അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പൊരിഞ്ഞ പോരാട്ടമാണ്. എന്നാല്‍ കേരളം ഭരിക്കുന്ന സിപിഎം അതുകണ്ട ഭാവം നടിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മണ്ഡലങ്ങള്‍ പലതും കൈവിട്ടു. അല്ലെങ്കില്‍ ‘കൈ’ കൊണ്ടുപോയി. ചില മണ്ഡലങ്ങളില്‍ ജെഡിഎസിന് വിട്ടുകൊടുത്തതായി പറയുന്നു. പക്ഷേ സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആളില്ല എന്നതാണ് വസ്തുത.
35 വര്‍ഷം ഭരിച്ച ബംഗാളില്‍ ഒരു എംഎല്‍എ പോലുമില്ല. പിന്നെ കര്‍ണാടകത്തിന്റെ കാര്യം പറയാനുണ്ടോ? ബംഗാളിലെ പാര്‍ട്ടി ഭാരവാഹികള്‍ പോലും കേരളത്തിലുണ്ട്. ചപ്പാത്തി ചുടാനും പൊറോട്ട വീശിയടിക്കാനും. അവരും കൂടി ഇല്ലെങ്കില്‍ കേരളം പണ്ടേ പട്ടിണിയിലായേനെ. കര്‍ണാടകയില്‍ മരുന്നിനെങ്കിലും സിപിഎം ഉള്ളിടത്താണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സിപിഐ നേരത്തെ തന്നെ കോണ്‍ഗ്രസിന് പരസ്യപിന്തുണ നല്കി. അതുകണ്ടെങ്കിലും സിപിഎമ്മിന് കോണ്‍ഗ്രസിനു പിന്തുണ നല്‍കാമായിരുന്നു.
കമ്യൂണിസ്റ്റുകാരില്‍ കണ്ണുംചാരി കര്‍ണാടകത്തില്‍ ഒരാള്‍ ദോശചുട്ട് മിടുക്കുകാട്ടുകയാണ്. യുപിയില്‍ നാലുവര്‍ഷം മുമ്പ് കാട്ടിക്കൂട്ടിയ കോപ്രായങ്ങളുമായാണ് രാഹുലിന്റെ പെങ്ങള് പ്രിയങ്ക ദോശയുണ്ടാക്കാന്‍ ഇറങ്ങിയത്. കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും രണ്‍ദീപ് സിംഗ് സുര്‍ജെവാലയുമുണ്ട് താളം പിടിക്കാനും ഉപ്പുനോക്കാനും. ഒരു മണ്ണിനും പണ്ണാക്കിനും ചേരാത്ത കെ.സി.വേണുഗോപാലും പ്രചരണത്തിനുണ്ടെന്നുള്ളതാണ് ഏക പ്രതീക്ഷ. കോണ്‍ഗ്രസ് എട്ടുനിലയ്ക്ക് പൊട്ടും എന്നുള്ളതിന് ഇതിലും വലിയ മറ്റെന്തുകാര്യം വേണം! മൈസുരു ഹോട്ടലിലെ അടുക്കളയില്‍ ചാടിക്കയറിയാണ് പ്രിയങ്ക തന്റെ ദോശമിടുക്ക് കാണിച്ചത്. ഹോട്ടല്‍ ജീവനക്കാരുമായുള്ള സെല്‍ഫിയെടുത്താണ് മടങ്ങിയത്.
224 അംഗ നിയമസഭയിലേക്ക് മെയ് 10 നാണ് വോട്ടെടുപ്പ്. 13 ന് വോട്ടെണ്ണല്‍ നടക്കും. പരാജയം മണത്ത കോണ്‍ഗ്രസ്സില്‍ നിന്ന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വാഗ്ദാന പെരുമഴയാണുണ്ടാകുന്നത്. പ്രചാരണവേളയില്‍ കോണ്‍ഗ്രസ് നടത്തുന്ന സൗജന്യവാഗ്ദാനങ്ങള്‍ ചര്‍ച്ചയായി. പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ നിലനില്പ് തന്നെ ഇല്ലാതാകുമ്പോള്‍ അവര്‍ നല്കുന്ന ഉറപ്പുകള്‍ക്ക് യാതൊരു അര്‍ഥവുമില്ലെന്ന വിലയിരുത്തലിലാണ് വോട്ടര്‍മാര്‍.
എല്ലാ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി. ബിപിഎല്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും 10 കിലോ അരി സൗജന്യം, കുടുംബനാഥയ്ക്ക് പ്രതിമാസം 2000രൂപ സഹായം. ബിരുദധാരിയായ യുവാവിന് മാസം 3,000 രൂപ, ഡിപ്ലോമ ഉള്ള 18-25 വയസുകാര്‍ക്ക് പ്രതിമാസം 1,500 രൂപ എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.
ഇത്തരം സൗജന്യങ്ങള്‍ നല്കി സംസ്ഥാനങ്ങള്‍ കടം കയറി മുടിയുന്നതാണ് ചരിത്രം. രാജ്യത്തിനും സര്‍ക്കാരുകള്‍ക്കും ഇത്തരത്തില്‍ മുന്നോട്ടുപോകാനാകില്ലെന്ന് പകല്‍പോലെ വ്യക്തമാണ്. രാജ്യത്ത് ചില പാര്‍ട്ടികള്‍ രാഷ്ട്രീയം അധികാരത്തിനും അഴിമതിക്കുമുള്ള ഉപാധിയാക്കി മാറ്റിക്കഴിഞ്ഞു. ഇതു നേടാനായി അവര്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ്. അത്തരം പാര്‍ട്ടികള്‍ രാജ്യത്തിന്റെയോ കര്‍ണാടകയിലെ യുവാക്കളുടെയോ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല. ബിജെപി കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചല്ല, മറിച്ച് അടുത്ത 25 വര്‍ഷത്തെ ഇന്ത്യയുടെ ഭാവിയെക്കുറിച്ചാണ് ചിന്തിക്കുന്നത്. സൗജന്യങ്ങള്‍ നല്കി ജനങ്ങളെ വിഡ്ഢികളാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ വരും തലമുറയെക്കുറിച്ച് ചിന്തിക്കേണ്ടവരാണ് പൊള്ളയായ വാഗ്ദാനം നല്കി വോട്ടുകള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സേ ജയിക്കൂ എന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ. ജയിച്ചാലും കൂറുമാറുമോ എന്ന ഭീതിയിലാണ് ഖാര്‍ഗെ.
ജയിച്ചശേഷം എംഎല്‍എമാരെ കൂറുമാറ്റുന്ന ബിജെപി കുതന്ത്രം ഇത്തവണ കര്‍ണാടകയില്‍ വിലപ്പോകില്ലെന്നാണ് ഖാര്‍ഗെ പറയുന്നത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോഴാണ് ഖര്‍ഗെയുടെ പ്രസ്താവന വന്നിരിക്കുന്നത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഒരു സാദാ കോണ്‍ഗ്രസ്സുകാരനല്ല. ഗുലാം നബി ആസാദിനെ ഒഴിവാക്കി രാജ്യസഭയുടെ പ്രതിപക്ഷനേതാവായ വ്യക്തിയാണ്. അബദ്ധവും അസംബന്ധവും വിളമ്പിയാണ് അയാള്‍ ഇപ്പോള്‍ മിടുക്കു കാട്ടുന്നത്. ശബ്ദവും ശാരീരവും കണ്ടാല്‍ കൗരവസഭയിലെ ദുശ്ശാസനനെന്നു പറയാവുന്ന ഈ നേതാവ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് ‘നരേന്ദ്രമോദി വിഷപ്പാെമ്പ’ന്നു ആരോപിച്ചത്. നരേന്ദ്രമോദി അതിനൊന്നും പ്രതികരിക്കില്ല. അതിലും വലിയ ആക്ഷേപമാണല്ലോ നേരത്തെ സോണിയ വിളമ്പിയത്. ‘നരേന്ദ്രമോദി മരണത്തിന്റെ വ്യാപാരി’ എന്നായിരുന്നു അവര്‍ പറഞ്ഞത്. നരേന്ദ്രമോദിയുടെ വിഷം അറിയാന്‍ നക്കിനോക്കാനാണ് ഖാര്‍ഗെ പറയുന്നത്. ഭാരതീയരെല്ലാം നക്കികളാണെന്നാണ് ഖാര്‍ഗെയുടെ വിചാരമെന്നു തോന്നുന്നു. പരാജയം കോണ്‍ഗ്രസിനെ അത്ഭുതപ്പെടുത്തുന്നതാകുമ്പോള് എന്തു പറയും.
അതിനിടെ പരാജയം മുന്നില്‍കണ്ട് കോണ്‍ഗ്രസ് പേടിക്കാന്‍ തുടങ്ങി. അതിന്റെ ഭാഗമാണ് കേന്ദ്ര അഭ്യന്തരമന്ത്രി അമിഷ് ഷാക്കെതിരെയുള്ള പരാതി. പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് പറഞ്ഞാണ് അമിത് ഷായ്ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ഡോ. പരമേശ്വര്‍, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. വെറുപ്പും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന, പ്രതിപക്ഷത്തെ കളങ്കപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ വര്‍ഗീയകലാപങ്ങള്‍ നടക്കുമെന്ന അമിത് ഷായുടെ പരാമര്‍ശമാണ് പരാതിക്ക് ആധാരം. ”നിയമപ്രകാരം നടപടിയെടുക്കണം. സാധാരണക്കാരനാണ് ആ പരാമര്‍ശം നടത്തിയതെങ്കില്‍ അയാളെ ഇതിനകം അറസ്റ്റ് ചെയ്തേനെ. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് അങ്ങനെ പറയാനാകില്ല. അദ്ദേഹം ആഭ്യന്തര മന്ത്രിയാണ്. അല്ലാതെ ബിജെപിയുടെ താരപ്രചാരകനല്ല” ഡി.കെ. ശിവകുമാര്‍ പറയുന്നതിങ്ങനെയാണ്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ആവശ്യപ്പെട്ടിരുന്നു. എന്ന വിചിത്രവാദവുമായാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. ബിജെപി ഈ തെരഞ്ഞെടുപ്പില്‍ 40 സീറ്റില്‍ താഴെപ്പോകുമെന്ന ഭീതി ഉയര്‍ന്നതുകൊണ്ട് ഗതികെട്ടാണ് ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു. രാഹുലും പ്രിയങ്കയും ചേര്‍ന്ന് ത്രിശൂലവും പിടിച്ചുനില്‍ക്കുന്ന ചിത്രം വ്യാപകമായി കര്‍ണാടകയില്‍ പ്രചരിപ്പിച്ചിരുന്നു. മതവൈരം വളര്‍ത്താനാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമാണ്. ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്ന ചൊല്ലുപോലെയാണ് കാര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ കളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: