ന്യൂദല്‍ഹി : സിനിമയ്ക്ക് നിലവാരം ഉണ്ടോയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കും. ദ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനത്തിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരായ കേസ് ഇന്ന് തന്നെ പരിഗണിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
സുപ്രീംകോടതി നിര്‍ദ്ദേശം കേരള ഹൈക്കോടതി പാലിച്ചില്ല. സിനിമ പ്രദര്‍ശനത്തിന് വെള്ളിയാഴ്ച എത്തുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് പരാതിക്കാരന് സുപ്രീംകോടതിയില്‍ അറിയിച്ചത്. വിഷയം ഹൈക്കോടതിക്ക് വിട്ടതാണെന്നും ഇതില്‍ ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കും. സിനിമയെ കുറിച്ച് പറയുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. സിനിമയില്‍ അഭിനയിച്ച താരങ്ങളുടേയും അണിയറ പ്രവര്‍ത്തകരുടേയും അധ്വാനത്തെപ്പറ്റി ആലോചിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹര്‍ജി കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തെങ്കിലും ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി അവധിയില്‍ ആയതിനാല്‍, അവധിക്കാല ജഡ്ജി ജസ്റ്റിസ് നഗരേഷ് വെള്ളിയാഴ്ച കേള്‍ക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം സിനിമ നിരോധിക്കണമെന്ന ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. പൊതുതാല്‍പ്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിച്ചേക്കും. മാധ്യമപ്രവര്‍ത്തകനായ ബി.ആര്.അരവിന്ദാക്ഷനാണ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: