കറാച്ചി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശക്തിപീഠം ഹിംഗലാജ് മാതാ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളില്‍ ആവേശപൂര്‍വം പങ്കെടുത്ത് ആയിരക്കണക്കിന് പാക് ഹിന്ദുക്കള്‍. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്ഷേത്രത്തിലേക്ക് ഇന്ത്യയില്‍ നിന്നും ഇതര രാജ്യങ്ങളില്‍നിന്നുമുള്ള ഭക്തരാണ് ഇക്കുറി ഒഴുകിയെത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം പുനരാരംഭിച്ച ഉത്സവത്തിന് വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടതെന്ന് ബലൂചിസ്ഥാന്‍ സെനറ്റര്‍ ധനേശ് കുമാര്‍ പറഞ്ഞു.
ലാസ്ബെല ജില്ലയിലെ കുണ്ട് മാലിര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രം ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ലോകമെമ്പാടുമുള്ള അഞ്ച് പുരാതന ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നായാണിത് വിശേഷിപ്പിക്കുന്നത്.
മക്രാന്‍ തീരദേശ ഹൈവേയിലൂടെ പാകിസ്ഥാനിലെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിച്ചതിന് ശേഷം ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമായിട്ടുണ്ട്. നഗ്നപാദരായാണ് ഭക്തര്‍ ദേവിയെ കാണാനെത്തുന്നത്, ധനേഷ് കുമാര്‍ പറഞ്ഞു.
തീര്‍ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നതിന് ബലൂചിസ്ഥാന്‍ സര്‍ക്കാര്‍ 1,000 സുരക്ഷാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഹിംഗലാജ് മാതാ ക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി സര്‍ക്കാര്‍ മൂന്നരക്കോടി രൂപ ചെലവിട്ടതായി ബലൂചിസ്ഥാനിലെ ന്യൂനപക്ഷ മന്ത്രി ഖലീല്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: