പി.മോഹനന് പിള്ള
അഭീഷ്ടകാര്യസിദ്ധിക്കായി ആനനേര്‍ച്ച വഴിപാടായുള്ള ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രം. മകരത്തിലെ തിരുവോണ ദിവസമാണ് തിരുവുത്സവം. അന്ന് നൂറുക്കണക്കിനു ആനകളെ ഒന്നിച്ചു അണിനിരത്തി ഗജമേള നടത്തുന്നതും, തലേ ദിവസം തന്ത്രി മുഖ്യന്റെ കാര്‍മ്മികത്വത്തില്‍ ആനയൂട്ട് നടത്തുന്നതും ഇവിടെ മാത്രമാണ്. ഈ അപൂര്‍വ്വ കാഴ്ച മറ്റൊരിടത്തും കാണാനാകില്ല.
കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടുമിക്ക ആനകളെയും ഇവിടെ നേര്‍ച്ചയായി കൊണ്ടുവന്നട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങളില്‍ ഇതര ക്ഷേത്രങ്ങളില്‍ നിന്നും നരസിംഹസ്വാമി ക്ഷേത്രം വേറിട്ടു നില്ക്കുന്നു. 1500 വര്‍ഷത്തെ പഴക്കമുള്ളതായി പറയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ പണ്ട് സ്വര്‍ണ്ണ കൊടിമരം ഉണ്ടായിരുന്നതായി വിശ്വസിക്കുന്നു. ക്ഷേത്രമണ്ഡപത്തിലും ഗോപുരത്തിലും കരിങ്കല്ലില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലിഖിതങ്ങളിലെ പ്രാചീനമായ വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ ചിത്ര ലിപികള്‍ ക്ഷേത്രത്തിന്റെ പൗരാണികത്വം ദ്യോതിപ്പിക്കുന്നു. ശ്രീകോവിലിനു മുന്നിലുള്ള ദ്വാരപാലകരുടെ ദാരുശില്പം അനുപമ രൗദ്രഭംഗി നിറഞ്ഞതാണ്. ചേതോഹരമായ തിരുസ്വരൂപം അഞ്ജന ശിലയില്‍ കുടികൊള്ളുന്നുവെങ്കിലും ഗോളകമെന്ന സംവിധാനത്തിലൂടെ സംരക്ഷിക്കപ്പെടുന്നു.
ക്ഷേത്ര ഐതിഹ്യം ഇങ്ങനെ: വടക്കേ മലബാറില്‍ നിന്നും തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനു വന്ന ഒരു ബ്രാഹ്മണശ്രേഷ്ഠന് മുറജപം കഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങും വഴി വിശ്രമിക്കുന്നതിന് ശൂരനാട് വടക്ക് ആനയടി അറപ്പുര ഇല്ലത്ത് എത്തിച്ചേര്‍ന്നു. ഇല്ലത്ത് വേണ്ടുവോളം വിശ്രമിക്കുന്നതിനും അദ്ദേഹം കൈയ്യില്‍ കരുതിയ തേവാരമൂര്‍ത്തിക്ക് പൂജാദികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനും എല്ലാ സൗകര്യങ്ങളും ഇല്ലത്തെ തിരുമേനി ഒരുക്കി കൊടുത്തു. മൂന്നു ദിവസത്തെ പൂര്ണ്ണവിശ്രമത്തിനൊടുവില് യാത്ര തുടരാന്‍ തീരുമാനിച്ച ബ്രാഹ്മണന് തന്റെ തേവാരമൂര്ത്തിയെ കൈയ്യിലെടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. വിഗ്രഹം വെച്ച സ്ഥാനത്തു തന്നെ ഉറച്ച അവസ്ഥയിലായിരുന്നു. ഇതുവരെ അനുഭവപ്പെടാത്ത ഈ അത്ഭുതം മറുള്ളവരെ അറിയിച്ചു. ഇത് എന്റെ ഉപാസനാമൂര്‍ത്തിയായ നരഹരിയാണ്, ഹിരണ്യകശിപുവിനെ നിഗ്രഹിച്ച ശേഷം ശാന്തനായി ലക്ഷ്മീസമേതനായി ഇരിക്കുന്ന നരസിംഹമാണ്, അദ്ദേഹം ഇനി ഇവിടെ വസിക്കും. നരസിംഹത്തിനു ഉചിതമായ ക്ഷേത്രം നിര്‍മ്മിച്ച് ഞാന്‍ നിര്‍ദ്ദേശിക്കുന്ന പടിത്തര പ്രകാരം പൂജാദികര്‍മ്മങ്ങള്‍ ചെയ്യണമെന്നും ആജ്ഞാപിച്ച് ബ്രാഹ്മണല്‍ വടക്ക് ദിശയിലേക്ക് യാത്രയായി.
കിഴക്കോട്ടു ദര്‍ശനമായി ക്ഷേത്രം പണിതു. എല്ലാ പൗരാണിതകളോടുകൂടി സംരക്ഷിക്കപ്പെട്ടിരുന്ന ക്ഷേത്രത്തിന് സമ്പന്നമായ ഒരു ഭൂതകാലമുണ്ടായിരുന്നു. കാലാന്തരത്തില്‍ ഭഗവാന് ഉഗ്രമൂര്‍ത്തിയായി മാറുന്നതായി ദൈവജ്ഞന്മാരുടെ കണ്ടെത്തി. തുടര്‍ന്ന് നരസിംഹമൂര്‍ത്തിക്ക് അഭിമുഖമായി പുതിയിടത്ത് ശ്രീകൃഷ്ണ ഭഗവാനെ പ്രതിഷ്ഠിച്ചു. ഇതിനെത്തുടര്‍ന്ന് ദേശദേവനായ നരസിംഹമൂര്‍ത്തിക്ക് ശാന്തത കൈവന്നതായി ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. ഓരോ വര്‍ഷവും പത്തുനാള്‍ നീളുന്ന ഉത്സവത്തിനു ഭഗവാന്റെ തിടമ്പേറ്റുന്നത് കേരളത്തിലെ ഏറ്റവുമധികം തലയെടുപ്പുള്ള ഗജകേസരികളാണ്.
ദേവന്റെ ഇഷ്ട വഴിപാടായ ആനനേര്ച്ചക്ക് ഈ വര്‍ഷം ആയിരത്തോളം വിശ്വാസികള്‍ ആനയെ നേര്‍ച്ചയായി നടയ്ക്കിരുത്തി. ആനയടി ഗജമേളയ്ക്ക് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ എത്താറുണ്ട്. ഓരോ വര്‍ഷവും നേര്‍ച്ച ആനകളായി നൂറ്റി ഇരുപതോളം ആനകളെ എത്തിക്കാറുണ്ടെങ്കിലും ആന വിദഗ്ധരുടെ പരിശോധനക്കൊടുവില്‍ നൂറില്‍ താഴെ ആനകള്‍ക്കു മാത്രമെ ഗജമേളക്ക് അനുവാദം ലഭിക്കാറുള്ളു. കൊല്ലം ആലപ്പുഴ പത്തനംതിട്ട ജില്ലകളുടെ തെക്കന്‍ ഭാഗത്തെ സംഗമ സ്ഥലമായ ശൂരനാട് വടക്കുള്ള ആനയടി എന്ന ഗ്രാമപ്രദേശത്തായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കൊല്ലം തേനി ദേശീയപാത ഈ പ്രദേശം വഴിയാണു കടന്നു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: