ശൈവ -വൈഷ്ണവ ചൈതന്യങ്ങള്‍ക്ക് തുല്യ പ്രാധാന്യമുള്ള ക്ഷേത്രമാണ് തിരുവനന്തപുരം ജില്ലയില്‍ ശ്രീകാര്യത്തുള്ള ഇളംകുളം മഹാദേവക്ഷേത്രം. ശ്രീകോവിലിന്റെ നാല് വശത്തും ഗോശാലകളുണ്ടെന്നതാണ് മറ്റൊരു സവിശേഷത. ഭാരതത്തിന്റെ പൗരാണിക സംസ്കൃതിയില്‍ ശൈവ -വൈഷ്ണവ ചൈതന്യത്തിന് തുല്യ പ്രാധാന്യമാണുള്ളതെങ്കിലും ഇത്തരത്തിലുള്ള ക്ഷേത്രം ഭാരതത്തില്‍ അപൂര്‍വ്വമാണ്. മിക്ക ക്ഷേത്രങ്ങളിലും മൂലപ്രതിഷ്ഠയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. മറ്റുള്ളവ ഉപദേവതകളായി ആരാധിക്കുന്നു. എന്നാല്‍ ഇവിടെ രണ്ടിനും തുല്യ പ്രാധാന്യമാണുള്ളത്. ശിവലിംഗവും ചതുര്ബാഹുരൂപത്തിലുള്ള വൈഷ്ണവ രൂപവുമാണ് പ്രധാനമൂര്ത്തികള്. സാളഗ്രാമവും ഇരു ചൈതന്യങ്ങള്ക്കുമൊപ്പം ആരാധിക്കുന്നു. ഭഗവതി, രുദ്ര, ഭദ്രകാളി എന്നീ മൂന്ന് ഭാവത്തില്‍ ഉപദേവതകളായും ദേവീചൈതന്യം ഇവിടെ ആരാധിക്കുന്നുവെന്നത് മറ്റൊരു പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഭക്തര്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്ന വിശ്വാസവും നിലനില്ക്കുന്നു.
കിഴക്ക് ദര്‍ശനത്തില്‍ മഹാദേവ പ്രതിഷ്ഠയും പടിഞ്ഞാറ് ദര്‍ശനമായി വലത് മാറി ചുറ്റമ്പലത്തിന് പുറത്താണ് വൈഷ്ണവ ചൈതന്യത്തെ ആധാരമാക്കിയ ശ്രീകൃഷ്ണ പ്രതിഷ്ഠയുമുള്ളത്. രണ്ട് ചൈതന്യങ്ങള്‍ക്കും പൂജാ ക്രിയകളില്‍ തുല്യ പ്രാധാന്യമാണുള്ളത്. ഗോക്കള്‍ക്ക് പ്രാധാന്യം നല്കി ഗോശാലകളാല്‍ ചുറ്റപ്പെടുത്തിയാണ് ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോക്കള്‍ക്ക് സദാസമയവും ഭഗവാനെ ദര്‍ശിക്കാവുന്ന വിധത്തില്‍ ശ്രീകോവിലിന്റെ നാല് വശത്തും ഗോശാലകളുണ്ട്. അതുകൊണ്ടുതന്നെ ശ്രീകൃഷ്ണ പ്രതിഷ്ഠയുടെ ഭാവം മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തവുമാണ്. ചമ്മട്ടി കയ്യില്‍ പിടിച്ചു കൊണ്ട് ഗോക്കളെ പരിപാലിക്കുന്ന ഭാവത്തിലാണ് കൃഷ്ണപ്രതിഷ്ഠ. ഭക്തര്‍ക്ക് ഇവിടേയ്ക്കുള്ള പ്രവേശനവും ഗോശാലയ്ക്കുളളില് കൂടിയാണ്. ഗോക്കളെ വണങ്ങി മാത്രമേ ദര്‍ശനം നടത്താന്‍ കഴിയുകയുള്ളൂ. ഭാരതത്തിലെ തനത് ഇനത്തിലുള്ള ഗോക്കളാണ് കൃഷ്ണ വിഗ്രഹത്തിന് ചുറ്റുമുള്ളത്. പുംഗന്നൂര്‍, വെച്ചൂര്‍, കപില, കൃഷ്ണ, സഖിവാള്, ഗിര്‍ , കാണ്ക്രേജ് ഇനങ്ങളാണ് നിലവിലുള്ളത്. മാത്രവുമല്ല നിത്യേന ഗോപൂജയും ഗോക്കള്‍ക്ക് ഊട്ടും ഉദ്ദിഷ്ട കാര്യസിദ്ധിക്കായി ഭക്തര്‍ നടത്തി വരുന്നു. ഗോശാലകളുള്ള ക്ഷേത്രങ്ങള്‍ അനവധിയുണ്ടെങ്കിലും ഗോക്കള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഗോശാലകളാല്‍ ചുറ്റപ്പെട്ട ക്ഷേത്രം അപൂര്‍വ്വമാണ്. ദക്ഷിണേന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ ക്ഷേത്രമെന്ന പദവിയിലേയ്ക്ക് ഇളംകുളം മഹാദേവ ക്ഷേത്രം മാറുകയാണ്. 2023 മാര്‍ച്ചിലാണ് നവീകരണങ്ങള്‍ക്ക് ശേഷം ക്ഷേത്രം ദര്‍ശനത്തിനായി തുറന്ന് കൊടുത്തത്. എന്നാല്‍ ഇവിടുത്തെ ശൈവ വൈഷ്ണ ചൈതന്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നതും വസ്തുതയാണ്.
പഴക്കം ആയിരം വര്‍ഷത്തിലേറെ
ആയിരത്തി ഒരുന്നൂറ് വര്‍ഷത്തിലേറെ പഴക്കം വരുന്ന ഇളംകുളം മഹാദേവക്ഷേത്രം ആയ് സാമ്രാജ്യ കാലത്ത് നിര്‍മ്മിക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. ഗജ പൃഷ്ഠാകൃതിയിലാണ് ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. പഴമയ്ക്ക് ഉദാഹരണമാകുന്നതും ശ്രീകോവിലിന്റെ ആകൃതിയാണ്. പാറകള്‍ നിറഞ്ഞ കുളമായിരുന്ന ഇവിടെ സ്വയംഭൂവായി ശിവലിംഗം ഉയര്‍ന്നു വന്നതായാണ് ഐതിഹ്യം. മഹാദേവ ഭക്തനായ ബ്രാഹ്മണ ശ്രേഷ്ഠന് കുളത്തിന് മധ്യത്തായി ഒരു ശിവലിംഗരൂപം സ്വപ്നത്തില്‍ തെളിയുകയും പിറ്റേന്ന് കുളത്തില്‍ സ്വപ്നത്തില്‍ കണ്ടതുപോലൊരു ശിവലിംഗ രൂപം ദ്യശ്യമാവുകയുമായിരുന്നു. മഹാദേവ ഭക്തനായിരുന്നു ബ്രാഹ്മണ ശ്രേഷ്ഠന് രോഗബാധിതനായതിനെ തുടര്‍ന്ന് ദീര്‍ഘദൂരം കാല്‍നടയായി ക്ഷേത്രദര്‍ശനം നടത്താനാവാതെ വന്നപ്പോഴാണ് ഇല്ലത്തിന് സമീപത്തുള്ള കുളത്തില്‍ മഹാദേവ സാന്നിധ്യമുണ്ടെന്ന് സ്വപ്നത്തില്‍ കണ്ടത്. അന്ന് മുതല്‍ ബ്രാഹ്മണ ശ്രേഷ്ഠന് ഈ ശിവലിംഗ രൂപത്തെ ഉപാസിക്കുവാന്‍ തുടങ്ങിയെന്നാണ് പറയുന്നത്.
പ്രദേശത്തെ ക്ഷേത്രഊരായ്മ കുടുംബത്തിലെ മുന്‍ തലമുറക്കാരാണ് മഹാദേവന് ആലയം നിര്‍മ്മിച്ചതായി ചരിത്ര രേഖകള്‍ ഉള്ളത്. ബ്രാഹ്മണ ശ്രേഷ്ഠന് ഊരായ്മ കുടുംബത്തിലെ അംഗമായിരുന്നോയെന്നതില് അവ്യക്തതയുണ്ട്. എന്നാല്‍ ഊരായ്മ കുടുംബം ക്ഷേത്ര പൂജാകാര്യങ്ങളില്‍ നേതൃത്വം വഹിച്ചിരുന്ന കാലത്താണ് ചതുര്‍ബാഹു രൂപത്തിലുള്ള വൈഷ്ണവ വിഗ്രഹവും സാളഗ്രാമവും ദേവീവിഗ്രഹവും ഇവിടെ ആരാധിക്കുവാന്‍ തുടങ്ങിയതെന്നാണ് ചരിത്രം. ഇവ തേവാര വിഗ്രഹങ്ങളായിരുന്നുവെന്നും പറയുന്നുണ്ട്. ഇല്ലങ്ങളില്‍ പൂജിച്ചിരുന്ന ദേവ വിഗ്രഹങ്ങള്‍ ഇവിടെ എത്തിച്ചതാകാമെന്ന നിഗമനമാണ് ഇക്കാര്യത്തിലുള്ളത്. സ്വയംഭൂവായ ശിവലിംഗ ശിലയ്ക്ക് ഒപ്പം വെച്ചിരുന്നാണ് ഇവ പൂജിച്ചിരുന്നത്. പില്ക്കാലത്ത് ദേവപ്രശ്നത്തില്‍ മഹാദേവനൊപ്പം വൈഷ്ണവ ദേവീ ചൈതന്യങ്ങള്‍ തെളിഞ്ഞതോടെയാണ് ദേവീദേവന്മാര്ക്കായി പ്രത്യേകം ആലയം നിര്‍മ്മിച്ചത്. വൈഷ്ണവ ചൈതന്യം ഗോപാലകന്റെ ഭാവമായതുകൊണ്ട് പൂര്‍ണ്ണഭാവത്തില്‍ ഗോശാലകളാടു കൂടി നിര്‍മ്മിക്കപ്പെടുകയായിരുന്നു. കൂടാതെ ശിവലിംഗം സ്വയംഭൂവായി ഉയന്നു വന്ന ക്ഷേത്രക്കുളത്തിനും പ്രത്യേകതകളേറെയാണ്. കുളത്തിലെ നീരുറവയില്‍ നിന്നുള്ള ജലം രോഗശമനത്തിന് ദിവ്യൗഷധമാണെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: