ന്യൂദല്‍ഹി: കര്‍ണാടക പോലീസിനെതിരേ അബ്ദുള്‍ നാസര്‍ മദനി നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേരളത്തിലേക്കു പോകാനുള്ള സുരക്ഷയ്ക്കായി ഒരു മാസം 20 ലക്ഷം രൂപ വേണമെന്ന പോലീസിന്റെ ആവശ്യത്തിനെതിരേയാണ് മദനി കോടതിയെ സമീപിച്ചത്. തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്രയും തുക ചെലവാക്കി കേരളത്തിലേക്ക് ഇല്ലെന്നായിരുന്നു മദനിയുടെ പ്രതികരണം.
കര്‍ണാടക ഭീകര വിരുദ്ധ സെല്‍ നല്കിയ സത്യവാങ്മൂലം അംഗീകരിച്ചാണ് സുപ്രീംകോടതി നടപടി. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദര്‍ശിച്ചാണ് സുരക്ഷാച്ചെലവു സംബന്ധിച്ച ശിപാര്‍ശ തയ്യാറാക്കിയതെന്നും സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷാ ഭീഷണിയും റിസ്കും പരിശോധിച്ചാണ് തുക കണക്കാക്കിയത്. ഒരു സമയം മൂന്നു ഷിഫ്റ്റായി ആറു പോലീസുകാരാണ് മദനിക്കു സുരക്ഷയൊരുക്കുക, കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
കര്‍ണാടകയ്ക്കു വേണ്ടി ഹാജരായ അഡീ. അഡ്വ. ജനറല്‍ നിഖില്‍ ഗോയല്‍, മദനിയുടെ യാത്ര പിതാവിന്റെ വസതിയിലേക്ക് മാത്രം ഒതുങ്ങുന്നില്ലെന്നും ഒന്നിലധികം സ്ഥലങ്ങളില്‍ പോകാന്‍ അദ്ദേഹത്തിനു പദ്ധതിയുണ്ടെന്നും വ്യക്തമാക്കി. ബെംഗളൂരുവില്‍ ഒരു പോലീസുകാരനാണ് സുരക്ഷയ്ക്കായുള്ളതെന്നും കേരളത്തില്‍ പോകുമ്പോള്‍ ഇരുപതു പോലീസുകാര്‍ ഒപ്പമുണ്ടാകണമെന്നാണ് പറയുന്നതെന്നും മദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സംസ്ഥാനത്തിനു പുറത്തു പോകുമ്പോള്‍, സ്ഥിതി വ്യത്യസ്തമാണെന്നു ബെഞ്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: