിതിരിവ് മുതലെടുക്കാന്‍ വിസമ്മതിച്ച് തന്റെ സര്‍ക്കാരിനെ രക്ഷിച്ചുവെന്ന് ഗെലോട്ട് പറഞ്ഞത്.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പണം വാങ്ങി വീഴ്ത്തുന്നത് തങ്ങളുടെ പാരമ്പര്യമല്ലെന്ന് വസുന്ധര രാജെ സിന്ധ്യ പറഞ്ഞു.ഇതാണ് തന്റെ സര്‍ക്കാരിനെ രക്ഷിച്ചതെന്ന് ഗെലോട്ട് പറഞ്ഞു.
ഏതാനും വര്‍ഷങ്ങളായി ഗെഹ്ലോട്ടും പൈലറ്റും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന സച്ചിന്, ഗെലോട്ടിനെ എങ്ങനെയും വീഴ്ത്താനുളള ശ്രമം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: