കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മാസവും മുടങ്ങാതെ ജനങ്ങളുമായി സംവദിക്കുന്ന മന് കി ബാത്ത് എന്ന പരിപാടി നൂറ് എപ്പിസോഡ് പിന്നിട്ട് മറ്റൊരു ചരിത്രമായി മാറിയിരിക്കുന്നു. അതിനോടൊപ്പം ചരിത്രത്തിന്റെ ഭാഗമാകാന്‍ ഭാഗ്യം ലഭിച്ച മറ്റൊരാള്‍ കൂടിയുണ്ട്. കൊല്ലം ചവറ പുതുക്കാട് ചാങ്ങയില്‍ ഭാസ്കരന് പിള്ളയുടെയും മാധവിക്കുട്ടിയമ്മയുടെയും മൂന്ന് മക്കളില്‍ ഇളയവനായ ബി. ശ്രീകുമാര്‍.
നരേന്ദ്ര മോദിയുടെ സംവാദ പരിപാടി വിജയകരമായ നൂറ് എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ അതില്‍ എന്പതോളും ലക്കങ്ങള്‍ക്കും മോദിക്ക് ശബ്ദം നല്കി ദൂരദര്‍ശനിലൂടെ അവതരിപ്പിച്ചത് ശ്രീകുമാറാണ്. പ്രധാനമന്ത്രിയുടെ മന് കി ബാത്തിന്റെ നൂറാമത് എപിസോഡിന് രാജ്ഭവനില്‍ ഒരുക്കിയ പ്രത്യേക ചടങ്ങില്‍ വിശിഷ്ടാതിഥിയായി ശ്രീകുമാര്‍ പങ്കെടുത്തു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ചടങ്ങ് സംഘടിപ്പിച്ചത്.
2014 ഒക്ടോബര്‍ 3ന് തുടങ്ങിയ എന്റെ പ്രിയദേശവാസികളേ… എന്നു തുടങ്ങുന്ന പ്രധാനമന്ത്രിയുടെ മന് കി ബാത്ത് ആദ്യ ഇരുപത്തി അഞ്ച് എപ്പിസോഡുവരെ ഔദ്യോഗികമായി പരിഭാഷ ചെയ്തു നല്‍കിയത് ശ്രീകുമാര്‍ വായിക്കുകയായിരുന്നു. പിന്നീട് സ്റ്റുഡിയോയിലിരുന്നുതന്നെ സ്പോട്ട് റീഡിങ് ചെയ്ത് സംപ്രേഷണം ചെയ്യാന്‍ തുടങ്ങി. ദൂരദര്‍ശനും ആകാശവാണിയും രണ്ടും രണ്ടായാണ് പരിഭാഷ നടത്തി സംപ്രേഷണം ചെയ്തത്. പിന്നീടാണ് പൊതുവായിട്ട് ഒരു ശബ്ദം മതിയെന്ന് തീരുമാനിച്ച് ദൂരദര്‍ശനിലെ പരിഭാഷ മതിയാക്കി ആകാശവാണിയുടെ പരിഭാഷ സംപ്രേഷണം ചെയ്യുന്നത്. ദൂരദര്‍ശനില്‍ പരിഭാഷപ്പെടുത്തിയിരുന്നത് സ്പോട്ട് എഡിറ്റായിട്ടായിരുന്നു. 11 മണിക്ക് ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ മന് കി ബാത്ത് 11.30ന് കഴിയുമ്പോള്‍ ദൂരദര്ശന് സ്റ്റുഡിയോയില്‍ പ്രധാനമന്ത്രിയുടെ സന്ദേശം അതേ ഭാവത്തില്‍ പരിഭാഷപ്പെടുത്തി സംപ്രേഷണം ചെയ്യും. പ്രധാനമന്ത്രി എപ്പോഴാണോ നിര്‍ത്തുന്നത് അപ്പോള്‍ നിര്‍ത്തും. ശരിക്കും ഡബ്ബിങ് പോലെ തന്നെയാണ്. മന് കി ബാത്തിനിടക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തരായവരുമായി പ്രധാനമന്ത്രി ഫോണിലൂടെ സംസാരിക്കും. അപ്പോള്‍ പ്രധാനമന്ത്രിയുടെ ഭാഷയിലും സംസാരിക്കണം, ഫോണില്‍ പ്രധാനമന്ത്രിയോട് സംസാരിക്കുന്നവരുടെ ഭാഷയിലും സംസാരിക്കണം. ഇതെല്ലാം ഒരാള്‍ തന്നെയാണ് ചെയ്യുന്നത്. മന് കീ ബാത്ത് ഒരു റേഡിയോ പരിപാടിയാണെങ്കിലും അത് ജനകീയമാക്കുന്നതില്‍ ദൂരദര്ശന് വഹിച്ച പങ്ക് വലുതാണ്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കൊപ്പം ചിത്രീകരണവും കൂടി ആയപ്പോള്‍ ജനം അതേറ്റടുത്തു. കൊല്ലത്തെ അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മയെ അങ്ങനെയാണ് ജനം അറിഞ്ഞതും നാരീ ശക്തി പുരസ്കാരം കിട്ടാനിടയായതും. ആ വാര്‍ത്ത ചെയ്തത് ശ്രീകുമാറാണ്.
നൂറാമത് എപ്പിസോഡ് ആകുന്ന സമയത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിശിഷ്ട അതിഥിയായി രാജ്ഭവനിലേക്ക് പോകാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായിട്ടാണ് ശ്രീകുമാര്‍ കരുതുന്നത്. പുതുക്കാട് എല്പിഎസ്സില് തുടങ്ങി കൊറ്റന്‍കുളങ്ങര എച്ച്.എസ്, കൊല്ലം ഫാത്തിമ കോളജ്, ശങ്കരമംഗലം ഗവ. കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം. 2009 ലാണ് ശ്രീകുമാര്‍ ദൂരദര്‍ശനില്‍ എം. പാനല്‍ വാര്‍ത്ത വായനക്കാരനായി എത്തുന്നത്. പിന്നീട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യാനും തുടങ്ങി. എസ്ബിഐ ജീവനക്കാരനായ ശ്രീകുമാറിന്റെ മാധ്യമ പ്രവര്‍ത്തനത്തിന് കുടുംബത്തിന്റെയും ബാങ്ക് സഹപ്രവര്‍ത്തകരുടെയും മേലധികാരികളുടെയും നിസീമമായ സഹകരണമാണ് ലഭിക്കുന്നത്. പ്രസാര്‍ ഭാരതി അവാര്‍ഡ്, പ്രസിഡന്റസ് ട്രോഫി ദൃശ്യമാധ്യമ പുരസ്കാരം തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി അധ്യാപിക അനു മോഹന്‍ ആണ് ഭാര്യ.
തിരുവനന്തപുരം ചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനി ഹൃദ്യാശ്രീകുമാറും കൊല്ലം ലേക്ക് ഫോര്‍ഡ് സ്ക്കൂള് എട്ടാം ക്ലാസ് വിദ്യാര്‍ഥി ഋഷികേശും മക്കളാണ്. പ്രധാനമന്ത്രിയുടെ ശബ്ദത്തിന് മലയാള പരിഭാഷ നല്‍കിയെങ്കിലും അദ്ദേഹത്തെ അടുത്തു കാണാന്‍ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയെ നേരില്‍ കാണണമെന്നാണ് ശ്രീകുമാറിന്റെ സ്വപ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: