മറ്റ് സംഗീതസംവിധായകരില്‍ നിന്നും പല കാര്യങ്ങളിലും വ്യത്യസ്തനാണ് വിദ്യാസാഗര്‍. താന്‍ ഈണമിട്ട ഒരു ട്യൂണ്‍ ആദ്യകേള്‍വിയില്‍ ശ്രോതാവിന് ഇഷ്ടപ്പെട്ടാല്‍ ആ ട്യൂണ്‍ ശരിയല്ലെന്ന് കരുതുന്നയാളാണ് വിദ്യാസാഗര്‍. അതുപോലെ വാക്കുകളെ സംഗീതം കൊണ്ട് പോറലേല്‍പ്പിക്കാതെ, അതിലെ അര്‍ത്ഥം അനുസ്യൂതം പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്ന സംഗീത സംവിധായകന് കൂടിയാണ്.
മലയാള സിനിമയില്‍ അഴകിയ രാവണന് എന്ന മമ്മൂട്ടി ചിത്രത്തില്‍ സംഗീത സംവിധായകനായെത്തിയ വിദ്യാസാഗര്‍ പിന്നീടങ്ങോട്ട് നിരവധി വര്‍ഷങ്ങളില്‍ മലയാളികളുടെ പ്രിയ സംഗീതസംവിധായകനായിരുന്നു. ഇപ്പോള്‍ വിദ്യാസാഗറിന് 60 തികയുന്നു. ഇതില്‍ 34 വര്‍ഷം സിനിമാ സംഗീത ലോകത്ത്, എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഇദ്ദേഹം തിളങ്ങി. അതില്‍ കൂടുതല്‍ തിളങ്ങിയത് മലയാളത്തിലാണെന്ന് പറയാം.
ഒരു ട്യൂണ്‍ ആദ്യകേള്‍വിയില്‍ ശ്രോതാവിന് ഇഷ്ടപ്പെട്ടാല്‍ ആ ട്യൂണ്‍ അല്പായുസ്സായിരിക്കുമെന്ന് വിദ്യാസാഗര്‍ കരുതുന്നു. പതുക്കെ മനസ്സില്‍ പിടിച്ചുകയറുന്ന ട്യൂണുകളാണ് അനശ്വരമായിത്തീരുക എന്നും വിദ്യാസാഗര്‍ വിശ്വസിക്കുന്നു.
സാഹിത്യവുമായി ആത്മബന്ധമുള്ള സംഗീതസംവിധായകനായതിനാലാണ് വിദ്യാസാഗര്‍ വ്യത്യസ്തനായിത്തീരുന്നത്. ഇംഗ്ലീഷിലും തമിഴിലും ഏതാണ്ടെല്ലാ ക്ലാസിക്കുകളും വായിച്ച വിദ്യാസാഗര്‍ തമിഴില്‍ ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്. സാഹിത്യത്തോടുള്ള ഈ ആത്മബന്ധം കാരണമാണ് സാഹിത്യത്തെ നിന്ദിക്കരുതെന്ന നിര്ബന്ധബുദ്ധിക്ക് പിന്നില്‍.
മമ്മൂട്ടിയുമായുള്ള പരിചയമാണ് 1996-ൽ വിദ്യാസാഗറിനെ മലയാള സിനിമയിലെത്തിച്ചത്. ‘മലയാളചിത്രത്തിൽ സംഗീതം ചെയ്യാൻ താല്പര്യമുണ്ടൊ‘ എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ ‘താങ്കൾ നായകനാണെങ്കിൽ ചെയ്യാം‘ എന്നായി വിദ്യാസാഗര്‍. അങ്ങിനെ മമ്മൂട്ടി-കമൽ ടീമിന്റെ അഴകിയ രാവണനിലൂടെ മലയാള സംഗീതസംവിധായകനായി അരങ്ങേറി. ഈ ചിത്രത്തിലെ എല്ലാം പാട്ടുകളും ജനപ്രിയമായി. പ്രണയവർണ്ണങ്ങൾ, നിറം, സമ്മർ ഇൻ ബെതലഹെം, കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ജനപ്രിയമായി. മലയാളത്തില്‍ ഒട്ടാകെ 61 സിനിമകളിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍ മാമ്പഴം, സിബിസച്ചിയുടെ അനാര്‍ക്കലി, സത്യന് അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥ, ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്നിവയിലെ ഗാനങ്ങളും അനശ്വരമാണ്. ഗിരീഷ് പുത്തഞ്ചേരിയുമായുള്ള കൂട്ടുകെട്ടില്‍ ഒട്ടേറെ മികച്ച ഗാനങ്ങള്‍ ചെയ്തു. ഏകദേശം 30ഓളം സിനിമകളില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കാണ് ട്യൂണിട്ടത്. നല്ലൊരു കവിത കേട്ടാല്‍ തുടിക്കുന്ന മനസ്സ് വിദ്യാസാഗര്‍ ഉള്ളില്‍ കൊണ്ടു നടക്കുന്നുണ്ട്. അതിനുദാഹരണമാണ് പ്രണയവര്‍ണ്ണങ്ങള്‍ എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയുമായി ചേര്‍ന്ന് ചെയ്ത ഒരു പാട്ട്. പല ഈണങ്ങളും നല്‍കിയിട്ടും സിറ്റുവേഷന് അത് ചേരുന്നില്ല. ഒടുവില്‍ ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി ചെയ്ത ട്യൂണ്‍ വിദ്യാസാഗര്‍ ഹാര്‍മോണിയത്തില്‍ വായിക്കുന്നു. ഈ ഈണം കേട്ടതും മുറിയില്‍ അല്പം അകലെ ഇരിക്കുകയായിരുന്ന ഗിരീഷ് പുത്തഞ്ചേരിക്ക് അത് നന്നേ പിടിച്ചു. ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗറിനെ നമസ്കരിച്ച ശേഷം കരഞ്ഞു. നിമിഷങ്ങള്‍ക്കം ഗിരീഷ് പുത്തഞ്ചേരിയുടെ പേനയില്‍ നിന്നും വരികള്‍ ജനിച്ചു:”ആരോ വിരല്‍ മീട്ടി, മനസ്സിന് മണ്‍വീണയില്‍…”. പിന്നീട് അനശ്വരമായ ഒരു ഗാനത്തിന്റെ പിറവിയുടെ കഥ ഇങ്ങിനെ.
മനോഹരമായ മെലഡി ഗാനങ്ങൾ ചെയ്തതിനാൽ ഇദ്ദേഹത്തെ ‘മെലഡി കിംഗ് എന്ന് വിളിക്കുന്നു. 2005-ൽ മികച്ച സംഗീതസംവിധായകനുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം സംഗീതം നൽകിയ തിരുവോണകൈനീട്ടം എന്ന ഓണം ആൽബത്തിലെ ‘ പറനിറയെ പൊന്നളക്കും’ എന്ന ഗാനം ഇന്നും ഏറ്റവും മികച്ച ഓണപ്പാട്ടായി കരുതുന്നു.
1989-ൽ രാജശേഖരൻ (റോബർട്ട്) സംവിധാനം ചെയ്ത പൂമാനം എന്ന തമിഴ് സിനിമയിലെ എൻ അൻപേ എന്ന ഗാനത്തിലൂടെയാണ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: