ലോക സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു നാടന്‍ നായയെ കേന്ദ്ര കഥാപാത്രമാക്കി ഇറക്കുന്ന സിനിമയാണ് നെയ്മര്‍. നായകുട്ടിയുടെ കുസൃതിത്തരങ്ങളും ഇമോഷണല്‍ സീക്യോന്‍സുകള്‍ക്കുമൊപ്പം ട്രെയിനിങ് സിദ്ധിച്ചിട്ടുള്ള ബ്രീഡ് നായകുട്ടികള്‍ക്ക് മാത്രം ചെയ്യാനാകുന്ന തരത്തിലുള്ള രംഗങ്ങളും നെയ്മര്‍ എന്ന നാടന്‍ നായക്കുട്ടി ഈ ചിത്രത്തിനായി ചെയ്തിട്ടുണ്ട്.
നായക്കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുപാട് ചിത്രങ്ങള്‍ നാഷണല്‍ – ഇന്റര്‍നാഷണല്‍ ലെവലില്‍ ഇറങ്ങിയിട്ടുണ്ട്. ടോബോ, ഹാച്ചിക്കോ, ചാര്‍ളി 777 ഇവയൊക്കെ അവയില്‍ ചിലത് മാത്രം. അവയിലെല്ലാം നായകുട്ടികള്‍ അസാധ്യമായി അഭിനയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം മുന്തിയ ഇനം ബ്രീഡുകളില്‍ പെട്ട നായകുട്ടികളാണ്. എന്നാല്‍ ഈ ചിത്രത്തിലെ താരം ഒരു നാടന്‍ നായയാണ്. മലയാളത്തില്‍ എന്നല്ല, ഇന്റര്‍നാഷണലില്‍ പോലും നാടന്‍ നായക്കുട്ടിയെ വെച്ചു ഒരു പടം ഇതാദ്യം എന്ന് വേണം പറയാന്‍.
ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന് സുധി മാഡിസന്‍ സംസാരിക്കുന്നു:
ഒരു നാടന്‍ നായയെ കണ്ടെത്തി പരിശീലിപ്പിച്ച് സിനിമയില്‍ അഭിനയിപ്പിക്കുക എന്നത് റിസ്ക് ആയിരുന്നില്ലേ?
പല എതിരഭിപ്രായങ്ങളും സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ടൈമില്‍ ഞാനും കൂടെയുള്ളവരും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ നെയ്മര്‍ എന്ന ചിത്രം ചെയ്യേണ്ടത് ഒരു നാടന്‍ നായയായിരിക്കണം എന്നത് എന്റെ ഉറച്ച് തീരുമാനമായിരുന്നു. പലരും പറഞ്ഞു നടക്കില്ലെന്ന്. പക്ഷേ ഞങ്ങള്‍ അവനെ കണ്ടെത്തി.
- എങ്ങനെയാണ് നാടന്‍ നായയെ കണ്ടെത്തിയത്?
ശരിക്കും ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു. ഒരു നാടന്‍ നായയെ കണ്ടെത്താന്‍ കൊച്ചിയിലുള്ള നായ സംരക്ഷണ കേന്ദ്രങ്ങളില്‍ കൂടി അന്വേഷണം നടത്തി. രഞ്ജിനി ഹരിദാസ്, സാലി എന്നിവരുടെ സഹായത്തോടെ ഡോഗ് ഷെല്‍റ്റര്‍ സെന്ററുകളില്‍ ഒരുപാട് കറങ്ങി നടന്നു. പക്ഷേ ഒന്നും കണ്ടില്ല. രണ്ടര വയസ്സെങ്കിലും ഉണ്ടെങ്കിലേ പരിശീലിപ്പിക്കുവാന്‍ പറ്റൂവെന്ന് ഒപ്പം ഉണ്ടായിരുന്ന ട്രെയ്നര്‍ പാര്‍ത്ഥസാരഥി പറഞ്ഞു. ഒടുവില്‍ എന്റെ വീടിന്റെ അടുത്ത് കാക്കനാട് നിന്ന് തന്നെ ലഭിച്ചു. എന്റെ ഒരു സുഹൃത്ത് അഭിലാഷാണ് റെഡിയാക്കിത്തന്നത്. നായയെകണ്ടപ്പോള്‍ തന്നെ ഇണങ്ങുമെന്ന് തോന്നി. ഞങ്ങള്‍ അവനെ നെയ്മര്‍ എന്ന് അന്നുതന്നെ വിളിച്ചു. അങ്ങനെ അഞ്ച് മാസംകൊണ്ട് പരിശീലിപ്പിച്ചു. 80 ദിവസംകൊണ്ട് ഷൂട്ടിങ് തീര്‍ന്നു. ആദ്യ ദിവസം കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും പിന്നെ ആള് ഉഷാറായി.
- എഡിറ്ററില്‍ നിന്ന് സംവിധായക കുപ്പായത്തിലേക്ക് എത്തിയതെങ്ങനെ?
ഒരു ഡയറക്ടര്‍ ആകണമെന്ന് വിചാരിച്ചല്ലാ ഞാന്‍ എഡിറ്റിങ് തുടങ്ങിയത്. എനിക്ക് എഡിറ്റിങ്ങിനോടാണ് താല്പര്യം. എക്പീരിയന്‍സ് എനിക്ക് നല്ലപോലെ സഹായകമായിരുന്നു. സ്ക്രിപ്റ്റിലും ഷൂട്ടിങ്ങിലും കുറച്ച് സ്പീഡ് കൂടി. ജില്ല എന്ന തമിഴ് ചിത്രത്തിലൂടെ അസി.എഡിറ്ററായാണ് തുടക്കം, സ്റ്റൈല്‍, ഹാപ്പി വെഡിങ്, ഗെപ്പി, അമ്പിളി തുടങ്ങി 18 ഓളം ചിത്രങ്ങളില്‍ സ്പോട്ട് എഡിറ്ററും അസി. എഡിറ്ററുമായിരുന്നു. ഓപ്പറേഷന് ജാവ എന്ന് ചിത്രത്തില്‍ കോ-ഡയറക്ടര്‍ ആയിരുന്നു. അങ്ങനെയാണ് വി. സിനിമാസുമായിട്ടുള്ള ബന്ധം വന്നതും. നല്ലൊരു കഥ വേണമെന്ന് ചിന്തിച്ചിരുന്നപ്പോഴാണ് പുതുമുഖങ്ങളായ ആദര്‍ശും പോള്‍സനും എന്റെ മുന്നില്‍ വരുന്നത്. മലയാളം – തമിഴ് പശ്ചാത്തലത്തില്‍ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എനിക്കും വി.സിനിമാസിനും ഇഷ്ടപ്പെട്ടു. അവരുമായി സംസാരിച്ച് ബജറ്റ് ഓക്കെ ആയതോടെ സംഭവം ഓണ്‍ ആയി. അവനെ കണ്ടില്ലായിരുന്നെങ്കില്‍ സിനിമ ഉണ്ടാവില്ലായിരുന്നു.
വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ സംവിധായകന് സുധി മാഡിസനാണ് കഥയും സംവിധാനവും പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിലെ ഹിറ്റ് കോംബോയായ് മാറിയ മാത്യു – നസ്ലിന് എന്നിവര്‍ക്കൊപ്പം വിജയ രാഘവന്, ഷമ്മി തിലകന്, ജോണി ആന്റണി തുടങ്ങിയവരും അണിനിരക്കുന്നു. മലയാളം – തമിഴ് പശ്ചാത്തലത്തില്‍ പറയുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തീകരിച്ചിരിക്കുന്നത് ആദര്‍ശും പോള്‍സനും ചേര്‍ന്നാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള നെയ്മര്‍ മൂവിയുടെ സംഗീതം ഷാന്‍ റഹ്മാനും ബിജിഎം ഗോപി സുന്ദറും നിര്‍വഹിച്ചിരിക്കുന്നു. എണ്‍പത് ദിവസമെടുത്ത് ചിത്രീകരണം പൂര്‍ത്തീകരിച്ച പടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സിനിമോട്ടോഗ്രാഫര്‍ ആല്‍ബി ആന്റണിയാണ്. ഇന്ത്യന്‍ സിനിമയില്‍ ചര്‍ച്ചചെയ്യപ്പെട്ട സാങ്കേതികപരമായി മുന്നിട്ട് നിന്ന ചിത്രമായിരുന്നു കാന്താര. ഈ ചിത്രത്തിന്റെ സിനിമയുടെ വിഎഫ്എക്സ് നിര്‍വഹിച്ചിരിക്കുന്ന ‘ലവകുശ’ തന്നെയാണ് നെയ്മറിന്റെയും വി എഫ് എക്സ് സംവിധാനം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: