തിരുവനന്തപുരം : മതമൗലികവാദത്തേക്കാള്‍ അപകടകരമാണ് വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഈ ഇരട്ടത്താപ്പ്. കക്കുകളി എന്ന നാടകത്തില്‍ ക്രൈസ്തവ വിശ്വാസികളെ അവഹേളിച്ചപ്പോഴും നിങ്ങള്‍ക്കത് ആവിഷ്കാര സ്വാതന്ത്ര്യമായിരുന്നു. എന്നാല്‍ ഭീകരവാദത്തേയും ലൗജിഹാദിനെയും കുറിച്ച് സംസാരിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കളത്തില്‍ ഉള്‍പ്പെടുത്തി ന്യായീകരിക്കാനാവില്ലെന്നാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് പറയുന്നത്. സിപിഎമ്മിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലെ ഈ ഇരട്ടത്താപ്പിന് കാരണം ഭീകരവാദത്തെ തുറന്നു കാണിക്കുന്നതൊന്നും കേരളത്തില്‍ വേണ്ടെന്ന നിലപാട് കാരണമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിമര്‍ശനം.
നിങ്ങളുടെ സെലക്ടീവ് മതേതരത്വവും സെലക്ടീവ് ആവിഷ്കാര സ്വാതന്ത്ര്യവും ഈ നാട്ടിലെ ജനങ്ങള്‍ക്ക് കൃത്യമായി മനസിലാവുന്നുണ്ട്. മതമൗലികവാദത്തേക്കാള്‍ അപകടകരമാണ് വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഈ ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി മനസിലാക്കണം. മീശ നോവലിന്റെ കാര്യത്തിലും എംഎഫ് ഹുസൈന്റെ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന്റെ കാര്യത്തിലും നിങ്ങള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഘോരഘോരം വാദിച്ചു.
എന്നാല്‍ ജോസഫ് മാഷിന്റെ ചോദ്യപേപ്പറിലും കിത്താബ് നാടകത്തിലും കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലും ആവിഷ്കാര സ്വാതന്ത്ര്യം നിങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല. ജോസഫ് മാഷിനെ കയ്യാമം വെച്ച് നടത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയായിരുന്നു. ഭീകരവാദികള്‍ക്ക് അടിമപ്പണി ചെയ്യുന്ന നിങ്ങളില്‍ നിന്നും കേരളത്തിലെ ജനങ്ങള്‍ നിഷ്പക്ഷത എന്നത് പ്രതീക്ഷിക്കുന്നുമില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: