എടവണ്ണ: മയക്കമരുന്ന് കേസില്‍ പ്രതിയായ യുവാവിന്റെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് വെടിയേറ്റാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതിയെ പിടികൂടി പൊലീസ്. കൊല്ലപ്പെട്ട മലപ്പുറത്തെ എടവണ്ണ സ്വദേശി റിദാന്‍ ബാസിലിനെ വെടിവെച്ച് കൊന്ന മുണ്ടേങ്ങര സ്വദേശി ഷാന്‍ മുഹമ്മദിനെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റു ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ദല്‍ഹിയില്‍ നിന്നും കൊണ്ടുവന്ന തോക്കുപയോഗിച്ചാണ് ഷാന്‍ മുഹമ്മദ് കൃത്യം നിര്‍വ്വഹിച്ചത്.
ശനിയാഴ്ച രാവിലെയാണ് എടവണ്ണ സ്വദേശി റിദാൻ ബാസിലിനെ ചെമ്പകുത്ത് പുലിക്കുന്ന് മലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരി കേസിൽ പ്രതിയായി ജയിലില്‍ കഴിയുകയായിരുന്ന റിദാന്‍ ബാസില്‍ മൂന്നാഴ്ച മുന്‍പാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. നേരത്തെ കരിപ്പൂരില്‍ വെച്ചാണ് റിദാന്‍ ബാസിലിനെ എം.ഡി.എം.എ കേസില്‍ അറസ്റ്റ് ചെയ്തത്. ജയിലില്‍ നിന്നും പുറത്തിറങ്ങി 21ാം ദിവസം റിദാന്‍ കൊല്ലപ്പെട്ടു. പോസ്റ്റ് മോര്‍ട്ട് ചെയ്തപ്പോഴാണ് മരണകാരണമായ മൂന്ന് മുറിവുകള്‍ വെടിയേറ്റതാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ടു ലഹരി- സ്വർണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് ആദ്യം അന്വേഷണം നടത്തിയത്. 25 പേരെ ചോദ്യം ചെയ്തിരുന്നു.തുടരന്വേഷണത്തിലാണ് മുണ്ടേങ്ങര സ്വദേശി ഷാൻ മുഹമ്മദ് പിടിയിലായത്. യുവാവു കഴിഞ്ഞ മൂന്നു ദിവസമായി പോലീസ് കസ്റ്റഡിയിലായിരുന്നു. എന്നാൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. ചോദ്യം ചെയ്യൽ തുടർന്നതോടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
റിദാന്‍ ബാസിലിലെ മരണത്തിന് രണ്ട് ദിവസം മുന്‍പ് ഷാന്‍ മുഹമ്മദ് വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടു പോയിരുന്നു. തുടര്‍ന്ന് ഷാന്‍ തന്നെ റിദാന്റെ വീട്ടുകാരെ വിളിച്ച് ചെമ്പക്കുത്ത് പുളിക്കുന്ന് മലയില്‍ ബാസില്‍ ഒറ്റയ്‌ക്കാണെന്നും ശ്രദ്ധിക്കണമെന്നും ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. ഇതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്. നേരം പുലര്‍ന്നിട്ടും റിദാനെ കാണാതായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കഴുത്തിന്റെ പിന്‍ഭാഗത്തും നെഞ്ചിലുമായി ആഴത്തിലുള്ള മൂന്ന് മുറിവുകളോടെ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മൂന്ന് ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടന്നത്. നിലമ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിഷ്ണുവിനായിരുന്നു അന്വേഷണ ചുമതല.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ഷാന്‍ മുഹമ്മദ് പറയുന്നു. പ്രതിയുടെ വീട് സ്ഥിതി ചെയ്യുന്ന പുലിക്കുന്ന് മല ഉൾപ്പെടെയുള്ള മേഖലകളിലാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിൽ റിദാൻ ബാസിലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് പ്രതിയുടെ വീട്ടിലെ വിറകുപുരയിൽ നിന്ന് പോലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: