ന്യൂദല്‍ഹി: തീവ്രവാദം ഉന്മൂലനം ചെയ്യുന്നതിന് ഷാംഗായ് സഹകരണ സംഘടന(എസ് സി ഒ) അംഗരാജ്യങ്ങള്‍ കൂട്ടായി പ്രയത്‌നിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികമായും അല്ലാതെയും സഹായം നല്‍കുന്നവരോട് ഉത്തരവാദിത്തം കാട്ടണമെന്നും മന്ത്രി പറഞ്ഞു.
ന്യൂദല്‍ഹിയില്‍ എസ്‌സിഒ അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്‌നാഥ് സിംഗ്. തീവ്രവാദ പ്രവര്‍ത്തനങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും ഈ വിപത്തിനൊപ്പം സമാധാനം നിലനില്‍ക്കില്ലെന്നും സിംഗ് പറഞ്ഞു. ചര്‍ച്ചയ്‌ക്ക് ശേഷം മേഖലയെ സുരക്ഷിതവും സമാധാനപരവും സമൃദ്ധവുമാക്കാനുള്ള കൂട്ടായ ഇച്ഛാശക്തി പ്രകടിപ്പിക്കുന്ന രേഖയില്‍ എല്ലാ അംഗരാജ്യങ്ങളും ഒപ്പുവച്ചു.
തീവ്രവാദം, വിവിധ രാജ്യങ്ങളിലെ ദുര്‍ബല ജനവിഭാഗങ്ങളുടെ സുരക്ഷ, മാനുഷിക സഹായം, ദുരന്ത നിവാരണം തുടങ്ങി നിരവധി മേഖലകളില്‍ സഹകരിക്കാന്‍ എല്ലാ അംഗരാജ്യങ്ങളും സമവായത്തില്‍ എത്തിയതായി യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമന പറഞ്ഞു. തീവ്രവാദം അതിന്റെ എല്ലാ രൂപത്തിലും അപലപിക്കപ്പെടേണ്ടതും ഉന്മൂലനം ചെയ്യപ്പെടേണ്ടതുമാണെന്ന് എല്ലാ അംഗരാജ്യങ്ങളും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈന, റഷ്യ, ഇറാന്‍, ബെലാറസ്, കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: