പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം സംസ്ഥാനത്ത് സത്വര വികസനത്തിന്റെ പുതിയൊരു കാലാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ആവേശോജ്വലമായ അന്തരീക്ഷത്തില്‍ വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ ഫഌഗ് ഓഫ് നിര്‍വഹിച്ച പ്രധാനമന്ത്രി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന വികസന പാതയുമായി കേരളത്തെയും കണ്ണിചേര്‍ത്തിരിക്കുന്നു. വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ യാത്രയില്‍ ഓരോ സ്റ്റേഷനില്‍നിന്നും ആഹ്ലാദത്തോടെ പങ്കുചേരാനെത്തിയവരുടെ തിക്കും തിരക്കും പുതിയൊരു കേരളം പിറന്നിരിക്കുന്നതിന്റെ ലക്ഷണമായെടുക്കാം. കോട്ടയത്തുനിന്ന് കെ-റെയില്‍ വിരുദ്ധ സമരസമിതിക്കാര്‍ വന്ദേഭാരതില്‍ കയറിയത് കേരളത്തിന് വിനാശകരമായ സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് വാശിപിടിക്കുന്ന സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും വ്യക്തമായ സന്ദേശം നല്കുന്നു. കേരളത്തിന് വന്ദേഭാരത് ലഭിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൃതജ്ഞത പ്രകടിപ്പിക്കുകയും, കൂടുതല്‍ വന്ദേഭാരത് സര്‍വീസുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തെങ്കിലും സിപിഎം നേതാക്കള്‍ ഇതിന്റെ പ്രാധാന്യം കുറച്ചുകാണുകയും, സങ്കല്‍പ്പത്തിലുള്ള സില്‍വര്‍ ലൈനിന്റെ മഹത്വം വാഴ്ത്തുകയുമാണ്. സില്‍വര്‍ ലൈനിന്റെ വേഗതയില്‍ വന്ദേഭാരതിന് ഓടിയെത്താനാവില്ലെന്നാണ് ഇവര്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പാതകള്‍ വികസിപ്പിക്കുകയും വളവുകള്‍ നിവര്‍ക്കുകയും ചെയ്യുന്നതോടെ ഇപ്പോഴത്തേതിനെക്കാള്‍ കുറഞ്ഞ സമയംകൊണ്ട് വന്ദേഭാരത് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ ഓടിയെത്തും. ഇതോടെ സില്‍വര്‍ലൈന്‍ എന്ന ആശയം തന്നെ അപ്രസക്തമാവും. എന്നിട്ടും സില്‍വര്‍ ലൈനിനുവേണ്ടി വാദിക്കുന്നത് അഴിമതിയോടുള്ള ആഭിമുഖ്യം കൊണ്ടാണ്.
വികസനത്തിന്റെ പേരില്‍ വിഭാഗീയതയുടെ രാഷ്ട്രീയമാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പയറ്റുന്നത്. അതിന്റെ ഭാഗമാണ് വന്ദേഭാരതില്‍ പുതുമയൊന്നുമില്ലെന്നും, ഒരു ട്രെയിന്‍കൂടി ലഭിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മറ്റും പ്രചരിപ്പിക്കുന്നത്. എന്നാല്‍ വന്ദേഭാരതിന്റെ വരവില്‍ കേരളത്തിലെ ജനങ്ങളില്‍ പ്രകടമായ ഐക്യം സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും വിഭാഗീയതയുടെ രാഷ്ട്രീയത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതുപോലെ വന്ദേഭാരത് അടിപൊളി യാത്രാനുഭവമാണ് മലയാളികള്‍ക്ക് സമ്മാനിക്കുന്നത്. കേരളത്തിന്റെ റെയില്‍വെ വികസനത്തിനുള്ള കേന്ദ്രത്തിന്റെ പങ്ക് അഞ്ചിരട്ടി വര്‍ധിപ്പിച്ചതായുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഓരോ മലയാളിയെയും സന്തോഷിപ്പിക്കും. കേരളത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ കൊച്ചി വാട്ടര്‍ മെട്രോ ഉള്‍പ്പെടെ 3200 കോടിയുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഗതാഗതക്കുരുക്കിന് വലിയ തോതില്‍ പരിഹാരമാവുന്നതാണ് വാട്ടര്‍ മെട്രോ. ഡിജിറ്റല്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന സയന്‍സ് പാര്‍ക്ക് പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചത് വികസനത്തിന് കുതിപ്പേകും. കേരളത്തെക്കുറിച്ചുള്ള ശരിയായ ഒരു വികസന സങ്കല്‍പ്പംപോലും സിപിഎമ്മിനോ ഇടതുമുന്നണി സര്‍ക്കാരിനോ ഇല്ല എന്നതാണ് സത്യം. സില്‍വര്‍ ലൈന്‍ വന്നാല്‍ അപ്പം വില്ക്കാമെന്നതുപോലുള്ള വിലകുറഞ്ഞ ആശയങ്ങളാണ് അവര്‍ക്കുള്ളത്. വന്ദേഭാരത് എക്സ്പ്രസ് യാഥാര്‍ത്ഥ്യമായിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ‘അപ്പം എക്സ്പ്രസി’നുവേണ്ടി വാദിക്കുന്നതിന്റെ പരിഹാസ്യത സ്വന്തം പാര്‍ട്ടിക്കാരെപ്പോലും ലജ്ജിപ്പിക്കുകയാണ്.
വികസനമെന്നാല്‍ സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും അഴിമതിയാണ്. എന്തുവിലകൊടുത്തും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് ഇക്കൂട്ടര്‍ വാശിപിടിക്കുന്നത് അതിലൂടെ സഹസ്രകോടികളുടെ അഴിമതി നടത്താമെന്നതിനാലാണ്. കമ്മിഷന് ലഭിക്കാത്ത ഒരു പദ്ധതിയിലും ഇവര്‍ക്ക് താല്പ്പര്യമില്ലെന്നതിനു തെളിവാണ് ട്രാഫിക് നിയമലംഘനങ്ങള്‍ തടയാനുള്ള എഐ ക്യാമറകള്‍ സ്ഥാപിച്ചതിന്റെ വിവാദം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതികളിലൂടെയാണ് യഥാര്‍ത്ഥ വികസനം എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ അറിയുന്നത്. ഇത് തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവുള്ളതിനാലാണ് പ്രധാനമന്ത്രി മോദിക്കെതിരെ വിദ്വേഷപ്രചാരണം നടത്തുന്നതും, കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ വൈമുഖ്യം കാണിക്കുന്നതും. കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത കടക്കെണിയില്‍ അകപ്പെടുത്തിയിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് ഒരു വികസനവും സാധ്യമല്ല. കടം വാങ്ങി ഭരണചെലവ് നടത്തുകയും, പാര്‍ട്ടി വോട്ടുബാങ്കായ ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യം നല്‍കുകയും ചെയ്യുന്നതിനപ്പുറം കേരളത്തിന്റെ പുരോഗതിക്ക് യാതൊന്നും ചെയ്യാന്‍ ഈ ഭരണത്തിനാവില്ല. കിഫ്ബിയുടെ പേരില്‍ ചില വാചകമടികള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്നതല്ലാതെ ഒരു വികസനവും വരാന്‍ പോകുന്നില്ല. കേരളത്തിന് ഇനി വികസിക്കണമെങ്കില്‍ ദേശീയ മുഖ്യധാരയില്‍ പങ്കുചേരുകയും, കേന്ദ്ര സര്‍ക്കാരിനോട് സമ്പൂര്‍ണമായി സഹകരിക്കുന്ന ഒരു ഭരണസംവിധാനം ഇവിടെ നിലവില്‍ വരികയും വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഇതിന് വഴിയൊരുക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: