കവനമന്ദിരം പങ്കജാക്ഷന്
ലവണോപാഖ്യാനം
ജ്ഞാനം ഗ്രന്ഥിവിച്ഛേദം തന്നെയാകുന്നു. ഗ്രന്ഥിവിച്ഛേദം ഭവിക്കുന്നുവെങ്കില്‍ മോക്ഷമായി. ഗ്രന്ഥിവിച്ഛേദം മരീചികയിലെ ജലമെന്ന വിചാരാദികളുടെ അന്തമാണ്. ആരാണോ ഉത്തമമായ മോഹത്തെ അതിജീവിച്ചവര്‍, അവര്‍ ഉത്തമമായ പദത്തെ പ്രാപിക്കുന്നു. ജ്ഞാനഭൂമികളില്‍ ഏഴിലും സ്ഥിതിചെയ്യുന്നവര്‍ ആത്മതല്പരന്മാരായീടുന്നുവെന്നും നീ അറിയുക.
ജ്ഞാനഭൂമികളിലേഴിലും ആരാണോ സര്‍വ്വോല്‍ക്കൃഷ്ടതയോടുകൂടി വര്‍ത്തിച്ചത് ഘോരമായ ഇന്ദ്രിയങ്ങളാകുന്ന ശത്രുവൃന്ദത്തെ ജയിച്ച അവര്‍തന്നെ ഭൂമിയില്‍ വന്ദ്യന്മാരായുള്ളവര്‍. ചക്രവര്‍ത്തിത്വവും ഇന്ദ്രപദവിയും ഒക്കെ പുല്ലിന്‍തരിയെന്നു കരുതുന്ന, സാരമായുള്ള പദത്തെ പ്രാപിച്ച് എന്നും ഭൂരിമാഹാത്മ്യമാര്‍ന്നീടുന്നവര്‍ മേവുന്നു. ചേതസ്സടങ്ങുമുപായത്തെ യോഗമെന്നു വിദ്വജ്ജനം പറയുന്നു. മാനസമടങ്ങുവാനുള്ള നല്ല ഉപായം ഈ ജ്ഞാനഭൂമിയാണ്. ജ്ഞാനഭൂമികള്‍ തന്നില്‍ അല്ലാതെ പോകാനിടമില്ല. ഈ ബ്രഹ്മാഭിധമായീടുന്ന പരമപദത്തില് അന്യനെന്നും നീയെന്നും ഞാനെന്നതുമായ ഭേദജ്ഞാനം തെല്ലുമില്ല, ഭാവാഭാവവുമില്ല. വ്യോമസ്ഥം, ശിവം, ശാന്തം, ശാശ്വതം, അനാത്മകം, ആമയഹീനം, സര്‍വ്വാധാരം, അപ്രതിബിംബം, സത്തല്ലിത്, അസത്തല്ലിത്, മദ്ധ്യമില്ല, അന്ത്യമില്ല, നോക്കിയാലിതൊന്നുമല്ല, സര്‍വ്വവുമിതുതന്നെ. വാക്കിനും മനസ്സിനും എത്താത്തത്, അകാരണം, ഓര്‍ക്കുകില്‍ ശൂന്യാശൂന്യമെന്നല്ല, സുഖാത്സുഖം. അസ്സംവേദനമായതാത്മവേദനമെന്നല്ല, അശാന്തം, ആതതം (വിസ്തൃതം) ആയുള്ളതാണെന്ന് അറിയുക. രഘുപതേ! സ്വാപ്നഭൂമികം ജ്ഞാനത്തെക്കുറിച്ച് ഞാന്‍ പറഞ്ഞുകഴിഞ്ഞു.
ഇനി ഉല്ലാസവാനായി അവിദ്യ തന്റെ മാഹാത്മ്യം കേട്ടീടുക. ലവണരാജാവ് ഇങ്ങനെ ഭ്രമംകണ്ടതിനു പിറ്റേദിവസം, ഏതൊരു കാട്ടില്‍ താനകപ്പെട്ടു അതിമാത്രം കഷ്ടപ്പെട്ടു ചേതോദര്‍പ്പണത്തില്‍നിന്നുപോയ ആ കാടിനെ ചെന്നുനോക്കിയാലിനി കാണുവാന്‍ കഴിയുമോ എന്ന് മന്ത്രിമാരോടുകൂടി ആലോചിച്ച് വിന്ധ്യാദ്രിക്കടുക്കലുള്ള ആ കൊടും കാടു കാണ്മാന് അന്തരംഗത്തിലേറ്റം ആഗ്രഹമിയന്ന് പിന്നെയും ദിഗ്വിജയത്തിനായെന്നപോലെ രാജാവ് തെക്കോട്ടേക്കു പുറപ്പെട്ടു. വിന്ധ്യാപര്‍വതത്തിലെത്തി അന്തമില്ലാതെ തെക്കും കിഴക്കും പടിഞ്ഞാറും നല്ലവണ്ണം വളര്‍ന്ന വന്‍കാട്ടില്‍ രാജാവ്, ത്വിഷാംപതി (സൂര്യന്) സ്വര്‍ഗത്തിലെന്നപോല്‍ എങ്ങും സഞ്ചരിച്ചു. അന്നേരം തന്റെ ചിന്താരൂപംകൈക്കൊണ്ടു മുന്നില്‍ വന്നപോലെയുള്ള ആ കാനനം കാണുമ്പോള്‍ യമപുരമാണെന്നുതോന്നുന്ന ആ കാടുമുഴുവനും സാമോദം സഞ്ചരിച്ചു സര്‍വവൃത്താന്തങ്ങളൊക്കെയും നന്നായി നേരേകണ്ടും ചോദിച്ചിട്ടും അറിഞ്ഞ് അത്ഭുതമാര്‍ന്നു. നല്ല പരിചയം തോന്നീടുന്ന വേടന്മരെയും അനവധി ചണ്ഡാളന്മരെയും കണ്ട് ലവണരാജാവ് അത്യധികം വിസ്മയാകുലനായി അങ്ങുമിങ്ങും നടന്നു. പിന്നീട് ആ കാട്ടില്‍ സമീപത്തായി മുന്നം താന്‍ വസിച്ചിട്ടുള്ള ആ പറച്ചേരി കണ്ടു. വൃദ്ധരായ സ്ത്രീകളും പുരുഷന്മാരും ദുഃഖിതരായി കണ്ണീര്‍വാര്‍ത്തുകൊണ്ട് അവിടെ കഴിയുന്നു. അതീവദീനയായ ഒരു മഹാവൃദ്ധ ഇങ്ങനെ വര്‍ണിച്ചുകൊണ്ടുറക്കെ കരയുന്നു-അയ്യോ മക്കളേ! എന്റെ മടിയില്‍നിന്നിറങ്ങാന്‍ വയ്യാത്ത നിങ്ങളിപ്പോള്‍ എന്നെവിട്ട് എങ്ങുപോയി? കുന്നിമാലകളണിഞ്ഞ് ഏറ്റവും അഴകാര്‍ന്ന എന്റെ പൊന്നുംമകള്‍ എന്നെ കൈവിട്ടതെന്തേ? എന്റെ ദുര്‍വ്വിധി ചെറുതാണോ! ഹന്ത! സുന്ദരനായ ഉര്‍വീപാലകപുത്രന്‍, എന്റെ മരുമകന്, ശുദ്ധരായ അന്തഃപുരസ്ത്രീകളെയും ഉപേക്ഷിച്ച് എന്റെ പുത്രിയില്‍ അനുരക്തനായി വളരെക്കാലം ഇവിടെ വസിച്ചു. എന്നിട്ടു പെട്ടെന്നിങ്ങനെ ഉപേക്ഷിച്ചുപോയത് എന്റെ ഉള്ത്തട്ടില് ഞാന്‍ ഒട്ടുപോലും കഷ്ടമോര്‍ത്തതില്ലല്ലൊ! ഈ മഹാസംസാരമാകുന്ന നദിയിലുള്ള കുമിളകളാകുന്ന കര്‍മ്മജാലങ്ങളെക്കൊണ്ട് തുച്ഛമാക്കപ്പെടാത്തത് ഒന്നുമില്ല. രാജാവിനെ പിച്ചയാകുന്ന പറച്ചിയോട് ഒന്നിച്ചു ചേര്‍ത്തല്ലൊ!
ഇങ്ങനെ വിലപിച്ചീടുന്ന വൃദ്ധയെക്കണ്ടനേരം രാജാവ് പെട്ടെന്ന് സ്വന്തം ദാസിമാരെക്കൊണ്ട് ആശ്വസിപ്പിച്ചിട്ട് ഇങ്ങനെ അവളോടു ചോദിച്ചു- ഇത്രമാത്രം ദുഃഖിപ്പതെന്തിനാണ്? നീ ആരാണ്? നിന്റെ പുത്രി ആരാണ്? നിന്റെ പുത്രന്മാരാരാകുന്നു? പറയുകെന്നതുകേട്ടു കണ്ണുനീരും വാര്‍ത്തുകൊണ്ട് രാജാവിനോട് അവളിങ്ങനെ പറഞ്ഞു- പുല്‍ക്കസപോഷം എന്നാണ് ഈ ഊരിന്റെ പേര്. പുല്ക്കസന് എന്ന ഭര്‍ത്താവ് എനിക്കുണ്ട്. സുന്ദരിയായ ഒരു മകള്‍ എനിക്കുണ്ട്. ദേവേന്ദ്രതുല്യനായ ഒരു രാജാവ് അവള്‍ക്ക് ഭര്‍ത്താവായി വന്നു. കുറേക്കാലം ഭര്‍ത്താവിനോടുകൂടി അവള് സുഖമായി വാണു. ഒരു പെണ്‍കുട്ടിയേയും രണ്ട് ആണ്‍കുട്ടികളെയും രാജപത്നി പ്രസവിച്ചു. ഇങ്ങനെ കാലമല്പം കഴിഞ്ഞീടുമ്പോള്‍ ലോകര്‍ക്കെല്ലാം വളരെ ക്ലേശമുണ്ടാകുമാറ് മഴപെയ്യായ്കമൂലം ഘോരദാരിദ്ര്യം ഈ ഊരിലുണ്ടായി. പഞ്ചംപിഴച്ചുപോകാന്‍ ഓരോരോദിക്കില്‍ ചെന്നു ഈ ദിക്കിലുള്ളവരെല്ലാം ചത്തുപോയി. അങ്ങനെ ശൂന്യമായിത്തീര്‍ന്ന ഈ ഊരില്‍ ശോകമുള്‍ക്കൊണ്ട് ഞങ്ങള്‍ വാഴുകയായിരുന്നു.
ഇങ്ങനെ ആ വൃദ്ധചൊന്നതു കേട്ടനേരം രാജാവ് വിസ്മയാകുലനായി. തന്റെ മന്ത്രിമാരെയും നോക്കിക്കൊണ്ട് ചിത്രത്തിലെന്നതുപോലെ രാജാവ് നിന്നുപോയി. പിന്നെ ആ വൃദ്ധയ്ക്കും മറ്റുള്ളോര്‍ക്കും വേണ്ടതൊക്കെയും കരുണാപൂര്‍വം കൊടുത്ത് നല്ലവാക്കുപറഞ്ഞ് സമാശ്വസിപ്പിച്ച് തിരിച്ചു തന്റെ പട്ടണത്തിലെത്തി. അവിദ്യാസ്വരൂപത്തെ നന്നായിട്ടറിയാവുന്ന രാജാവിന് ഞാന്‍ പിന്നെ സത്ബോധമുണ്ടാക്കി. ഭ്രമദായിനിയായീടുന്ന ഈ അവിദ്യ വല്ലാത്തതായീടുന്നു എന്നതില്‍ വാദമില്ല. ഇല്ലാത്തതിനെ പെട്ടെന്ന് ഉള്ളതാക്കും, പെട്ടെന്ന് ഉള്ളതിനെ ഇല്ലാതെയുമാക്കും എന്നു നീ ധരിക്കുക.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: