കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി വരുമ്പോള്‍ എങ്ങനെ വാര്‍ത്തയെഴുതണം… പത്രങ്ങളെയും ചാനലുകളെയും ‘പഠിപ്പിച്ച്’ ദേശാഭിമാനി. ഓരോ പത്രങ്ങളിലെയും തലക്കെട്ടുകളും വാര്‍ത്തയും തെരഞ്ഞുപിടിച്ച് അതിലെ കുറ്റങ്ങള്‍ കണ്ടെത്താനും സിപിഎമ്മിന് ഹിതകരമല്ലാത്ത സത്യങ്ങള്‍ പറഞ്ഞ മാധ്യമങ്ങളെ അവഹേളിക്കാനുമായി പുതിയ ഒരു ദൗത്യമേറ്റെടുക്കുകയാണ് ദേശാഭിമാനി. എപ്പോഴും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വിളമ്പുന്ന സിപിഎമ്മിന്റെ മുഖപത്രത്തിലാണ് മാധ്യമങ്ങളെ ഭീഷിണിപ്പെടുത്തി വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നതാണ് ഏറെ വിചിത്രം.
യുവാക്കളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ നേടിയ യുവം പരിപാടിയാണ് ദേശാഭിമാനിക്ക് ദഹിക്കാത്തത്. വിദ്യാര്‍ഥികളെ കൊണ്ടിരുത്തി പ്രധാനമന്ത്രിയെക്കൊണ്ട് രാഷ്ട്രീയ പ്രസംഗം നടത്തിച്ച ബിജെപിയുടെ കാപട്യം മറയ്ക്കാന്‍ മാധ്യമങ്ങളുടെ കര്‍സേവ എന്നു പറഞ്ഞാണ് വാര്‍ത്തയുടെ തുടക്കം. യുവം പരിപാടിയില്‍ ബിജെപിയുടെ കൊടിവച്ചില്ലെന്നും വിമര്‍ശനം. യുവം പരിപാടി രാഷ്ട്രീയ പരിപാടിയെന്നാക്കി മാറ്റാനാണ് സിപിഎം ശ്രമിച്ചത്. യുവം പരിപാടിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇതാണ് മാധ്യമങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തത്.
മാധ്യമങ്ങളെ എങ്ങനെ വാര്ത്തയെഴുതണമെന്ന് പഠിപ്പിക്കലാണ് ദേശാഭിമാനി വാര്‍ത്തയിലുള്ളത്. പ്രധാനമന്ത്രിയുടെ വാഗ്ദാനം, കേരളം വളരാന്‍ നടപടിയെന്ന് മുഖ്യവാര്‍ത്തയ്ക്ക് തലക്കെട്ട് നല്‍കിയതിനാണ് മനോരമയ്ക്കുള്ള വിമര്‍ശനം. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ റോഡ് ഷോയെക്കുറിച്ചും യുവം പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗവും എല്ലാം ഉള്‍ക്കൊള്ളിച്ച് ‘കൊച്ചിയുടെ ദില്‍ കീഴടക്കിയ ത്രില്‍’ എന്ന തലക്കെട്ടോടെ മനോരമ നല്കിയ വാര്‍ത്തയും ദേശാഭിമാനിക്ക് ഇഷ്ടപ്പെട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ ബ്രേക്കിങ് തലക്കെട്ടിനൊപ്പം ബിജെപി ചിഹ്നമായ താമരയുടെ ചിത്രവും നല്‍കിയെന്നാണ് ചാനലിനെതിരെയുള്ള വിമര്‍ശനം. അടുത്തിടയായി സിപിഎം ഭരണത്തെ വിമര്‍ശിച്ച് വാര്‍ത്ത നല്കുന്ന ഏഷ്യാനെറ്റിനെതിരെ പ്രതിഷേധത്തിലാണ് സിപിഎം. ഏതുവിധേനയും ചാനലിനെ തകര്‍ക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം.
മോദി സന്ദര്‍ശനത്തെക്കുറിച്ച് വാര്‍ത്ത നല്കിയ മാതൃഭൂമിയെയും പാര്‍ട്ടി പത്രം വെറുതെ വിട്ടില്ല. ‘ചെറുപ്പക്കാരുടെ മനം കീഴടക്കിയും ക്രൈസ്തവ സഭകളെ കൂടെനിര്ത്തിയുമുള്ള മോദിയുടെ കരുനീക്കത്തില്‍ ബിജെപിക്ക് പ്രതീക്ഷ’ യെന്ന വാര്‍ത്ത നല്‍കിയതാണ് മുഖ്യപ്രശ്നം. ‘ജനമധ്യത്തിലൂടെ മോദിയുടെ ഒറ്റനടത്തം’ എന്ന തലക്കെട്ടില്‍ നല്കിയ വാര്‍ത്തയും ദേശാഭിമാനിക്ക് അത്ര രസിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: