തിരുവനന്തപുരം: മാനസിക പ്രശ്നങ്ങള്‍ക്ക് കൗണ്‍സിലിങ്ങിനെത്തിയ പതിമൂന്നുകാരനെ പല തവണ പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ ഗിരിഷ് കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദര്‍ശനാണ് ഗിരീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ വ്യാഴാഴ്ച ശിക്ഷ വിധിക്കും.
2015 ഡിസംബര്‍ ആറു മുതല്‍ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ കൗണ്‍സിലിങ്ങിനായി എത്തിയപ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ ഗുരുതരമായി. ഒപ്പം കുട്ടിയുടെ മനോരോഗം വര്‍ധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പ്രതി മറ്റ് ഡോക്ടര്‍മാരെ കാണിക്കാന്‍ പറഞ്ഞു. പീഡനം പുറത്ത് പറയരുതെന്നും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭയന്ന് പോയ കുട്ടി പീഡന വിവരം പുറത്തു പറഞ്ഞില്ല. വീട്ടുകാര്‍ കുട്ടിയെ പിന്നീട് പല മാനസികരോഗ വിദഗ്ധരെ കാണിച്ചുവെങ്കിലും കുറവുണ്ടാകാത്തതിനാല്‍ മെഡിക്കല്‍ കോളേജിലെ സൈക്കാട്രി വിഭാഗത്തില്‍ 2019 നു അഡ്മിറ്റ് ചെയ്തു. 2019 ജനുവരി മുപ്പതിന് ഡോക്ടര്‍മാര്‍ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വര്‍ഷം മുന്‍പ് പീഡനത്തിന് ഇരയായ വിവരം തുറന്നു പറയുന്നത്. പ്രതി ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിക്കാറുണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞു.
ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിലുള്ള സ്വന്തം വീടായ തണലിനോട് ചേര്‍ന്നുള്ള സ്വകാര്യ സ്ഥാപനമായ ദേ പ്രാക്ടീസ് ടു പെര്‍ഫോം എന്ന ക്ലിനിക്കില്‍ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോര്‍ട്ട് പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ആദ്യത്തെ പോക്സോ കേസില്‍ ജാമ്യത്തില്‍ നില്‍ക്കുമ്പോഴാണ് ഈ കേസിലെ അറസ്റ്റ്. പീഡനത്തെ തുടര്‍ന്നാണ് കുട്ടിയുടെ അസുഖം മൂര്‍ച്ഛിച്ചതെന്ന് കുട്ടിയെ ചികിത്സിച്ച മറ്റ് ഡോക്ടര്‍മാരും വിസ്താര വേളയില്‍ പറഞ്ഞു. ഇതേ കോടതി മുന്‍പും ഗിരീഷിനെ പോക്സോ കേസില്‍ ശിക്ഷിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു കോടതി പ്രതിയെ ആറു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. എന്നാല്‍ ഈ കേസില്‍ ഹൈക്കോടതി ജാമ്യത്തിലായിരുന്നു പ്രതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്.എസ്.വിജയ് മോഹന്‍ ഹാജരായി. ഫോര്‍ട്ട് എസ് ഐമാരായ കിരണ്‍ ടി ആര്, എ അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: