ന്യൂദല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ഇംഗ്ലീഷ് ദിനപത്രത്തില്‍ ലേഖനമെഴുതിയ സിപിഎം എംപി ജോണ്‍ ബ്രിട്ടാസിന് രാജ്യസഭാ സെക്രട്ടേറിയറ്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. രാജ്യദ്രോഹപരം എന്നാണ് രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ ലേഖനത്തെ വിശേഷിപ്പിച്ചത്.
എംപിയെ വിളിച്ചുവരുത്തി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. കേരളത്തെക്കുറിച്ച് അമിത്ഷാ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് ഫെബ്രുവരി 20ന് ബ്രിട്ടാസെഴുതിയ’പ്രചാരണത്തിന്റെ അപകടങ്ങള്‍’ എന്ന ലേഖനത്തിനെതിരെ കേരള ബിജെപി ജനറല്‍ സെക്രട്ടറി പി സുധീറാണ് പരാതി നല്‍കിയത്.
ബ്രിട്ടാസിന്റെ ലേഖനം ഭിന്നതയുണ്ടാക്കുന്നതും ധ്രുവീകരണമുണ്ടാക്കുന്നതുമാണെന്നാണ് സുധീര്‍ പരാതി നല്‍കിയത്. രാജ്യദ്രോഹപരവും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതുമായ ലേഖനങ്ങള്‍ തടയുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
അതേസമയം സൗഹാര്‍ദ്ദപരമായ ചര്‍ച്ചയായിരുന്നു രാജ്യസഭാധ്യക്ഷനുമായി നടന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു. തന്റെ നിലപാട് വിശദീകരിക്കാന്‍ അവസരം ലഭിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.ഒരാളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ,മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് ബ്രിട്ടാസ് പറഞ്ഞു.
സഭാംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ അധ്യക്ഷന്‍ മൗലികാവകാശങ്ങളെക്കുറിച്ച് നല്ല അറിവുള്ള ആളാണെന്നും തന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ജഗ്ദീപ് ധന്‍കറിന്റെ ഓഫീസ് വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: