കോട്ടയം: കോണ്‍ട്രാക്ട് ലേബര്‍ ആക്ട് ഇല്ലാതാക്കി പുതിയ ശക്തമായ നിയമം രാജ്യത്ത് കൊണ്ടുവരണമെന്ന് ബിഎംഎസ് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്. ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂര്‍ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടെലികോം മേഖലയില്‍ കരാര്‍ തൊഴില്‍ സമ്പ്രാദായമാണ് നിലനില്‍ക്കുന്നത്. വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ ഏതു സമയത്തും തൊഴിലാളികളെ പിരിച്ചുവിടുന്നു. നിയമാനുസൃതമായി ലഭിക്കേണ്ട വേതനം, നിയമപരമായ ആനുകൂല്യങ്ങള്‍, സാമൂഹ്യ സുരക്ഷ ഇവയെല്ലാം തൊഴിലാളികള്‍ക്ക് നിഷേധിക്കുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാകണമെങ്കില്‍ നിലവിലെ കോണ്‍ട്രാക്ട് ലേബര്‍ ആക്ട് ഇല്ലാതാക്കി പുതിയ ശക്തമായ നിയമം രാജ്യത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ തൊഴിലാളികളുടെ സ്ഥിരം തൊഴിലവകാശം ഇല്ലാതാക്കുന്നതും ഭരണഘടന ഉറപ്പു നല്കുന്ന തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വം അട്ടിമറിക്കുന്നതുമാണ് നിലവിലെ വ്യവസ്ഥ. 1970ലെ കോണ്‍ട്രാക്ട് ലേബര്‍ ആക്ട് ഇത്തരം തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ വേണ്ടി കൊണ്ടുവന്ന നിയമമാണ്എന്നു പറയുമ്പോഴും ഈ നിയമത്തിലെ അപാകതകള്‍ മൂലം, മനേജ്മെന്റുകള്‍ എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍ പറത്തി യാണ് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത്.
യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, സംഘടനാ സെക്രട്ടറി കെ. മഹേഷ്, ജില്ലാ സെക്രട്ടറി എസ്.എസ്. ശ്രീനിവാസപിളള, യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി സിബി വര്‍ഗ്ഗീസ്, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.ജി. ശ്രീകാന്ത്, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ജെ. ജയേഷ്, ട്രഷറര്‍ കെ.പി. കലേഷ് എന്നിവര്‍ സംസാരിച്ചു. സിബി വര്‍ഗ്ഗീസ് (ഇടുക്കി, പ്രസിഡന്റ്), കെ.ജി. ശ്രീകാന്ത് (കോട്ടയം, വര്‍ക്കിങ് പ്രസിഡന്റ്), ജെ. ജയേഷ് (ആലപ്പുഴ, ജനറല്‍ സെക്രട്ടറി), കെ.പി. കലേഷ് (കോട്ടയം, ട്രഷറര്‍) തുടങ്ങി 23 അംഗ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: