മലപ്പുറം : താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അപകടത്തില്‍ മരിച്ച സബറുദ്ദിന് കേരള പോലീസ് ഡാന്‍സാഫ് താനൂര്‍ ടീം അംഗമാണ്. ഡ്യൂട്ടിക്കിടെയാണ് ഇയാള്‍ക്ക് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതുസംബന്ധിച്ച് വിശദമായി അന്വേഷിക്കും. അപകടത്തില്‍ ഇനിയും ആളുകളെ കാണാതായതായി പരാതികളൊന്നുമില്ല. എന്നാല്‍ ബോട്ടില്‍ എത്രപേരാണ് കേറുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതിനാലാണ് തെരച്ചില്‍ ചൊവ്വാഴ്ചയും തുടര്‍ന്നത്. തെരച്ചില്‍ നിര്‍ത്തുന്നത് മന്ത്രി ഉള്‍പ്പെട്ട അവലോകനം യോഗം ചേര്‍ന്ന് തീരുമാനിക്കും. അപകടം സംഭവിച്ച ബോട്ട് സാങ്കേതിക വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കും. ബോട്ടിന് പെര്‍മിറ്റ്, അനുമതി എന്നിവ എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കുമെന്നും. വിശദമായ അന്വേഷണങ്ങള്‍ക്കായി ബോട്ടുടമ നാസറിനെ കസ്റ്റഡില്‍ വാങ്ങുമെന്നും എസ്പി പറഞ്ഞു.
അതേസമയം ദിനേശനും ബോട്ടുടമ നാസറും അപകടത്തിന് മുമ്പ് ബോട്ടില്‍ നടത്തിയ ആഘോഷത്തിന്റെ വീഡിയോ പുറത്തുവന്നു. സ്രാങ്ക് ദിനേശന് പാട്ടുപാടി നൃത്തം ചെയ്യുന്നതും തൊട്ടടുത്ത് ഉടമ നാസര്‍ ഇരിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അപകടത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയതാണ്. അപകടം നടന്ന് രണ്ട് ദിവസം ആയിട്ടും ഇവരെ പോലീസിന് പിടികൂടാന്‍ സാധിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അനധികൃത മണല്‍ക്കടത്ത് ഉള്‍പ്പെടെയുള്ള കേസില്‍ പ്രതിയാണ് ദിനേശന്. ബോട്ടുടമ നാസറിനെ കോഴിക്കോട് എലത്തൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
അതിനിടെ നാസറിന്റെ കാര്‍ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ നാസറിന്റെ സഹോദരന് സലാം, സഹോദരന്റെ മകന്, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ എടുത്തു. ജാമ്യമെടുക്കുന്നതിനായി കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: