ഇരിട്ടി: കര്‍ണ്ണാടകത്തിലെ കശ്മീര്‍ എന്ന് വിളിക്കുന്ന കുടക് ജില്ലയിലെ ഇരുമണ്ഡലങ്ങളിലും തങ്ങളുടെ ആധിപത്യം ഊട്ടി ഉറപ്പിക്കാനുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ് ബിജെപി. കോണ്‍ഗ്രസ്സും, ജെഡിഎസ്സും പൊരുതി നില്‍ക്കുന്നുണ്ടെങ്കിലും ഇവര്‍ക്കെല്ലാം മുന്നില്‍ ആധിപത്യം തങ്ങള്‍ക്കു തന്നെയാണെന്ന് തെളിയിക്കുന്ന പ്രചാരണമാണ് ബിജെപി ഇരുമണ്ഡലങ്ങളിലും അഴിച്ചു വിട്ടത്.
സംസ്ഥാനത്തെ മറ്റുമണ്ഡലങ്ങളില്‍ നിന്ന് കുടകിനെ വ്യത്യസ്തമാക്കുന്നത് ഈ രണ്ടു മണ്ഡലങ്ങളിലെയും മലയാളി വോട്ടര്‍മാരുടെ ആധിക്യമാണ്. അതുകൊണ്ടുതന്നെ മലയാളികളും ഉറ്റുനോക്കുന്ന രണ്ടു മണ്ഡലങ്ങളാണ് മടിക്കേരിയും വീര്‍ജ്പേട്ടയും. ഈ രണ്ട് നിയമസഭാ മണ്ഡലങ്ങളിലുമായി ഒരുലക്ഷത്തോളം മലയാളി വോട്ടര്‍മാരുണ്ട്. അതുകൊണ്ടു തന്നെ കുടകിന്റെ മണ്ണില്‍ ആര് ജയിക്കണം, ആര് തോല്‍ക്കണം എന്ന് നിശ്ചയിക്കുന്ന ശക്തിയാണവര്‍. പ്രചാരണത്തിന്റെ എല്ലാ മേഖലകളിലും അതുകൊണ്ട് തന്നെ ശക്തമായ മലയാളി സ്വാധീനവും പ്രകടമാണ്.
കേരളത്തിലെ കണ്ണൂര്‍ ജില്ലയോടും വയനാട് ജില്ലയോടും അതിര്‍ത്തി പങ്കിടുന്ന കുടകിലെ നിയമസഭാ മണ്ഡലമാണ് വീരാജ് പേട്ട. ബിജെപിക്കൊപ്പമായിരുന്നു കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും വീരാജ് പേട്ട നിലയുറപ്പിച്ചിരുന്നത്. സിറ്റിംങ്ങ് എംഎല്‍എയും കര്‍ണ്ണാടക വിധാന്‍സഭ മുന്‍ സ്പീക്കറുമായ ബിജെപിയിലെ കെ.ജി. ബൊപ്പയ്യ തന്നെയാണ് അഞ്ചാം തവണയും ഇവിടെ രംഗത്തുള്ളത്. കോണ്‍ഗ്രസിന് വേണ്ടി എ.എസ്. പൊന്നണ്ണയും ജനതാദളിനായി മണ്‍സൂര്‍ അലിയും മത്സരരംഗത്തുണ്ട്. ബംഗളൂരു ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് എ.എസ്. പൊന്നണ്ണ. കുടകില്‍ ഇത്തവണ താമരവിരിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ്സിന് വേണ്ടി പൊന്നണ്ണ മത്സര രംഗത്തേക്ക് കടന്നുവന്നതെങ്കിലും ഇത് വെറും വ്യാമോഹം മാത്രമാണെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.
2,22,283 വോട്ടര്‍മാരാണ് വീരാജ് പേട്ട മണ്ഡലത്തില്‍ ഉള്ളത്. ഇതില്‍ 60,000ത്തോളം വോട്ടര്‍മാര്‍ മലയാളികളാണ്. പൊന്നംപേട്ട, വീരാജ്പേട്ട, നാപോക്ക് താലൂക്കുകളിലായി 273 പോളിംങ്ങ് ബൂത്തുകളാണ് ഉള്ളത്. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 49.40 ശതമാനം ബി ജെപിക്കും 40.94 ശതാനം വോട്ട് കോണ്‍ഗ്രസിനുമാണ് ലഭിച്ചത്. ഏഴ് ശതമാനം വോട്ട് മാത്രമെ അന്ന് ജനതാദളിന് നേടാന്‍ കഴിഞ്ഞിട്ടുള്ളു. അതുകൊണ്ടുതന്നെ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കുന്നേര്‍ പോരാട്ടം തന്നെയാണ് നടക്കുന്നത്.
മറ്റൊരു മണ്ഡലമായ മടിക്കേരി കുടക് ജില്ലയുടെ ആസ്ഥാനം കൂടിയാണ്. മടിക്കേരിയിലും ശക്തമായ ത്രികോണ മത്സരമാണെന്ന് പറയാമെങ്കിലും എട്ടാം തവണയും മത്സരിക്കുന്ന സിറ്റിംങ്ങ് എംഎല്‍എയും മുന്‍ മന്ത്രിയുമായ അപ്പാച്ചു രഞ്ചന്‍ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്. ജനതാദളിലെ നപ്പണ്ണ മുത്തപ്പയും കോണ്‍ഗ്രസിലെ ഡോ. മന്ദര്‍ ഗൗഡയുമാണ് പ്രധാന എതിരാളികള്‍. ഇവിടെ എസ്ഡിപിഐയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.
മണ്ഡലത്തിലെ 2,30,359 വോട്ടര്‍മാരില്‍ 40,000 ത്തോളം പേര് മലയാളികളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 41.68 ശതമാനം നേടിയാണ് ബിജെപി ആധിപത്യം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ജെഡിഎസിന് 32.23 ശതമാനവും മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന് 22.55 ശതമാനവുമാണ് ലഭിച്ചത്. മടിക്കേരി, സോമവാര്‍പേട്ട, കുശാല്‍ നഗര്‍ താലൂക്കുകളിലായി 269 പോളിംങ്ങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. മടിക്കേരിയും കുശാല്‍ നഗറും ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും സ്വാധീന മേഖലകളാണ്. സോമവാര്‍പേട്ടയാണ് ജനതാദളിന്റെ ഏക പ്രതീക്ഷ. ഇക്കുറി എസ്ഡി പിഐ സ്ഥാനാര്‍ത്ഥിയും കൂടി മത്സര രംഗത്ത് എത്തിയത് ബിജെപി ക്ക് ഏറെ സഹായകരമാണ് എന്ന വിലയിരുത്തലുകളും വരുന്നുണ്ട്.
ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്ന മലയാളിവോട്ടര്‍മാരെ സ്വാധീനിക്കാന്‍ കേരളത്തില്‍ നിന്നുള്ള നിരവധി എംപിമാരും എംഎല്‍എമാരും ഉന്നത രാഷ്ട്രീയ നേതൃത്വവും ഇരുമണ്ഡലങ്ങളിലും ശക്തമായ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ മറ്റെല്ലാ പ്രചാരണങ്ങളെയും മറികടന്ന് ബിജെപി ഇവിടെ ശക്തമായ സാന്നിധ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: