ബെംഗളൂരു:വോട്ട് ചെയ്യുമ്പോള്‍ ‘ജയ് ബജ്രംഗ് ബാലി’ എന്ന് ഉച്ചരിക്കാന്‍ മോദി പറഞ്ഞതിനെ കോണ്‍ഗ്രസ് വിവാദമാക്കിയപ്പോള്‍ തന്റെ റോഡ് ഷോ ബജ്രംഗ് ബാലിയെക്കൊണ്ട് നിറച്ച് പ്രധാനമന്ത്രി മോദി. മോദിയെ വരവേറ്റ് ജനങ്ങള്‍ ‘ജയ് ബജ്രംഗ് ബാലി’ എന്ന മുദ്രാവാക്യം ഉച്ചത്തില്‍ വിളിച്ചു. കുട്ടികളും സ്ത്രീകളും മാത്രമല്ല, മുതിര്‍ന്നവരും ഈ മുദ്രാവാക്യം ഏറ്റുവിളിച്ചു.
ബജ്രംഗ് ബാലി എന്നാല്‍ ഹനുമാനാണ്. റോഡ് ഷോയില്‍ പലപ്പോഴും മോദി ബജ്രംഗ് ബാലിയുടെ പ്രതിമകള്‍ക്ക് മുന്‍പില്‍ തൊഴുതു. ന്യൂനപക്ഷപ്രീണനത്തിന് എല്ലാ വഴികളും തേടുന്ന കോണ്‍ഗ്രസിനെതിരെ ബജ്രംഗ് ബാലിയിലൂടെ ദുര്‍ബലമാക്കുകയായിരുന്നു മോദിയുടെ 26 കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ.
മോദിയുടെ ‘ബജ്രംഗ് ബാലി’ പ്രയോഗത്തെ വിവാദമാക്കാന്‍ നോക്കിയ കോണ്‍ഗ്രസിന് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ശനിയാഴ്ചത്തെ റോഡ് ഷോയിലൂടെ മോദിക്ക് സാധിച്ചു. മാത്രമല്ല, ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രഖ്യാപനത്തിന് ബജ്രംഗ് ബാലിയെ അവതരിപ്പിച്ച് തിരിച്ചടി കൊടുക്കാനും റോഡ് ഷോയിലൂടെ മോദിക്ക് കഴിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തിനെതിരെ വീരപ്പ മൊയ്ലി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിമര്‍ശനമുയര്‍ത്തുകയാണ്. ഈയിടെ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് പോയ ജഗദീഷ് ഷെട്ടാറും ഇതിനെ വിമര്‍ശിച്ചതോടെ പ്രകടനപത്രിക രൂപപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറും പ്രതിരോധത്തിലായി. നിരവധി കുട്ടികളും പെണ്‍കുട്ടികളും യുവാക്കളും ബജ്രംഗ് ബാലിയുടെ മുഖം മൂടി ധരിച്ചാണ് റോഡ് ഷോയില്‍ പ്രത്യക്ഷപ്പെട്ടത് വഴി ഈ വിഷയം വീണ്ടും കര്‍ണ്ണാടകക്കാരുടെ മനസ്സിലേക്ക് പതിപ്പിക്കാന്‍ സാധിച്ചു.
ബജ്രംഗ് ബാലിയായി വേഷം കെട്ടി നിരവധി പേര്‍ റോഡ് ഷോയ്‌ക്ക് മാറ്റ് കൂട്ടി. ഹനുമാനെ പ്രധാനമന്ത്രി ബജ്രംഗ് ദള്‍ എന്ന സംഘടനയായി ചുരുക്കിയെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിനും റോഡ് ഷോയില്‍ നിറഞ്ഞ ആയിരക്കണക്കിന് ബജ്രംഗ് ബാലിയിലൂടെ പ്രധാനമന്ത്രി മറുപടി നല്‍കുകയായിരുന്നു.
നേരത്തെ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ റോഡ് ഷോ ആണ് ആസൂത്രണം ചെയ്തതെങ്കില്‍ പിന്നീട് ശനിയാഴ്ചയും ഞായറാഴ്ചയുമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇനി ഞായറാഴ്ചയും പ്രധാനമന്ത്രിയുടെ റോഡ് ഷോ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: