മോഹന്‍ലാല്‍
മന് കീ ബാത്ത് എന്ന പ്രധാനമന്ത്രിയുടെ ഹൃദയത്തില്‍ നിന്നുള്ള സംവേദനം നൂറാം ഭാഗത്തിലേക്ക് എത്തിയിരിക്കുകയാണ്.2014 ഒക്ടോബര്‍ 3 ന് ആരംഭിച്ച മന് കീ ബാത്ത് ഇതിനോടകം വിവിധമേഖലകളിലുള്ളഒട്ടനവധി വിശിഷ്ടവ്യക്തിത്വങ്ങളെ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തി. അവരുടെ നിസ്വാര്‍ഥമായ സേവനങ്ങളും സഹജീവികളോടുള്ള സ്നേഹവും കരുതലും നമ്മുടെ ജീവിതത്തിന് പുതിയ വെളിച്ചമേകിക്കൊണ്ടിരിക്കുന്നു.
രാഷ്ടീയത്തിനതീതമായി ഒരു രാജ്യത്തെ പ്രധാനമന്ത്രി ജനങ്ങളോട് കല, സംസ്കാരം, കായികം, ആഘോഷങ്ങള്‍, സ്ത്രീശാക്തീകരണം, പരീക്ഷ, പ്രകൃതിസംരക്ഷണം തുടങ്ങി സമസ്തമേഖലകളെയും സ്പര്‍ശിച്ച് അവയുമായി ബന്ധപ്പെട്ട ഒട്ടനവധി ആളുകളെ അദ്ദേഹം നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
മന് കി ബാത് എന്ന വേദി സമൂഹത്തിന്റെ നാനാ തുറകളിലുള്ള മനുഷ്യരെ ലോകത്തിന്റെ മുന്നില്‍ പരിചയപ്പെടുത്തുന്നതിനു കാരണമായിട്ടുണ്ട്. അതില്‍ കേരളത്തിന്റെ സംഭാവനകളാണ് വന്നു പോയ എത്രയോ മനുഷ്യര്‍. അവരുടെ പ്രചോദനം നല്കുന്ന കഥകള്‍ ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യപ്പെട്ടത് പ്രധാനമന്ത്രിയുടെ ശബ്ദത്തിലൂടെ ആയിരുന്നു എന്നത് നമുക്കും അഭിമാനിക്കാവുന്ന കാര്യമാണ്.
ഒരു ഭാഗത്തില്‍ അദ്ദേഹം വിവരിച്ചത് ശബരിമലയിലെ ശുദ്ധീകരണ പ്രവര്‍ത്തങ്ങങ്ങളെ കുറിച്ചായിരുന്നു. അത് എങ്ങനെ ആരാധന തന്നെയാകുന്നു എന്ന്. മറ്റൊരു തവണ ഭാഗികമായി തളര്‍ച്ച ബാധിച്ച രാജപ്പന് സാഹിബ് വേമ്പനാട് കായലില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കുന്നതിനെ കുറിച്ചും. അത് പോലെ ആദിവാസി മേഖലയിലെ കുഞ്ഞുങ്ങള്‍ക്ക് അറിവ് പകര്‍ന്നു നല്കുന്ന ഇടുക്കിയിലെ അക്ഷര ഗ്രന്ഥശാലയെ കുറിച്ച്. മന് കി ബാത്തിലൂടെ കേരളത്തിന്റെ തനതായ ആയുര്‍വേദ ചികിത്സയ്ക്ക് പ്രധാനമന്ത്രി നല്കിയ സംഭാവന ചെറുതല്ല. കെനിയന്‍ പ്രധാനമന്ത്രിയുടെ മകളുടെ നഷ്ടമായ കാഴ്ച കേരളത്തിലെ ആയുര്‍വേദ ചികിത്സയിലൂടെ തിരികെ ലഭിച്ച വിവരം പ്രധാനമന്ത്രിയിലൂടെ ലോകം അറിഞ്ഞപ്പോള്‍ മലയാളി എന്ന നിലയില്‍ നമ്മള് അഭിമാനം കൊണ്ട് തല ഉയര്‍ത്തി നിന്നു.
അത് പോലെ ഭാരതമാതാവിന്റെ ചിത്രം വിരല്‍ പതിപ്പിച്ചു വരച്ചു പ്രധാനമന്ത്രിയ്ക്ക് അയച്ച സെയിന്റ് മേരി യൂ പി സ്കൂളിലെ പെണ്‍കുട്ടികളെ കുറിച്ച്, അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച അവയവ ദാനം എന്ന മഹത്തായ ആശയത്തെ കുറിച്ച് ഒക്കെ ലോകം ചര്‍ച്ച ചെയ്തത് മന് കി ബാത്തിലൂടെ ആയിരുന്നു.
പിന്നെയും എത്രയോ മലയാളികള്‍. ഇടമലക്കുടി എന്ന കൊച്ചു ആദിവാസി ഗ്രാമത്തെ വെളിമ്പ്രദേശത്തെ മലവിസര്‍ജനത്തില്‍ നിന്നും മുക്തമാക്കാന്‍ ആ നാട്ടുകാര്‍ കാണിച്ച പരിശ്രമങ്ങളെ കുറിച്ച്, മണ്്കുടങ്ങളില് വെള്ളം നിറച്ചു വേനല്‍ കാലത്തു പക്ഷികളുടെയും മൃഗങ്ങളുടെയും ദാഹം ശമിപ്പിച്ച മുപ്പട്ടം ശ്രീ നാരായണനെകുറിച്ച്, പഴയ തുണികളില്‍ നിന്നും കളിപ്പാട്ടങ്ങളും മറ്റും നിര്‍മ്മിച്ച സെയിന്റ് തെരേസ കോളേജിലെ വിദ്യാര്‍ത്ഥികളെ കുറിച്ച്, ചെറുപ്പത്തിലേ കഷ്ടപ്പാട് മൂലം മുടങ്ങി പോയ വിദ്യാഭ്യാസംനൂറ്റിയഞ്ചാം വയസ്സില്‍ പുനരാരംഭിച്ച കൊല്ലംസ്വദേശിനി ആയ ഭാഗീരഥി അമ്മയെ കുറിച്ച്. കുട്ടംപേരൂര്‍ നദിയെ പുനരുജ്ജീവിപ്പിക്കാന്‍ തൊഴിലുറപ്പു തൊഴിലാളികള്‍ നടത്തിയ എഴുപതു ദിവസം നീണ്ട കഠിന യജ്ഞത്തെ കുറിച്ച്, ലക്ഷ്മിക്കുട്ടി അമ്മയുടെ പച്ചില മരുന്നുകളെ കുറിച്ചുള്ള അപാരമായ ജ്ഞാനത്തെ കുറിച്ച്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് വായനയെ പ്രോത്സാഹിപ്പിക്കാന്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ച്.
അങ്ങനെ കേരളത്തില്‍ മാത്രം അറിയപ്പെട്ടിരുന്ന അല്ലെങ്കില്‍ അതാത് പ്രദേശങ്ങളില്‍ മാത്രം അറിയപ്പെട്ടിരുന്ന എത്രയോ പേരാണ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയിലേക്ക് ഒരു ദിവസം കൊണ്ട് നടന്നു കയറിയത്.
ഇനിയും ഇത് പോലെ ഒരുപാട് ജീവിതങ്ങളില്‍ വെളിച്ചമേകി, പ്രചോദനമേകി അനേകം ഭാഗങ്ങളുമായി മന് കി ബാത്തിന് മുന്നോട്ട് പോകാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു. നമ്മളെ വിസ്മയിപ്പിക്കുന്ന ചെറിയ മനുഷ്യരുടെ വലിയപ്രവര്ത്തനങ്ങള് ലോകം ഇതിലൂടെ ഇനിയും ചര്‍ച്ച ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ജയ് ഹിന്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: