നിള രാമസ്വാമി
മധ്യതിരുവിതാംകൂറിലെ പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വിവിധ സ്ഥലങ്ങളിലായി അവതരിപ്പിച്ചു വരുന്ന നാടക സ്വഭാവമുളള അനുഷ്ഠാന കലയാണ് പടയണി. കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിലും കാവുകളിലും പടേനി എന്ന പടയണി കെട്ടിയാടുന്നു. തെയ്യങ്ങളോടു സാമ്യമുള്ള ഈ കലാരൂപം വിളവെടുപ്പിനോടനുബന്ധിച്ചാണ് നടത്തിവരുന്നത്.
കവുങ്ങില്‍ പാളകളില്‍ നിര്‍മ്മിച്ച വലുതും ചെറുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ മേളത്തോടെ തീച്ചൂട്ടുകളുടെയും പന്തങ്ങളുടെയും വെളിച്ചത്തില്‍ തുള്ളിയുറയുന്നതാണിതിന്റെ അവതരണരീതി. പടയണി നൃത്തങ്ങള്‍ക്ക് പൊതുവെ ‘കലായം’ എന്നാണ് പറയുക.
കോലങ്ങളെഴുതാന് പച്ച, വെളുപ്പ്, കറുപ്പ്, ചുവപ്പ്, മഞ്ഞ തുടങ്ങിയ പഞ്ചവര്‍ണ്ണങ്ങള്‍ ഉപയോഗിക്കുന്നു. കവുങ്ങില്‍ പാളയുടെ പച്ച, പച്ചപ്പാള ശ്രദ്ധയോടെ ചെത്തിമിനുക്കിയെടുത്ത വെളുപ്പ്, പച്ചമാവില വെയിലത്തു വാട്ടി വെണ്ണപോലെ അരച്ചെടുത്ത കറുപ്പ്, ചെങ്കല്ല് അരച്ചെടുത്ത ചുവപ്പ്, മഞ്ഞള്‍ അരച്ചെടുത്ത മഞ്ഞ എന്നിങ്ങനെ നിറങ്ങളും പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന പരമ്പരാഗത വസ്തുക്കളുമാണ് പടയണിയില്‍ ഉപയോഗിക്കുന്നത്.
ദാരിക നിഗ്രഹത്തിനു ശേഷം കലി ശമിക്കാതിരുന്ന കാളിയെ ശാന്ത സ്വരൂപയാക്കുന്നതിനായി പരമശിവന്റെ ഉപദേശ പ്രകാരം സുബ്രഹ്മണ്യന് പച്ചപ്പാളയില്‍ പക്ഷികളുടെയും, മാടന്റെയും യക്ഷിയുടെയും ചിത്രങ്ങള്‍ വരയ്ക്കുകയും ഭൂതഗണങ്ങള്‍ വാദ്യമേളങ്ങളോടെ ഹാസ്യ സംവാദം നടത്തുകയും ചെയ്തതു കണ്ട് കാളിയുടെ കോപമടങ്ങിയെന്നും, നാശത്തിന്റെ ഭീതി മാറി സമൂഹത്തില്‍ നന്മയുടെ പ്രകാശം പരന്നു എന്നുമാണ് ഐതീഹ്യം. ക്രമേണ നന്മയാഗ്രഹിച്ച നാട്ടുക്കൂട്ടങ്ങള്‍ പച്ചത്തപ്പുകൊട്ടി ദേവിയെ വിളിച്ചിറക്കി കോലം കെട്ടി നൃത്തമാടി എന്നതാണ് ചരിത്രം.
തികച്ചും ഗോത്ര -ദ്രാവിഡ സംസ്കാരങ്ങളുടെ സമന്വയമായ കോലങ്ങള്‍ കാവുകളിലാണ് നടന്നുവരുന്നത്. കാവുകള്‍ ക്ഷേത്രങ്ങളായതോടുകൂടി പടയണിയും ക്ഷേത്രങ്ങളിലേക്കാനയിക്കപ്പെട്ടു. ദേശഭേദങ്ങള്‍ക്കനുസരിച്ച് നാട്ടറിവുകള്‍, ശൈലികള്‍ എന്നിവയിലെല്ലാം വ്യത്യാസങ്ങളുണ്ടെങ്കിലും വേഷങ്ങളിലോ കെട്ടിയാടലുകളിലോ വ്യത്യാസമില്ലാതെ പഴയ തനിമയോടുതന്നെ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ പടയണി കൊണ്ടാടുന്നു.
പത്തനംതിട്ട ജില്ലയിലെ പടയണി ഗ്രാമമാണ് കടമ്മനിട്ട. ധനുമാസമാകുന്നതോടെ പമ്പയാറിന്റെയും മണിമലയാറിന്റെയും തീരങ്ങളില്‍ തപ്പുകൊട്ടിന്റെ താളം ഉയരുകയായി. അന്തിമയങ്ങിയാല്‍ ചൂട്ടുകറ്റകളുടെ വെളിച്ചത്തില്‍ വ്രതനിഷ്ഠ കാത്ത പഞ്ചവര്ണ്ണക്കോലങ്ങള് നിറഞ്ഞാടുകയായി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആടിത്തിമിര്‍ത്ത് മേടം പത്തിന് – പത്താമുദയത്തിന് – ഒരു വര്‍ഷത്തെ പടയണിക്കാലത്തിന് തിരശ്ശീല വീഴും. പടയണിയെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര ചരിത്രമുണ്ട്. ചിത്രകല, നൃത്തം, സംഗീതം, മേളം തുടങ്ങി 64 കലകളുടെയും 64 ജാതിഭേദങ്ങളുടെയും സമഞ്ജസ സമ്മേളനമായ പടയണി, കേന്ദ്ര ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കടമ്മനിട്ട പടയണി ഗ്രാമം ഉള്ള കാലത്തോളം അന്യം നിന്ന് പോകില്ല. അതിനായി പ്രായഭേദമെന്യേ തങ്ങളുടെ ജീവിതം ഉഴിഞ്ഞു വച്ച കലാകാരന്മാര്ക്ക് ആയുരാരോഗ്യം നല്കാന് നമുക്കു പ്രാര്‍ത്ഥിക്കാം. പടയണി നമ്മുടേതാണ്. നമ്മുടെ മണ്ണിന്റെ കലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: