ന്യൂദല്‍ഹി: റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട പരാതികളില്‍ റെസ്ലിങ് താരങ്ങള്‍ സമീപിക്കേണ്ടത് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്റെ അത്ലറ്റ്സ് കമ്മീഷനെയാണെന്ന് ഐഒഎ പ്രസിഡന്റ് പി.ടി ഉഷ എംപി. ബോക്സര്‍ എം.സി. മേരികോം അധ്യക്ഷയായ സമിതിയാണിത്. ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്തയാണ് ഉപാധ്യക്ഷന്‍, ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ പി.ടി ഉഷ വ്യക്തമാക്കി.
കായികതാരങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നത് കായിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അച്ചടക്ക ലംഘനമാണെന്നും പി.ടി. ഉഷ കൂട്ടിച്ചേര്‍ത്തു. കായിക താരങ്ങള്‍ ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാക്കുന്ന നടപടിയാണെന്ന് ഐഒഎ സിഇഇ കല്യാണ്‍ ചൗബേയും പറഞ്ഞു.
കായികതാരങ്ങള്‍ നല്‍കിയ ലൈംഗിക പരാതിയിന്മേല്‍ അന്വേഷണം തുടരുകയാണ്. ഏഴംഗ കമ്മിറ്റി സാക്ഷികളുടെ മൊഴികള്‍ എടുക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദൈനംദിന കാര്യങ്ങള്‍ക്കായി റിട്ട. ഹൈക്കോടതി ജഡ്ജി അടങ്ങുന്ന അഡ്ഹോക്ക് സമിതിയെ നിയമിച്ചിട്ടുണ്ട്. ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ ഒളിമ്പ്യന്‍ സുമ വനിതാ അംഗമായും സമിതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: