മുംബയ് : വിവാദ ചിത്രമായ ദി കേരള സ്റ്റോറിയെക്കുറിച്ച് ട്വീറ്റ് ചെയ്ത നടി ഷബാന ആസ്മിയെ പിന്തുണച്ച് ട്വിറ്ററില്‍ നടി കങ്കണ റണാവത്.
സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരെ ശബാന എതിര്‍ത്തിരുന്നു. രാജ്യത്തിനെതിരെ നടന്ന ഗൂഢാലോചനയെ അടിസ്ഥാനമാക്കിയുള്ള ഇതിവൃത്തമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള നിരവധി പെണ്‍കുട്ടികളെ തീവ്രവാദ സംഘടനയായ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച കഥയാണ് സിനിമ പറയുന്നത്.
ഭീഷണിയെ തുടര്‍ന്ന് തമിഴ്നാട്ടിലെ തിയറ്ററുകളില്‍ നിന്ന് ദി കേരള സ്റ്റോറി പിന്‍വലിച്ചിരുന്നു. ആമിര്‍ ഖാന് നായകനായ ലാല്‍ സിംഗ് ഛദ്ദയെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് പോലെ തന്നെ തെറ്റാണ് ദി കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ശബാന ആസ്മി പറയുകയുണ്ടായി. ഒരു സിനിമയ്ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് അനുമതി നല്കി കഴിഞ്ഞാല്‍ അതിനെ വെല്ലുവിളിക്കേണ്ടതില്ല.
ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് കങ്കണ എഴുതി, ”ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, ”ലാല്‍ സിംഗ് ഛദ്ദ വിലക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല.വിവിധ കാരണങ്ങളാല്‍ ആള്ക്കാര് ഇത് കാണാന്‍ ആഗ്രഹിച്ചില്ല. പ്രധാന കാരണം ഇത് ഒരു ഹോളിവുഡ് സിനിമയുടെ പുനര്‍ സൃഷ്ടിയായിരുന്നു എന്നതാണ്. മിക്ക ആളുകളും ഇതിനകം കണ്ടിട്ടുള്ള വളരെ ജനപ്രിയമായ പഴയ ഹോളിവുഡ് ക്ലാസിക്…’
ദി കേരള സ്റ്റോറി നിരോധിക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുമ്പോള്‍ ചിലര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി ഇളവ് ആവശ്യപ്പെട്ടു. അതിനിടെ, ദി കേരള സ്റ്റോറി സിനിമയെ എതിര്‍ക്കുന്നവര്‍ നിരോധിത പിഎഫ്ഐയയെയും തീവ്രവാദ സംഘടനയായ ഐഎസിനെയും പിന്തുണയ്ക്കുന്നവരാണെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.ഇത് വെറുമൊരു സിനിമയല്ല. പെണ്‍കുട്ടികളെ തീവ്രവാദത്തിന്റെ പാതയിലേക്ക് ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്ന ചിലരുണ്ട്. അവരുടെ മുഖം ഈ സിനിമയില്‍ തുറന്നുകാട്ടിയെന്ന് മന്ത്രി പ്രതികരിച്ചു.
അതേസമയം, ദി കേരള സ്റ്റോറി ഞായറാഴ്ച 16 കോടിയോളം രൂപ കളക്ഷന്‍ നേടി . സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അദാ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി, സോണിയ ബാലാനി എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: