ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തില്‍ കര്‍ണ്ണാടകം 38 വര്‍ഷത്തെ ചരിത്രം തിരുത്തി വീണ്ടും അധികാരത്തില്‍ വരുമെന്ന് കര്‍ണ്ണാടകത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ശോഭ കരാന്ത്ലജെ. ഭരണത്തിനെതിരായ വികാരം ശക്തമായ സംസ്ഥാനമാണ് കര്‍ണ്ണാടകം. കഴിഞ്ഞ 38 വര്‍ഷമായി ഇവിടെ ഒരു തവണ ഭരണത്തിലിരുന്നവര് വീണ്ടും അധികാരത്തില്‍വന്ന ചരിത്രമില്ല. എന്നാല്‍ ഇക്കുറി ബിജെപി കര്‍ണ്ണാടകത്തില്‍ തുടര്‍ഭരണം നേടുമെന്ന് ശോഭ കരാന്ത്ലജെ പറയുന്നു.
വികസനമാണ് ബിജെപിയുടെ മറ്റൊരു തുറുപ്പ് ചീട്ട്. ഇക്കുറി പരമാവധി വികസനപ്രവര്‍ത്തനങ്ങള്‍ കര്‍ണ്ണാടകയില്‍ ബിജെപി ചെയ്തു. അടിസ്ഥാന സൗകര്യവികസനങ്ങള്‍ തുടങ്ങി ക്ഷേമപ്രവര്‍ത്തനങ്ങള്‍ വരെ ഈ വികസന അജണ്ട നടപ്പാക്കി. ഇതും വോട്ടായി മാറുമെന്ന് കരുതുന്നുവെന്ന് ശോഭ കരാന്ത്ലജെ പറയുന്നു.
മുതിര്‍ന്ന നേതാക്കളെ പരമാവധി മാറ്റി നിര്‍ത്തി പുതുമുഖങ്ങള്‍ക്കും യുവത്വത്തിനും പ്രാധാന്യം നല്‍കിയാണ് ഇക്കുറി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മാത്രമല്ല, സ്ത്രീവോട്ടുകള്‍ നേടാനും പരമാവധി ശ്രമിക്കുമെന്നും ശോഭ കരാന്ത് ലജെ പറയുന്നു. സ്ത്രീവോട്ടുകളുടെ ബലത്തില്‍ യുപിയിലും ഗുജറാത്തിലും തുടര്‍ഭരണം നേടിയ അതേ രീതിയായിരിക്കും കര്‍ണ്ണാടകത്തിലും ബിജെപി പ്രയോജനപ്പെടുത്തുക.
ലിംഗായത്ത് സമുദായം ബിജെപിയെ പ്രധാനമായും പിന്തുണയ്ക്കുന്ന ശക്തിയാണ്. ഇക്കുറിയും ലിംഗായത്തുകളുടെ പിന്തുണ ലഭിയ്ക്കും. ഉപയോഗിച്ച ശേഷം ലിംഗായത്തുകളെ വലിച്ചെറിഞ്ഞ ചരിത്രം കോണ്‍ഗ്രസിനാണ് ഉള്ളതെന്നും വീരേന്ദ്രപാട്ടീലിനെ അപമാനിച്ച് മുഖ്യമന്ത്രിക്കേസരയില്‍ നിന്നും വലിച്ചെറിഞ്ഞ ചരിത്രമാണ് കോണ്‍ഗ്രസിന്റേതെന്നും ശോഭ കരാന്ത് ലജെ പറയുന്നു.
മോദിയുടെ വരവ് വലിയ മാറ്റമാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടാക്കിയത്. ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ലിംഗായത്തുകള്‍ക്ക് ഭൂരിപക്ഷമുള്ള കിറ്റൂര്‍ കര്‍ണ്ണാടകയില്‍ ഇക്കുറിയും തരംഗമുണ്ടാക്കാനാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. സാധാരണ 30 മുതല്‍ 50 സീറ്റുകള്‍ വരെ ഈ പ്രദേശത്ത് ബിജെപി നേടാറുണ്ട്. ഇക്കുറി മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ടത് ക്ഷീണമാണെങ്കിലും ലിംഗായത്ത് മുഖ്യമന്ത്രിമാര്‍ അഴിമതിക്കാരാണെന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് മോദി വീണ്ടും ലിംഗായത്തുകളുടെ മമത തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. അഴിമതിയുടെ കറപുരളാത്ത ലിംഗായത്ത് മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ കര്‍ണ്ണാടകത്തിലെ സാധാരണ ജനങ്ങള്‍ക്ക് സ്വീകാര്യമാകുമെന്ന് തന്നെയാണ് ബിജെപി കണക്കുകൂട്ടല്‍.
അതുപോലെ ഹൈദരാബാദ് കര്‍ണ്ണാടക എന്നറിയപ്പെടുന്ന കല്യാണ കര്‍ണ്ണാടകയിലും ഇക്കുറി ബിജെപി വലിയ പ്രതീക്ഷ പുലര്‍ത്തുന്നു. കോണ്‍ഗ്രസിന്റെ കോട്ടയായി അറിയപ്പെടുന്ന ഇവിടെ നിന്നും സീറ്റുകള്‍ പരമാവധി നേടാനാകുമെന്ന് പ്രതീക്ഷയുണ്ട്. ഈ പ്രദേശത്ത് ബിജെപി സര്‍ക്കാര്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി. കല്യാണ കര്‍ണ്ണാടക റീജ്യണ്‍ ഡവലപ് മെന്റ് ബോര്‍ഡിന് വന്‍തുകയാണ് ബിജെപി സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നല്‍കിവരുന്നത്.
സുമലത പരസ്യമായി ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ പിന്തുണപ്രഖ്യാപിച്ചത് മാണ്ഡ്യ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കര്‍ഷകരില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. തെരഞ്ഞെടുപ്പ് ഗോദായില്‍ ബിജെപി പ്രവര്‍ത്തനത്തിന് ഇറങ്ങിയ കിച്ച സുദീപ് എന്ന നടനും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കും.
അധികാരത്തില്‍ എത്തിയാല്‍ ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ബിജെപി വലിയ പ്രചാരണ ആയുധമാക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനനാളുകളില്‍ കിട്ടിയ ഈ ആയുധം അങ്ങേയറ്റം ഉപയോഗപ്പെടുത്തുകയാണ് ബിജെപി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ ബജ്രംഗ് ബാലിയെ അവതരിപ്പിക്കുക വഴി ബിജെപി കര്‍ണ്ണാടകയിലെ ജനങ്ങള്‍ക്ക് വലിയൊരു സന്ദേശമാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: