ന്യൂദല്‍ഹി: ചില ആരോപണങ്ങള്‍ കേട്ടാല്‍ താന്‍ ലൈംഗിക ഉത്തേജക മരുന്നായ ഷിലാജിത് കഴിച്ചത് പോലെ തോന്നുമെന്ന് ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ അധ്യക്ഷന്‍ ബ്രിജ ഭൂഷണ് ശരണ്‍ സിംഗ്. താന്‍ 1000 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായാണ് ഇപ്പോള്‍ ചിലര്‍ ആരോപിക്കുന്നതെന്ന്് ഒരു ടിവി അഭിമുഖത്തില്‍ സിംഗ് പറഞ്ഞു.
ഞാന്‍ 100 കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് അവര്‍ നേരത്തെ പറഞ്ഞു. ഇപ്പോള്‍ 1,000 പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് പറഞ്ഞു തുടങ്ങി. ഞാന്‍ എന്താ ഷിലാജിത്ത് കൊണ്ടുണ്ടാക്കിയ റൊട്ടി കഴിച്ചോ? ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് വാര്‍ത്താ ചാനലിനോട് ചോദിച്ചു.
പീഡിപ്പിക്കപ്പെട്ട ഇത്രയും പേര് ജന്തര്‍മന്തറിലേക്ക് പോയാല്‍ താന്‍ രാജിവെക്കും. ഗുസ്തിക്കാരുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് സിംഗ് ആരോപിച്ചു.
ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷണെതിരെ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണത്തില്‍ ഡല്‍ഹി പൊലീസ് വെള്ളിയാഴ്ച രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പൊലീസിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ച് മണിക്കൂറുകള്‍ക്കകമാണ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.
ഗുസ്തി പരിശീലിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് ആദ്യ എഫ്ഐആര്‍. ആദ്യ എഫ് ഐ ആര് പോക്്സോ പ്രകാരമാണെങ്കില്‍ രണ്ടാമത്തേത് സ്ത്രീകളുടെ മാന്യതയ്ക്ക് ഹാനി വരുത്തിയതുമായി ബന്ധപ്പെട്ടതാണ്.
ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ നേരത്തേ ഉളള ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിച്ച സമിതിയുടെ കണ്ടെത്തലുകള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ഗുസ്തിക്കാരാണ് ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്നത്. സിംഗിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന് ഗുസ്തിക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: