കൊല്ലം: ലൗ ജിഹാദ് തുറന്നു കാട്ടുന്ന കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനത്തിനെതിരെ കേരളത്തില്‍ എതിര്പ്പുയര്ത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ന്യായീകരിച്ച് ഉത്തരംമുട്ടി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൊല്ലത്ത് മന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിബിസി ഇറക്കിയ വ്യാജ ഡോക്യുമെന്ററി, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നാടെങ്ങും പ്രദര്‍ശിപ്പിച്ച മന്ത്രി ഉള്‍പ്പെടെയുള്ള ഇടതുപക്ഷം എന്തിനാണ് ഒരു സിനിമയുടെ പ്രദര്‍ശനം തടയുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട തുടര്‍ ചോദ്യങ്ങളുമാണ് മന്ത്രിയുടെ ഉത്തരം മുട്ടിച്ചത്.
ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ മന്ത്രിക്ക് ഉത്തരമില്ലാതായി. വെട്ടിലാകുമെന്ന് മനസ്സിലായതോടെ കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട ഒരു ചോദ്യങ്ങളും ആരും ചോദിക്കേണ്ടതില്ലെന്നും താന്‍ മറുപടി പറയില്ലെന്നും മന്ത്രി പറഞ്ഞു. ഒപ്പമുണ്ടായിരുന്ന എം.മുകേഷ് എംഎല്‍എയും സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മറുപടി പറയില്ലെന്ന് വ്യക്തമാക്കി.
കേരള സ്റ്റോറി പ്രദര്‍ശനത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന സാംസ്കാരിക വകുപ്പ്, കന്യാസ്ത്രികളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന കക്കുകളി എന്ന നാടകത്തിന്റെ പ്രദര്‍ശനം എന്തുകൊണ്ട് തടഞ്ഞില്ലെന്ന് വാര്‍ത്താ സമ്മേളനത്തിന്റെ ആദ്യം ചോദ്യം ഉയര്‍ന്നിരുന്നു.
നാടകം താന്‍ കണ്ടില്ലെന്നും, നാടകത്തില്‍ കന്യാസ്ത്രീകളെ അവഹേളിക്കുന്നത് ഒന്നുമില്ലെന്നാണ് തനിക്ക് ലഭിച്ചിരിക്കുന്ന വിവരമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാന സര്‍ക്കാരിന്റെ ഡ്രാമഫെസ്റ്റില് ഉള്‍പ്പെടുത്തിയ നാടകമാണ് കക്കുകളി. നാടകത്തിനെതിരെ കെസിബിസി രംഗത്ത് എത്തിയിരുന്നു.
കേരളത്തില്‍ നിന്ന് ഒരാളെപോലും ഭീകര സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. എന്നാല്‍, സിറിയയില്‍ നാലു യുവതികള്‍ ജയിലില്‍ കഴിയുന്നതും നിരവധി മലയാളികളുടെ സാന്നിധ്യം തീവ്രവാദസംഘടനകളില്‍ ഉള്ളതായുമുള്ള റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചും ചോദിച്ചപ്പോള്‍ ആദ്യ പറഞ്ഞത് തിരുത്തി, മുസ്ലീം സമുദായത്തിലെ ഒരു ശതമാനം തീവ്രവാദത്തില്‍ ആകൃഷ്ടരായിട്ടുണ്ടാകാം എന്നും മന്ത്രി പറഞ്ഞു.
ഇരുപതു വര്‍ഷം കഴിയുമ്പോള്‍ കേരളം മുസ്ലീം ഭൂരിപക്ഷമാകുമെന്ന വി.എസ്. അച്യൂതാനന്ദന്റെ മുന്‍ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന്, അന്നത്തെ സാഹചര്യത്തില്‍ പറഞ്ഞതാകാമെന്നും, ഇപ്പോള്‍ ആ സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. അച്യൂതാനന്ദനെ തള്ളിപ്പറയുമോ എന്ന ചോദ്യത്തില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി.
അടുത്ത കാലത്തായി ചിലര്‍ ക്രൈസ്തവ മതനേതാക്കളെ കാണാന്‍ പോകുന്നത് മതവിദ്വേഷം വളര്‍ത്തുന്നതിനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനു ശേഷമായിരുന്നു ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: