ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ റിയാസിയില്‍ കണ്ടെത്തിയ ലിഥിയം ശേഖരത്തിന്റെ ലേലം ഡിസംബറോടെ ആരംഭിക്കുമെന്ന് ഖനി മന്ത്രാലയം സെക്രട്ടറി വിവേക് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ ദിവസം വ്യവസായ സെമിനാറില്‍ സംസാരിക്കവേ, ലിഥിയം ലേലം സംബന്ധിച്ച് അഡൈ്വസറെ നിയമിക്കുന്നതിന് മന്ത്രാലയം ജമ്മു കശ്മീര്‍ ഭരണകൂടത്തിന് കത്തെഴുതിയതായി അദ്ദേഹം പറഞ്ഞു.
‘ഓഫ് ഷോര്‍ മൈനിങ് ആക്ടിന്റെ ഭേദഗതി സംബന്ധിച്ച് ബന്ധപ്പെട്ടവരുമായുമുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഉടന്‍ തന്നെ അത് പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു, ഭരദ്വാജ് പറഞ്ഞു.
‘5.9 ദശലക്ഷം ടണ്‍ ലിഥിയമാണ് റിയാസിയില്‍ കണ്ടെത്തിയത്. ജമ്മു കശ്മീരില്‍ ലഭ്യമായ ചുണ്ണാമ്പുകല്ലുകള്‍ക്കായുള്ള തെരച്ചിലിനിടയിലാണിത്. ചുണ്ണാമ്പുകല്ല്, ബോക്സൈറ്റ്, ലിഥിയം എന്നിവ ഒരുമിച്ച് കണ്ടെത്തി. തുടര്‍ന്ന് ഈ ധാതുക്കളില്‍ പര്യവേക്ഷണം നടത്താന്‍ കൂടുതല്‍ നടപടികള്‍ ആരംഭിച്ചു, അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആദ്യമായി 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരം ജമ്മു കശ്മീരില്‍ കണ്ടെത്തിയെന്ന് ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
ലിഥിയം ഒരു നോണ്‍-ഫെറസ് ലോഹമാണ്, ഇലക്‌ട്രോണിക് വെഹിക്കിള്‍ ബാറ്ററികളിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ലിഥിയം. ‘ഖനി മന്ത്രാലയത്തിന്റെ അറ്റാച്ച്ഡ് ഓഫീസായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, റിയാസി ജില്ലയിലെ സലാല്‍-ഹൈംന പ്രദേശങ്ങളില്‍ 2020-21, 2021-22 സീസണിലാണ് ധാതു പര്യവേക്ഷണ പദ്ധതി നടത്തിയത്. കൂടുതല്‍ ലിഥിയം വിഭവങ്ങള്‍ കണ്ടെത്തുന്നതിനായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജമ്മു കശ്മീരില്‍ കൂടുതല്‍ പര്യവേക്ഷണത്തിന് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: