ന്യൂദല്‍ഹി: ഡോളറിനെതിരെ 2023ല്‍ ഇതുവരെയും വിജയകരമായി പൊരുതി നില്‍ക്കുകയാണ് രൂപ. ഏഷ്യയിലെ ജപ്പാന്, സിംഗപ്പൂര്‍, ഹോങ്കോങ്, ഇന്തോനേഷ്യ എന്നീ കറന്‍സികള്‍ എടുത്താല്‍ രൂപ മാത്രമാണ് ഡോളറിനെതിരെ മൂല്യം ഉയര്‍ന്ന കറന്‍സി.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഒരു ഡോളറിന് 81.79 രൂപയാണ്. 2023ല്‍ രൂപ ഡോളറിനെതിരെ 0.4 ശതമാനം ഉയര്‍ന്നിരിക്കുന്നുവെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 എന്ന വര്‍ഷം ആരംഭിച്ചതിന് ശേഷം 82 രൂപയിലേക്ക് വീണുപോകാതെ സുസ്ഥിരമായി രൂപ അതിന്റെ മൂല്യം കാത്ത് സൂക്ഷിക്കുകയാണ്.
ഇന്ധനവില 80ഡോളറില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നതാണ് രൂപയ്ക്ക് ഏറെ സഹായകരമാവുന്നത്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളായ ഇന്തോനേഷ്യയുടെ റുപയ, ഹോങ്കോങ് ഡോളര്‍, സിംഗപ്പൂര്‍ ഡോളര്‍, ജപ്പാനിലെ യെന്‍ എന്നീ കറന്‍സികള്‍ക്ക് ഡോളറിനെതിരെ മൂല്യം തകര്‍ന്നു. ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ രൂപയല്ലാതെ മൂല്യം ഉയര്‍ന്ന ഏക കറന്‍സി തായ് ലാന്റിലെ ബാത് മാത്രമാണ് .
ഡോളറിന്റെ മൂല്യം തകരുന്നതിനാലും അമേരിക്കയിലെ ബാങ്ക് പ്രതിസന്ധിയെക്കുറിച്ച് ആശങ്കയുള്ളതിനാലും വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യയിലെ ഓഹരി വിപണിയില്‍ വന്‍തോതില്‍ പണമിറക്കുകയാണ്. ഇത് രൂപയുടെ കരുത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
അതുപോലെ 2023 തുടക്കം മുതല്‍ ഇന്ത്യയുടെ വ്യാപാരകമ്മി (ചരക്കും സേവനങ്ങളും ഒന്നിച്ചെടുക്കുമ്പോള്‍) 1200 കോടി ഡോളറില്‍ നിന്നും 400 കോടി ഡോളറായി കുറഞ്ഞിട്ടുണ്ട്. റിപ്പോ നിരക്ക് റിസര്‍വ്വ് ബാങ്ക് വര്‍ധിപ്പിച്ചതും രൂപയെ സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: