ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി
നമ്മുടെ രാജ്യം മതാധിഷ്ഠിതമല്ലെങ്കിലും എല്ലാ മതങ്ങളും ഇവിടുണ്ട്. ഭാരതീയ മതങ്ങളുടെ ദൃഷ്ടിയില് വിവാഹമെന്നത് ദൈവികമായ ചടങ്ങാണ്. ക്രിസ്തു മതത്തെ സംബന്ധിച്ചാണെങ്കില്‍ അതൊരു കൂദാശയാണ്. അത്ര പവിത്രമായാണ് അവര്‍ വിവാഹത്തെ കാണുന്നത്. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു കരാറാണെങ്കില്കൂടി അതിനും ആചാരപരമായ ക്രമങ്ങളുണ്ട്. പുരുഷനും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലുമുള്ള വിവാഹം ഇന്ത്യയിലെ ഒരു മതവും അംഗീകരിക്കുന്നില്ല. വിവാഹം എന്നത് കേവലം രണ്ടുപേര്‍ ഒന്നിച്ചു ജീവിക്കുന്നതല്ല, ആ ജീവിതത്തിന്റെ പേര് ലിവിങ് ടുഗദര്‍ എന്നാണ്. വിവാഹമെന്നത് ഒരു കുടുംബത്തിന്റെ ആരംഭം കൂടിയാണ്.
പാര്‍ലമെന്റിന്റെ അധികാരം
ഇന്ത്യയിലെ ഓരോ മതത്തിനും പ്രത്യേകമായ വിവാഹ നിയമങ്ങള്‍ ഉണ്ട്. ഹിന്ദു മാര്യേജ് ആക്ട്, ക്രിസ്ത്യന്‍ മാര്യേജ് ആക്ട്, പാഴ്സി മാര്യേജ് ആക്ട്… എന്നിങ്ങനെ. മുസ്ലിങ്ങള്‍ക്കാണെങ്കില്‍ അവരുടെ മതം അനുശാസിക്കുന്ന പ്രത്യേകനിമയങ്ങളുണ്ട്. രണ്ട് മതവിഭാഗങ്ങളിലുള്ളവര്‍ തമ്മില്‍ കല്യാണം കഴിക്കാന്‍ സ്പെഷല്‍ മാര്യേജ് ആക്ട് ഉണ്ട്. ഇതില്‍ ഒരു ഗവ. രജിസ്ട്രാറുടെ മുന്നില്‍വച്ച് രണ്ടു പേരും സാക്ഷികളും ഒപ്പുവച്ച് വിവാഹം സാധുവാക്കുന്നു. സ്പെഷല്‍ മാര്യേജ് ആക്ട് ഉണ്ടാക്കിയതിനുശേഷം രണ്ടുപ്രാവശ്യം ഭേദഗതി വരുത്തി. 2001ലാണ് അവസാനം ഇതു ചെയ്തത്. പാര്‍ലമെന്റാണ് ഇതു ചെയ്യുന്നത്. നമ്മുടെ ഭരണഘടന ആരംഭിക്കുന്നത് ‘വി ദ് കോണ്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇന്ത്യ…’ എന്നു പറഞ്ഞാണ്. ജനങ്ങളുടെ പരമാധികാരമാണ് ഇതു കാണിക്കുന്നത്. അതുകൊണ്ട് പാര്‍ലമെന്റാണ് ഒരു ആക്ട് ഭേദഗതി ചെയ്യണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്. അതു പാര്‍ലമെന്റിന്റെ മാത്രമായ അവകാശമാണ്.
വിട്ടുപോയത് പൂരിപ്പിക്കാം
നിയമ നിര്‍മാണത്തിലും ഭേദഗതിയിലും കോടതികള്‍ക്ക് അവകാശമില്ല. ഇതിന്റെ പൂര്‍ണ ചുമതല പാര്‍ലമെന്റിനാണ്. നിയമങ്ങളിലും ഭേദഗതികളിലും വിട്ടുപോയ ഭാഗങ്ങളുണ്ടെങ്കില്‍ പൂരിപ്പിക്കാനുള്ള അവകാശം കോടതികള്‍ക്കുണ്ട്. അതു മാത്രമേ ഇക്കാര്യത്തില്‍ കോടതികള്‍ക്കു ചെയ്യാനുള്ളൂ. നിയമനിര്‍മാണത്തിനും ഭേദഗതിക്കുമുള്ള അവകാശം കോടതിക്കില്ല. ഭരണഘടനാ വിരുദ്ധമായ ഭേദഗതികള്‍ ഉണ്ടാക്കിയാല്‍ റദ്ദാക്കാനുള്ള അവകാശം പക്ഷേ, കോടതിക്കുണ്ട്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നിയമങ്ങളും ഭേദഗതികളും ഉണ്ടാക്കേണ്ടത്.
ചെയ്താല്‍ മഹാമോശം
ഇതെല്ലാം അറിയാവുന്ന മിടുക്കരായ ജഡ്ജിമാരാണ് നമ്മുടെ സുപ്രിം കോടതിയില്‍ ഉള്ളത്. ചില ചോദ്യങ്ങള്‍ അവര്‍ ചോദിക്കുന്നത് ഒരു വിഷയം സംബന്ധിച്ച കൂടുതല്‍ വീക്ഷണങ്ങള്‍ കിട്ടാനാണ്. സ്വവര്‍ഗവിവാഹം സുപ്രിം കോടതി അനുവദിക്കുമെന്നു ഞാന്‍ വിചാരിക്കുന്നില്ല. അങ്ങനെ ഉണ്ടായാല്‍ അതു മഹാമോശമാവും. അതു പാര്‍ലമെന്റിന്റെ അധികാരം കവര്ന്നെടുക്കലാവും.
സ്വവര്‍ഗാനുരാഗം ആദ്യം നമ്മുടെ രാജ്യത്തു കുറ്റമായിരുന്നു. പിന്നീടത് നിയമവിധേയമാക്കി. സ്വവര്‍ഗാനുരാഗികള്‍ക്ക് ഒന്നിച്ചു ജീവിക്കുന്നതിന് ഇന്ന് എല്ലാ പരിരക്ഷയുമുണ്ട്. പക്ഷേ, വിവാഹം എന്നത് ലിവിങ് ടുഗദര്‍ പോലെ ലളിതമായ കാര്യമല്ല. കുഞ്ഞുങ്ങള്‍ ഉണ്ടാവുക, കുടുംബമായി ജീവിക്കുക തുടങ്ങിയ ചില സാമൂഹിക ആവശ്യങ്ങളും ഇതിലൂടെ നിര്‍വഹിക്കാനുണ്ട്. അതൊന്നും സ്വവര്‍ഗ വിവാഹത്തില്‍ നിറവേറ്റപ്പെടുന്നില്ല.
സ്വത്തിന്റെ അവകാശവും ദത്തെടുക്കലും
സ്വവര്‍ഗാനുരാഗികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്ന തടസ്സം. കുട്ടികളെ ദത്തെടുക്കാന്‍ ഇവര്‍ക്ക് അവസരം നല്‍കണോ എന്നത് വിപുലമായി ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. ഇനി അതിനനുകൂലമായാണു തീരുമാനം എന്നിരിക്കട്ടെ, എങ്കില്‍ ദത്ത് നിയമത്തില്‍ അതിനുള്ള ഭേദഗതി വരുത്തിയാല്‍ മതിയല്ലോ. ആ ആവശ്യത്തിനായി വിവാഹം ചെയ്യേണ്ട കാര്യമില്ല.
ഇനി സ്വത്ത് സംബന്ധിച്ച അവകാശമാണു പ്രശ്നമെങ്കില്‍, അതിനും വിവാഹത്തിന്റെ ആവശ്യമില്ല. ഒരു കരാറോ വില്പത്രമോ രജിസ്റ്റര്‍ ചെയ്താല്‍ മതിയാവും. ഇവര്‍ക്ക് വേര്‍പിരിയാനുള്ള വ്യവസ്ഥകളും ഇവരുടെ ലിവിങ് ടുഗദര്‍ എഗ്രിമെന്റില്‍ ചേര്‍ത്താല്‍ മതിയാവും. രാജ്യത്തെ ഭരണഘടനയും സംസ്കാരവും പരിഗണിച്ച്, കോടതി ഇങ്ങനൊരു തീരുമാനം എടുക്കില്ല എന്നുതന്നെ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
(നാളെ മുന്‍ പിഎസ്സി ചെയര്‍മാനും മുന്‍ വിസിയുമായ ഡോ.കെ.എസ്.രാധാകൃഷ്ണന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: