കോഴിക്കോട് : താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റിലായി. കോഴിക്കോട് നിന്നാണ് താനൂര്‍ സ്വദേശി നാസറിനെ അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
നേരത്തേ നാസറിന്റെ കാര്‍ കൊച്ചിയില്‍ പിടികൂടിയിരുന്നു. ഇയാളുടെ സഹോദരനെയും സുഹൃത്തിനെയുമാണ് കാറില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. നാസറിന്റെ മൊബൈല്‍ ഫോണ്‍ കാറിലുണ്ടായിരുന്നതിനാല്‍ അതില്‍ നിന്നുളള സിഗ്നല്‍ വച്ചാണ് പൊലീസ് കാര്‍ തടഞ്ഞത്. നാസറിനായി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്കാനെത്തിയെന്നായിരുന്നു പിടിയിലായ സഹോദരന് പൊലീസിനോട് പറഞ്ഞത്.
മത്സ്യബന്ധന ബോട്ടാണ് വിനോദ സഞ്ചാരത്തിനുപയോഗിച്ചത്. സ്രാങ്കിന് ലൈസന്‍സില്ലായിരുന്നുവെന്നും പറയുന്നണ്ട്. അപകടത്തിനിടയാക്കിയ ബോട്ടില്‍ അധികൃതര്‍ ഫോറന്‍സിക് പരിശോധന നടത്തി.
അപകടത്തില്‍ മരിച്ചവരില്‍ 15 പേരും കുട്ടികളാണ്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും ദുരന്തത്തില്‍ മരിച്ചു. മരിച്ചവരില്‍ 11 പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് പേരാണ് കോട്ടക്കല്‍, തിരൂരങ്ങാടി, കോഴിക്കോട് ആശുപത്രികളിലായി ചികിത്സയിലുള്ളത്. നിസാര പരിക്കേറ്റ രണ്ട് പേര് ആശുപത്രി വിട്ടു. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേര് നീന്തി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: