തിരുവനന്തപുരം : തനിക്ക് ശേഷം വന്ന ചീഫ് സെക്രട്ടറി ‘നരാധമന്‍’ എന്ന വിശേഷണത്തിന് അര്‍ഹനാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായര്‍. കാലടി സംസ്‌കൃത സര്‍വകലാശാല, വിളിഞ്ഞം തുറമുഖം, തിരുവനന്തപുരം വിമാനത്താവള വികസനം തുടങ്ങി താന്‍ ചീഫ് സെക്രട്ടറി ആയിരുന്നപ്പോള്‍ മുന്‍കൈ എടുത്ത പദ്ധതികള്‍ക്കെല്ലാം പിന്നീടു വന്ന ചീഫ് സെക്രട്ടറി ( സി പി നായര്‍) തുരങ്കം വെയ്‌ക്കുകയായിരുന്നു. അദ്ദേഹം ഒന്നര വര്‍ത്തോളം ചീഫ് സെക്രട്ടറി ആയിരുന്നിട്ട് എടുത്തു പറയാവുന്ന ഒരു കാര്യവും ചെയ്തിട്ടില്ല.
ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയില്‍ ശതാഭിഷിക്തമാനായതിന് നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗത്തില്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
2000 കോടിയുടെ വിഴിഞ്ഞം ദേശീയ തുറുമുഖത്തിന്റെ പ്രോജക്ട് സമര്‍പ്പിച്ചത് ഔദ്യോഗികജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണെന്ന് ആര്‍.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ ആശയം മുഖ്യമന്ത്രിക്കുമുന്നില്‍ വെക്കുകയായിരുന്നു. മുന്നോട്ടുപോകാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. മന്ത്രിമാരായ എം വി രാഘവനും ഉമ്മന്‍ ചാണ്ടിയും എല്ലാ പിന്തുണയും നല്‍കി. ഹൈദ്രബാദിലെ ഒരു കമ്പനി നിര്‍മ്മാണത്തിനുള്ള കരാര്‍ ഏറ്റെടുക്കുകയും ചെയ്തു.
സംസൃകൃത സര്‍വകലാശാല രൂപീകരിക്കാന്‍ എന്നെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയതല്ലാതെ പണമൊന്നും അനുവദിച്ചിരുന്നില്ല. ഒന്നര വര്‍ഷത്തിനു ശേഷം മാര്‍ച്ച് 31 ന് ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി 2.15 കോടി അനുവദിച്ചതായി വിളിച്ചറിയിച്ചു. തുടര്‍ന്ന് എല്ലാം വേഗത്തിലായി . ഒക്ടോബറില്‍ സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങി. ശ്രീശങ്കരാചാര്യരുടെ ഭ്ക്തനായ അന്നത്തെ പ്രധാമന്ത്രി നരസിംഹറാവുവിന്റെ താല്‍പര്യവും ശ്രീശങ്കര സര്‍വകലാശാലയുടെ പിറവിക്കു പിന്നിലുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തെ അന്താരാഷ്ട വിമാനത്താവളം ആക്കുന്നതിന് തടസ്സം മുംബയ് ലോബിയായിരുന്നു. അന്നത്തെ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയുമായുള്ള വ്യക്തിപരമായ അടുപ്പം മുതലാക്കി കാര്യങ്ങള്‍ നീക്കി. 29 സെന്റ് സ്ഥലം ഏറ്റെടുത്തുനല്‍കിയാല്‍ വേണ്ടതു ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞു. മന്ത്രി സഭ സ്ഥലം ഏറ്റെടുക്കല്‍ തീരുമാനിക്കുകയും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ പിന്നീടു വന്ന ചീഫ് സെക്രട്ടറി എല്ലാം അട്ടിമറിച്ചു. ഞാന്‍ മുന്‍ കൈ എടുത്ത പദ്ധതികളൊന്നും മുന്നോട്ടു പോകരുതെന്ന വാശിയോടെ കാര്യങ്ങള്‍ നീക്കി. സര്‍വകലാശാലയില്‍ നിയമിക്കപ്പെട്ടവരെയെല്ലാം പിരിച്ചു വിട്ടു. വിഴിഞ്ഞത്ത് കരാര്‍ എടുത്ത കമ്പനിയെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു. വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പും നിര്‍ത്തി വെച്ചു.. നരാധമന്‍ എന്ന വിശേഷണം ആണ് അദ്ദേഹത്തിന് യോജിക്കുന്നത് . രാമചന്ദ്രന്‍ നായര്‍ വിശദീകരിച്ചു.
ചട്ടമ്പി സ്വാമിയുടെ ഏറ്റവും വലിയ സ്മാരകം ഉടനെ യാഥാര്‍ത്ഥ്യമാകും. എ വി ശങ്കരന്‍ എഴുതിയ 65000 സ്്‌ളോകങ്ങളുള്ള ‘തീര്‍ത്ഥപാദ പുരാണ’മാണ് അത്. മഹാഭാരതവും സ്‌കന്ദ പുരാണവും കഴിഞ്ഞാല്‍ വലുപ്പത്തില്‍ ഏറ്റവും വലിയ ഗ്രന്ഥമാകും ഇത്. വര്‍ങ്ങള്‍ക്ക് മുന്‍പ് സംസ്‌കൃത സര്‍വകലാശാല പ്രസദ്ധീകരണാവകാശം വാങ്ങിയെങ്കിലും ലക്ഷങ്ങള്‍ ചെലവു വരുമെന്നതിനാല്‍ പുസ്തകം അച്ചടിച്ചില്ല. നിലവിലെ മാനവവിഭവശേഷി മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ഇതു സംബന്ധിച്ച് ഞാന്‍ ഒരു കത്തെഴുതി. ഉടന്‍ നടപടി ഉണ്ടായി. പ്രസദ്ധീകരണത്തിനാവശ്യമായ പണം കേന്ദ്രം നല്‍കാമെന്ന് ഏറ്റു. ഉടന്‍ തന്നെ ‘തീര്‍ത്ഥപാദ പുരാണം’ പുറത്തിറങ്ങും. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു. ഉയര്‍ന്ന ഔദ്യോഗിക പദവികള്‍ വഹിക്കുമ്പോളും സാഹിത്യത്തേയും പഠനത്തേയും വായനയേയും ഗൗരവത്തോടെ സമീപിച്ച ആളായിരുന്നു രാമചന്ദ്രന്‍ നായരെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗ്രന്ഥശാലയുടെ ഉപഹാരം നല്‍കുകയും ചെയ്തു.
എം ജി ശശിഭൂഷന്‍ അധ്യക്ഷം വഹിച്ചു. ഡോ ടി പി ശങ്കരന്‍കുട്ടി നായര്‍, മലയന്‍കീഴ് ഗോപാലകൃഷ്ണന്‍, ഡോ . കെ എന്‍ മധുസൂദനന്‍ പിള്ള, പി ശ്രീകുമാര്‍, കെ പി സതീശ് , ജയപാലന്‍ തമ്പി, എസ് ഹരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: