ആത്മസംഘര്‍ഷങ്ങളുടെ കടല്‍ച്ചുഴികള്‍ കടന്ന്, ആത്മഹര്‍ഷത്തിന്റെ തീരമണഞ്ഞിരിക്കുകയാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സാഹസികനാകുന്നതിന് വേണ്ടി വീടുപേക്ഷച്ച് ഓടിപ്പോകണമെന്നു വരെ ചിന്തിച്ച മീശ മുളയ്ക്കാത്ത ആ പയ്യനില്‍ നിന്ന് ഗോള്‍ഡന്‍ ഗ്ലോബ് റേസ് വിജയിയിലേക്കുള്ള ദൂരം അത്ര ചെറുതല്ല. പുറപ്പെട്ടാല്‍ പിന്നെ തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്ത ഒരു യാത്രയ്ക്ക് വേണ്ടി അഭിലാഷ് ജീവിതം മാറ്റിവച്ചപ്പോള്‍ വിജയം അവനുള്ളതായി. എല്ലാം ഉപേക്ഷിച്ചുള്ള ദേശാടനം. അഞ്ച് മഹാസമുദ്രങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള പ്രയാണം. കൂട്ടുകാരിയായി കൂടെ ബയാനത്ത് യാനവും. ആ യാനത്തിലേറി മഹാസമുദ്ര മാര്‍ഗ്ഗങ്ങളിലൂടെ പാമ്പും ഗോവണിയും കളിച്ച് ഒടുവില്‍ അവനും കൂട്ടുകാരിയും വിജയ തീരം തൊട്ടു. ഒപ്പം ഒരു ചരിത്രവും പിറന്നു. ഗോള്‍ഡന്‍ ഗ്ലോബ് റേസ് പൂര്‍ത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരന് എന്ന ബഹുമതി.
2018 ലെ പരാജയത്തെ മായ്ക്കുന്നതിന് വേണ്ടിയാണ് 2022 സെപ്തംബര്‍ നാലിന് ആരംഭിച്ച ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ രണ്ടാം എഡിഷനില്‍ അഭിലാഷ് പങ്കെടുത്തത്. മത്സരം പൂര്‍ത്തിയാക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. 236-ാം ദിവസം അഭിലാഷ് വിജയ തീരം അണഞ്ഞു. മഹാസമുദ്രങ്ങളില്‍ പതിയിരുന്ന പ്രതിബന്ധങ്ങള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി ഇന്ത്യയുടെ ടൈറ്റാനിയം മാന്‍ എന്നറിയപ്പെടുന്ന കമാന്‍ഡര്‍ അഭിലാഷ് ടോമി നടത്തിയ അവിസ്മരണീയ സഞ്ചാരത്തെക്കുറിച്ച്:
കടല്‍ കീഴടക്കിയ ഒരു പെണ്‍കരുത്താണ് അഭിലാഷിന്റെയുള്ളില് കടലിനോടുള്ള അഭിനിവേശം നിറച്ചത്. ഫ്രഞ്ച് സോളോ നാവികയായ ഇസബല്ലെ ഓട്ടിസിയറിനെക്കുറിച്ച് 1999 ല്‍ ഒരു സെയിലിങ് മാഗസിനില്‍ വന്ന ലേഖനം ആ ചെറുപ്പക്കാരന്റെയുള്ളില്‍ ഒരു സ്പാര്‍ക്കായി. ബിഒസി ചലഞ്ച് എന്ന പായ് വഞ്ചിയോട്ട മത്സരത്തിലൂടെ പുരുഷന്മാരേയും പിന്നിലാക്കി ലോകം മുഴുവന്‍ ചുറ്റി വന്ന ഇസബല്ലെയാണ് പായ് വഞ്ചിയോട്ടത്തില്‍ അഭിലാഷിന്റെ മാര്‍ഗദര്‍ശി.
കൊടുങ്കാറ്റിനെ പ്രണയിച്ച സഞ്ചാരി കടലിനുമുണ്ട് ഭാവങ്ങളേറെ. ശാന്തയായും കരുണാമയിയായും രൗദ്രയായും ഒക്കെ അവള് മാറും. അതില്‍ രൗദ്രഭാവത്തിലുള്ള കടലിനോട് ഒരല്പം ഇഷ്ടക്കൂടുതലുണ്ട് അഭിലാഷിന്. കൊടുങ്കാറ്റടിക്കുമ്പോള്‍ കലിതുള്ളുന്ന കടലിലൂടെ യാത്ര ദുഷ്കരമാണ്. പക്ഷേ, കാശ് കൊടുത്താല്‍ പോലും കിട്ടാത്ത കൊടുങ്കാറ്റിനെ യാത്രയില്‍ അഭിലാഷ് പലപ്പോഴും പ്രതീക്ഷിച്ചിരുന്നു. കൊടുങ്കാറ്റ് വീശുമ്പോള്‍ ബോട്ടില്‍ യാതൊരു ജോലിയും നടക്കില്ല. അടിയന്തരമായി വേണ്ട അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കില്‍ അത് മാത്രമേ ചെയ്യാന്‍ സാധിക്കൂ. പാചകം പോലും അസാധ്യം. പിന്നീട് കടല്‍ ശാന്തമാകുമ്പോഴാണ് ബാക്കി ജോലികള്‍ തീര്‍ക്കുക. ഈ യാത്രയില്‍ കുറേ കൊടുങ്കാറ്റുകള്‍ കിട്ടിയെങ്കിലും ആറെണ്ണമായിരുന്നു ഭീമാകാരം. ഒരു ഭൂഖണ്ഡത്തിന്റെയത്ര വലുപ്പം ഉണ്ടെന്ന് പറയാം. പസഫിക് മഹാസമുദ്രത്തില്‍ വച്ച് ബോട്ടിന് കുറേ തകരാറും സംഭവിച്ചിരുന്നു.
കൊടുങ്കാറ്റുയരുന്ന നേരം കടലിലെ ചില കാഴ്ചകളും രസകരമാണ്. വെളുപ്പും തവിട്ടും നിറത്തിലുള്ള ആല്‍ബട്രോസ് പക്ഷികള്‍ പറന്നുയരുന്ന ദൃശ്യവും അതിലൊന്നാണ്. ദക്ഷിണ ധ്രുവത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ആ സുന്ദരകാഴ്ച അനുഭവവേദ്യമാകുക. ദക്ഷിണായന രേഖയുടെ തെക്കു ഭാഗത്ത് ചിലെ മുതല്‍ ഓസ്ട്രേലിയ വരെ ബ്രൗണ്‍ ആല്‍ബട്രോസും പസഫിക് സമുദ്രത്തില്‍ വെളുത്ത ആല്ബട്രോസുമാണുള്ളത്. കാറ്റ് വീശുമ്പോള്‍ ചിറകടിക്കാതെ മണിക്കൂറുകള്‍ ഇവ പറക്കും. തിരയടിക്കുമ്പോള് ഒരു തൂവല്‍ മാത്രം തിരയില്‍ തൊട്ടുള്ള പറക്കല്‍ കണ്ടാലും കണ്ടാലും മതിയാവാത്ത കാഴ്ചയാണ് അഭിലാഷിന്.
കടലിനെ അറിഞ്ഞ് അറിഞ്ഞ്
സമുദ്രത്തെ അറിഞ്ഞുള്ളതായിരുന്നു അഭിലാഷിന്റെ യാത്ര. കടല്‍യാത്ര ഏറെ ചെയ്തു നേടിയ പരിചയസമ്പത്തായിരുന്നു കൈമുതല്‍. കടലിന്റെ പ്രകൃതം, സ്വഭാവം, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ബാധിക്കുന്നതെപ്രകാരം എന്നെല്ലാം മനസ്സിലാക്കിയുള്ള യാത്ര. ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ഒരു തരത്തിലുമുള്ള സാങ്കേതിക വിദ്യകള്‍ക്കും സ്ഥാനമില്ല. 1968 ലെ സമുദ്ര പര്യവേഷണ സമ്പ്രദായം അനുസരിച്ചാണ് യാത്ര. ദിശ കണ്ടുപിടിക്കാന്‍ വടക്കുനോക്കി യന്ത്രവും കാലാവസ്ഥ അറിയാന്‍ നക്ഷത്രങ്ങളേയും നോക്കിയുള്ള അതിസാഹസികമായ സമുദ്ര പ്രയാണം. അക്ഷാംശവും രേഖാംശവും അടിസ്ഥാനമാക്കി ഭൂപടങ്ങളും ചാര്‍ട്ടുകളും ഉപയോഗിച്ചുകൊണ്ടുള്ള പഴയ രീതിയിലാണ് സമുദ്ര പര്യവേഷണം.
ബാരോമീറ്റര്‍ നോക്കിയാണ് കാറ്റിന്റെ ഗതി നിര്‍ണയം. സഞ്ചാര ദിശ തീരുമാനിക്കേണ്ടത് വടക്കുനോക്കിയന്ത്രത്തിന്റെ സഹായത്തോടെയും. കാറ്റിന്റെ വേഗത 70 കി.മിയില്‍ കൂടുതല്‍ ആണെങ്കില്‍ സാറ്റലൈറ്റ് വഴി മുന്നറിയിപ്പ് കിട്ടും. അതനുസരിച്ച് ബോട്ടിന്റെ ദിശ നിയന്ത്രിക്കണം. എന്നാല്‍ ഒരിക്കല്‍ കാറ്റ് 100 കി.മി വേഗതയില്‍ വീശിയടിച്ചിട്ടും മുന്നറിയിപ്പൊന്നും ലഭിച്ചില്ല. അവിടെയും അനുഭവ സമ്പത്തായിരുന്നു രക്ഷ.
കടലും മാറുന്ന കാലാവസ്ഥയും
കടല്‍ ഓരോയിടത്തും ഓരോ മാതിരിയാണെന്ന അഭിപ്രായം അഭിലാഷിനില്ല. എന്നാല്‍ കടലിലും മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. മാര്‍ച്ച് മാസത്തില്‍ കടലിന് ചൂടു കൂടുതലാണ്. നവംബറിലാവട്ടെ തണുപ്പും. ചൂടും തണുപ്പും എല്ലാം അതിന്റെ പാരമ്യത്തില്‍. അസഹനീയമാണത്. ഓരോ കാലവസ്ഥയ്ക്കും അനുയോജ്യമായ വസ്ത്രങ്ങള്‍ കരുതിയിരുന്നു. കങ്കാരു തൊപ്പി, അള്‍ട്രാ വയലിറ്റില്നിന്ന് സംരക്ഷണം നല്കുന്ന വസ്ത്രങ്ങള്‍ ഒക്കെയുണ്ടായിരുന്നു. തണുപ്പ് കാലാവസ്ഥയില്‍ മൂന്ന് മാസത്തിലൊരിക്കലായിരുന്നു ആര്‍ഭാടമായ കുളി. വേനലില്‍ കുളി എന്നും നിര്‍ബന്ധമായിരുന്നു. എന്നാല്‍ സൂര്യപ്രകാശവും ഉപ്പുവെള്ളത്തിന്റെ സാമിപ്യവുമെല്ലാം ആരോഗ്യം കൂടുതല്‍ ഉഷാറാക്കിയെന്നാണ് അഭിലാഷ് പറയുന്നത്.
ഹൃദയത്തോട് ചേര്‍ത്ത് ബയാനത്
1968 ലെ നിയമാവലി അനുസരിച്ചായതിനാല്‍ ഉപ്പുവെള്ളം ഫില്‍ട്ടര്‍ ചെയ്യാനുള്ള ആര്‍ഒ പ്ലാന്റ് സംവിധാനം ഒന്നും ഇല്ല. ടാങ്കില്‍ സംഭരിക്കാവുന്ന വെള്ളമാണ് അനുവദനീയം. ചെറിയ ബോട്ട് ആയതി
നാല് 270 ലിറ്ററായിരുന്നു സംഭരിച്ചത്. വാട്ടര്‍ ബോട്ടിലും ഉപയോഗിക്കാന്‍ പറ്റില്ല. ജെറി കാന്‍ കൊണ്ടുപോകാം. മുന്നൂറ് ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും കരുതണം. കടലില്‍ മഴ പെയ്യുമ്പോഴായിരുന്നു ജലം ശേഖരിച്ചിരുന്നത്. ഇത്രയും ദിവസത്തേക്കുള്ള ഭക്ഷണവും പല രൂപത്തില്‍ കരുതിയിരുന്നു.
ബയാനത് ഇന്ന് അഭിലാഷിന്റെ ജീവിതത്തിന്റെ ഭാഗമാണ്. യുഎഇ ആസ്ഥാനമായുള്ള ബയാനത് കമ്പനിയായിരുന്നു മുഖ്യ സ്പോണ്സര്. ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ രണ്ടാം വട്ടവും പങ്കെടുക്കുക എന്ന നിര്‍ണായക തീരുമാനത്തിനൊപ്പം നിന്ന ബയാനതിന്റെ പേരുതന്നെ തന്റെ പായ് വഞ്ചിക്കും നല്കി. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ അഭിലാഷിന്റെ ശരീരത്തിന്റെ ഭാഗമായി മാറി ആ നൗകയും. കടല്‍ക്ഷോഭത്തില്‍ അവള്‍ക്ക് മുറിവേറ്റപ്പോള്‍ വേദനിച്ചതത്രയും അഭിലാഷിനാണ്. കപ്പല്പ്പായക്കുണ്ടായ കീറലും എഞ്ചിന് തകരാറും ഓട്ടോ പൈലറ്റ് (വിന്‍ഡ്വാനെ പൈലറ്റ്) മൂന്ന് പ്രാവശ്യം തകര്‍ന്നതും ഒക്കെ പ്രതിസന്ധിയായി. ബോട്ടിന്റെ ബാത്ത് റൂം ഡോര്‍ അടര്‍ത്തിമാറ്റി വിന്‍ഡ്വാനെ ഉണ്ടാക്കി ഉപയോഗിച്ചു. ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുത്ത പായ് വഞ്ചികളില്‍ ഏറ്റവും അധികം റിപ്പയര്‍ ചെയ്ത വഞ്ചിയും ബയാനത്താണ്.
കുടുംബവും ദൈവവും ശക്തി
2018 ല്‍ അപകടത്തെ തുടര്‍ന്ന് കിടപ്പിലായ സമയം അമ്മ വത്സമ്മയുടെ ചോദ്യം, നീ കടല്‍ യാത്ര നിര്‍ത്തുമോ എന്ന്. ഇല്ല, വീണ്ടും പോകും എന്ന് മറുപടി നല്കി. അമ്മയും അതേ ഉത്തരമായിരുന്നു പ്രതീക്ഷിച്ചത്. ആരും അരുത് എന്ന് പറഞ്ഞില്ല എന്നതാണ് കരുത്ത്. നാവികസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു അച്ഛന് വി.സി. ടോമി. അദ്ദേഹവും ഒന്നിനും നിരുത്സാഹപ്പെടുത്തിയില്ല. 2018 ല്‍ നട്ടെല്ല് തകര്‍ന്ന് കിടന്നപ്പോഴും ഉയിര്‍ത്തെഴുന്നേറ്റ് മകന് കടല്‍ പ്രയാണം നടത്തുമെന്ന ഉറപ്പുണ്ടായിരുന്നു ആ പിതാവിന്. തിരമാലയെന്ന അര്‍ത്ഥം വരുന്ന ഉര്മിമാലയെന്നാണ് അഭിലാഷിന്റെ ജീവിത പങ്കാളിയുടെ പേര്. സാഹസികതയുടെ അവസാന വാക്കായ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ വീണ്ടും പങ്കെടുക്കുന്നുവെന്ന് കേട്ടപ്പോള്‍ പൂര്‍ണ പിന്തുണയേകി ഉര്‍മി കൂടെ നിന്നു. വേദാന്തും അബ്രനീലുമാണ് മക്കള്‍. അവരുടെയെല്ലാം പ്രാര്‍ത്ഥനയ്ക്കൊപ്പം ദൈവാനുഗ്രവും അനുദിനം അനുഭവിച്ചാണ് 236 ദിവസങ്ങള്‍ അഭിലാഷ് പിന്നിട്ടത്.
ഫ്രാന്‍സില്‍ തുടങ്ങി നോര്‍ത്ത് അറ്റ്ലാന്റിക്, ഇക്വേറ്റര്‍, സൗത്ത് അറ്റ്ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രം, പസഫിക് മഹാസമുദ്രം പിന്നീട് തിരികെ സൗത്ത് അറ്റ്ലാന്റിക്, തുടര്‍ന്ന് ഭൂമധ്യ രേഖ കടന്ന് നോര്‍ത്ത് അറ്റ്ലാന്റിക് എന്നിങ്ങനെയായിരുന്നു യാത്രയുടെ ഘട്ടം. സമുദ്രം, കാലാവസ്ഥ, സമയം എന്നിങ്ങനെയും വിഭജിക്കാം. നോര്‍ത്ത് അറ്റ്ലാന്റിക്, സൗത്ത് അറ്റ്ലാന്റിക്, ഇന്ത്യന്‍, പസഫിക് സമുദ്രങ്ങളില്‍ തണുപ്പാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇക്വേറ്ററില്‍ ചൂടാണ് അധികരിച്ചു നില്‍ക്കുന്നത്.
യാത്രയില്‍ 24 മണിക്കൂറും യാത്രികന് ഉണര്‍ന്നിരിക്കണം. ഭൂമധ്യരേഖയോടു ചേര്‍ന്നുള്ള കടലാണ് നാവികരുടെ പറുദീസ. കടലും കാലാവസ്ഥയും ഇവിടെ മികച്ചതാണ്. ധ്രുവങ്ങളിലേക്ക് അടുക്കുന്തോറും കാലാവസ്ഥ കടുപ്പമാകും.
ഏകാന്തം സുന്ദരം വശ്യം
236 ദിവസം കൊണ്ട് 48,000 കിലോമീറ്ററുകള്‍ ഒറ്റയ്ക്ക് താണ്ടുന്നതിനിടയില്‍ കുടുംബത്തെക്കുറിച്ചുള്ള ചിന്തകള്‍ അലട്ടിയിരുന്നു. ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ ഇവര്‍ക്ക് സുഖമാണോ എന്നതറിയാതെയുള്ള യാത്ര. അവരുടെ ആരുടേയും ശബ്ദം കേള്‍ക്കാതെയുള്ള ദിനരാത്രങ്ങള്‍. ലക്ഷ്യത്തിലേക്ക് യാത്ര തുടരാന്‍ പ്രേരണയേകിയ ഭാര്യ ഉര്‍മിമാലയുടെ വാക്കുകള്‍ ശക്തിയായി. ഇത്തരമൊരു യാത്രയില്‍ ആരും കൂടെയില്ലാതിരിക്കുന്നതാണ് നല്ലതെന്ന് അഭിലാഷ്. ഒന്ന് തീരുമാനിച്ചാല്‍ അതില്‍ നിന്നും പിന്മാറുന്ന പതിവില്ല ഈ മുന്‍ നാവിക ഉദ്യോഗസ്ഥന്.
യാത്രയില്‍ മനം കുളിര്‍പ്പിക്കുന്ന ചില മുഹൂര്‍ത്തങ്ങളും ഉണ്ടായിട്ടുണ്ട്. യാത്രയ്ക്ക് മുന്നോടിയായിട്ടുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ കേപ് ടൗണില്‍ വച്ച് സ്പോണ്സര് ബോട്ടിലെത്തി. വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തു. ഏറെ നാളുകള്‍ക്ക് ശേഷം ഭാര്യയേയും മക്കളേയും കണ്ടു. ഇളയകുട്ടി അബ്രനീല്‍ സ്കൂളില്‍ പോകുന്നതിനായി യൂണിഫോം ധരിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ കണ്ണും മനസ്സും നിറഞ്ഞു. കുഞ്ഞ് സ്കൂളില്‍ പോകാന്‍ തുടങ്ങിയെന്ന കാര്യം പോലും അറിയുന്നത് അന്നാണ്.
കേപ് ടൗണ്‍ ഗേറ്റ് കടന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പോകും വഴി തിരിഞ്ഞു നോക്കിയപ്പോള്‍ ടേബിള്‍ മലനിരകള്‍ക്ക് മറവില്‍ പൂര്‍ണ ചന്ദ്രന് ഉദിച്ചുയരുന്ന കാഴ്ചയാണ് കണ്ടത്. അതേ പൂര്‍ണതയിലാണ് അഭിലാഷും ഇന്ന് എത്തി നില്‍ക്കുന്നത്.
എന്താണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്
2022 സപ്തംബര്‍ നാലിന് ഫ്രാന്‍സിലെ ലെ സാബ്ലെ ദലോന് തുറമുഖത്തുനിന്ന് ആരംഭിച്ച്, ഒറ്റയ്ക്ക് ഒരിടത്തും നിര്‍ത്താതെ കടലിലൂടെ 48,000 കി.മി ദൂരം ചുറ്റി തുടങ്ങിയിടത്തുതന്നെ തിരികെയെത്തുന്നതാണ് മത്സരം. 16 നാവികരാണ് പങ്കെടുത്തത്.
ദക്ഷിണാഫ്രിക്കന്‍ വനിത കിര്സ്റ്റന് ന്യൂഷാഫറാണ് റേസില്‍ ഒന്നാമതായി പോഡിയം ഫിനിഷ് ചെയ്തത്.
1968കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന സാങ്കേതിക സൗകര്യങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തി ദിശയും കാറ്റിന്റെ ഗതിയും മനസ്സിലാക്കി ഒറ്റയ്ക്ക് ലോകം ചുറ്റിവരികയെന്നതാണ് ഗോള്‍ഡന്‍ ഗ്ളോബ് റേസിന്റെ അടിസ്ഥാനം. വീട്ടുകാരുമായി സംസാരിക്കാന്‍ സാധിക്കില്ല. സാ്റ്റലൈറ്റ് ഫോണില്‍ ആഴ്ചയിലൊരിക്കല്‍ മാധ്യമങ്ങളുമായി സംസാരിക്കാം. അപകടമുണ്ടായാല്‍ മുന്നറിയിപ്പു നല്കാന് പ്രത്യേക സംവിധാനമുണ്ട്. ഇതിനായുള്ള എമര്‍ജന്‍സി ഫോണ്‍ കിറ്റ് തുറന്നാല്‍ നാവികന് മത്സരത്തില്‍ നിന്ന് പുറത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: