പിലാത്തറ: കൈതപ്രം സോമയാഗത്തിന് പരിസമാപ്തി കുറിച്ച് കൊണ്ട് തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി യാഗശാല അഗ്നിക്കിരയാക്കി. ചുറ്റും നിറഞ്ഞ് നിന്ന പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നാമജപ ഘോഷം യാഗഭൂമിയെ ഭക്തി സാന്ദ്രമാക്കി. ഇതോടെ ആറ് ദിവസമായി നടന്നു വന്ന യാഗ കര്‍മങ്ങള്‍ക്കും വേദഘോഷ ഹോമാദികള്‍ക്കും ശുഭസമാപ്തി.
വ്യാഴാഴ്ച പുലര്‍ചെ രണ്ട് മുതല്‍ അവസാന ദിവസമായ വെള്ളിയാഴ്ച ഉച്ചവരെ നടന്ന യാഗ ക്രിയകള്‍ക്ക് ശേഷം ഹോമകുണ്ഡത്തില്‍ മഹാഹോമം നടന്നു. ദേവന്മാര്‍ക്കും ദേവഗണങ്ങള്‍ക്കും സോമരസം ഹോമിച്ചു കൊണ്ടുള്ള സോമാഹൂതിയോടെയായിരുന്നു മഹാഹോമം.
മുഖ്യാചാര്യന്‍ ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാട് യാഗകര്‍മ്മങ്ങളുടെ യജമാനനെ സോമയാജിപ്പാട് എന്ന സ്ഥാനപ്പേര് ചൊല്ലി വിളിച്ചു. തുടര്‍ന്ന് ആറ് ദിവസമായി കുളിപോലും ഉപേക്ഷിച്ച് തീവ്രവ്രതത്തില്‍ കഴിഞ്ഞ യജമാനനും ഒപ്പം ഋത്വിക്കുകളും പരികര്‍മികളും വൈദികരും ചേര്‍ന്ന് വാസുദേവപുരം ക്ഷേത്രക്കുളത്തില്‍ അവഭൃതസ്നാനം നടന്നു.
തിരിച്ച് യാഗശാലയിലെത്തിയ യജമാനന്‍ പ്രായശ്ചിത്ത കര്‍മങ്ങള്‍ നടത്തി. യാഗകര്‍മാദികളില്‍ ലോപം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള പരിഹാരമായാണ് ഈ പ്രായശ്ചിത്ത കര്‍മ്മങ്ങള്‍. ദക്ഷിണക്ക് ശേഷം മൂന്ന് ഹോമകുണ്ഡങ്ങളില്‍ നിന്നുള്ള അഗ്നിയെ മൂന്ന് മണ്‍കലത്തിലേക്ക് ആവാഹിച്ചെടുത്ത് യജമാനനും പത്നിയും കൊമ്പങ്കുളത്തില്ലത്തേക്ക് മടങ്ങി. തുടര്‍ന്നാണ് അന്തരീക്ഷമാകെ മുഴങ്ങുന്ന നാമജപ ഘോഷത്തോടെ യാഗശാല അഗ്നിക്കായി സമര്‍പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: