കോട്ടയം: ‘ദ കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ആവശ്യം തികച്ചും നാടകമാണെന്ന് പി.സി.ജോര്‍ജ്ജ്. സത്യമെന്തെന്നത് എല്ലാവര്‍ക്കുമറിയാം, എന്നാല്‍ എതിര്‍ക്കുന്നവര്‍ക്ക് ഒന്നുകില്‍ ഭയം, അല്ലെങ്കില്‍ വോട്ട് കിട്ടുന്നതിനുള്ള അഭ്യാസം എന്നേ കരുതാനാവൂ എന്ന് പി.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു.
ഈ സിനിമയ്ക്ക് മുന്നേ എന്തെല്ലാം വിശ്വാസവേദനകള്‍ സഹിച്ച സമൂഹമാണ് സിനിമ കൊണ്ട് പ്രതികരിക്കുന്നതെന്ന് തിരിച്ചറിയണം. ഇത്രയും കാലം ആവിഷ്കാരസ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടിയവര്‍ ഇപ്പോള്‍ മറിച്ച് പറയുന്ന പ്രഹസനവും നമ്മള് കാണുന്നു. സിനിമ സംബന്ധിച്ച് സാമൂഹിക മൗലികാവകാശ ആവിഷ്കാര സ്വാതന്ത്ര്യങ്ങളെ സംബന്ധിച്ച് തമ്പ് ഫിലിം സൊസൈറ്റിയുടെയും തപസ്യ കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെന്‍സര്‍ ബോര്‍ഡ് പരിശോധിച്ച് അംഗീകരിച്ച സിനിമയെ വീണ്ടും നിരോധിക്കുന്ന വിരോധാഭാസ ചിന്ത കേരളത്തിലെ ഇടതുപക്ഷത്തിന് മാത്രമേ ഉണ്ടാകൂ എന്ന് ഡോ.ജെ. പ്രമീളാദേവി അഭിപ്രായപ്പെട്ടു. ‘കേരള സ്റ്റോറി’ ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രമീള ദേവി. വനിതകളുടെ ഏത് വിധത്തിലുള്ള അവകാശധ്വംസനങ്ങളും ഇതേപോലെ ചര്‍ച്ചാ വിഷയമാക്കണമെന്നും അവര്‍ പറഞ്ഞു.
നിരവധി കാലങ്ങളായി പ്രണയക്കെണി ഒരു ഭയമായി തുടരുന്നു.അത് ആവിഷ്കരിക്കാനാവില്ലെന്നവര്‍ ലക്ഷ്യമിടുന്നത് എന്തെന്ന് തിരിച്ചറിയണം. തപസ്യ സംസ്ഥാന സെക്രട്ടറി ഗോപാലകൃഷ്ണന് പി.ജി. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജയദേവ് വി ജി അഡ്വ. രാജേഷ് പല്ലാട്ട് (പ്രസിഡന്റ്, മീനച്ചില്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി) തമ്പ് ഫിലിം സൊസൈറ്റി സെക്രട്ടറി അഡ്വ.അനില്‍ ഐക്കര, അഡ്വ.ലിജി എല്‍സ ജോണ്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: