തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇലഞ്ഞിത്തറ മേളം കേള്‍ക്കാന്‍ ഇക്കുറി പതിനായിരങ്ങള്‍. മേളപ്രമാണിയായ കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തില്‍ അണിനിരന്ന 250ലധികം കലാകാരന്മാര് പാണ്ടിമേളത്തിലൂടെ അക്ഷരാര്‍ത്ഥത്തില്‍ മേളക്കമ്പക്കാരുടെ ഹൃദയം കവര്‍ന്നു.
ഇടംതല-വലംതല ചെണ്ടയ്ക്കൊപ്പം കൊമ്പും കുറുകുഴലും ഇലത്താളവുമായി മേളവുമായി മണിക്കൂറുകളോളം കൊഴുത്ത മേളം അവസാനിച്ചതോടെ വര്‍ണാഭമായ തെക്കോട്ടിറക്കവും കുടമാറ്റവും ആരംഭിച്ചു. പാറമേക്കാവിലമ്മയുമായി ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുമായി ചന്ദ്രശേഖരനും തെക്കെ ഗോപുരനടയിലൂടെ എഴുന്നള്ളി. ഈ ഗജവീരന്മാര്ക്ക് പിന്നാലെ എഴുന്നെള്ളിപ്പിനുള്ള മറ്റ് ആനകളും തെക്കെ ഗോപുരനടയിലേക്ക് ഇറങ്ങി. തെക്കോട്ടിറക്കം പൂര്‍ത്തിയാക്കി ഗജവീരന്മാര് ഇരുവിഭാഗത്തിലായി അണിനിരന്നതോടെ കുടമാറ്റം തുടങ്ങി. ആനപ്പുറത്ത് പല വര്‍ണ്ണങ്ങളിലുള്ള കൂടുകള്‍ മാറി മാറി ഉയര്‍ന്നതോടെ ആര്‍പ്പുവിളികള്‍, ആരവങ്ങള്‍.
പൂരദിവസം അതിരാവിലെ മൂന്ന് വര്‍ഷത്തിന് ശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നൈതലക്കാവിലമ്മയുടെ തിടമ്പേറ്റിയത് പൂരപ്രേമികളെ അത്യാവേശത്തിലാക്കി. രാമനെ കാണാന്‍ വഴിയില്‍ ഉടനീളെ ആള്‍ക്കൂട്ടം തിങ്ങിനിറഞ്ഞു. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെ തൃശൂര്‍ പുരത്തിന് ആരംഭം കുറിച്ചു. പിന്നാലെ ഘടകപൂരങ്ങളും വന്നുതുടങ്ങി.
മഠത്തില്‍ വരവ് പഞ്ചാവാദ്യത്തിന് ശേഷം പാറമേക്കാവ് ക്ഷേത്രത്തിന് മുന്പില് ചെമ്പട താളം അരങ്ങേറി. തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് വടക്കേമഠത്തിലെ ഇറക്കിപൂജ കഴിഞ്ഞു കയറിവരുന്ന വരവാണ് മഠത്തില്‍ വരവ്. പഞ്ചാവാദ്യത്തിന് ഇക്കുറി കോങ്ങാട് മധുവായിരുന്നു അമരത്ത്.
രാത്രി 10.30ന് പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പ മാരാര്‍ പ്രമാണിയാകും. ഏറെ വൈകാതെ തന്നെ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വെടിക്കെട്ട് നടക്കും. ആദ്യം തിരുവമ്പാടിയും തുടര്‍ന്ന് പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തും. പകല്‍പ്പൂരത്തിന് ശേഷം ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് സമാപ്തിയാകും.
അടിമുടി ആനച്ചന്തമാണ് തൃശൂര്‍ പൂരം. തേക്കിന്‍കാട് മൈതാനത്ത് തിങ്ങിക്കൂടിയ ജനങ്ങള്‍ക്ക് മുന്പില് തല ഉയര്‍ത്തി കൊമ്പന്മാര് നില്ക്കും. ഗജവീരന് തെച്ചിക്കൊട്ട് രാമചന്ദ്രന് തിടമ്പേറ്റുന്നു എന്നതും പൂരപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: