മുംബയ് : എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. എന്നാല്‍, സജീവ രാഷ്ട്രീയം ഉപേക്ഷിക്കില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പവാര്‍ അറിയിച്ചു.
പാര്‍ലമെന്റില്‍ തനിക്ക് മൂന്ന് വര്‍ഷത്തെ രാജ്യസഭാ അംഗത്വം ബാക്കിയുണ്ട്. ഈ സമയത്ത് താന്‍ മഹാരാഷ്ട്രയും ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. 1960 മേയ് 1 മുതല്‍ തുടങ്ങിയതാണ് പൊതുജീവിതമെന്നും ശരത് പവാര്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടി അധ്യക്ഷ സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാന്‍ സമിതി രൂപീകരിക്കുമെന്നും പവാര്‍ പറഞ്ഞു. സമിതിയില്‍ സുപ്രിയ സുലെ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, അനില്‍ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗന്‍ ഭുജ്ബല്‍ തുടങ്ങിയ മുതിര്‍ന്ന അംഗങ്ങള്‍ ഉണ്ടായിരിക്കും.
സഹപ്രവര്‍ത്തകരേ, പ്രസിഡന്റ് സ്ഥാനത്തുനിന്നും പടിയിറങ്ങുന്നുണ്ടെങ്കിലും ഞാന്‍ പൊതുജീവിതത്തില്‍ നിന്ന് വിരമിക്കുന്നില്ല. ‘നിരന്തര യാത്ര’ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പൊതുപരിപാടികളിലും യോഗങ്ങളിലും തുടര്‍ന്നും പങ്കെടുക്കും. പൂനെയിലായാലും, മുംബൈയിലായാലും, ബാരാമതിയിലായാലും, ദല്‍ഹിയിലായാലും, ഇന്ത്യയുടെ മറ്റേത് ഭാഗത്തായാലും, പതിവുപോലെ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്നെ സമീപിക്കാം- പവാര്‍ എന്‍സിപി പ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ശരത് പവാര്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചയുടന്‍, ഓഡിറ്റോറിയത്തിലെ എന്‍സിപി പ്രവര്‍ത്തകര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു, അദ്ദേഹം അങ്ങനെ ചെയ്യുന്നതുവരെ ഓഡിറ്റോറിയത്തില്‍ നിന്ന് പുറത്തുപോകില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: