പിണറായി വിജയന്
(കേരള മുഖ്യമന്ത്രി)
കേരളത്തിന്റെ സ്വപ്നപദ്ധതികളില്‍ ഒന്നായ കൊച്ചി വാട്ടര്‍ മെട്രോ ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്കിയ മറ്റൊരു ഉറപ്പുകൂടി യാഥാര്‍ത്ഥ്യമാവുകയാണ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫഌഗ്ഓഫ് ചെയ്യുന്ന കൊച്ചി വാട്ടര്‍ മെട്രോ ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ മെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമാണ് (ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം) കൊച്ചി വാട്ടര്‍ മെട്രോ. കേരളത്തിനു മാത്രമല്ല, രാജ്യത്തിനാകെ അഭിമാനകരമാണിത്.
ഒരുകാലത്ത് ജലഗതാഗത സംവിധാനങ്ങളെ നല്ല നിലയില്‍ ഉപയോഗിച്ചിരുന്ന നാടാണ് കേരളം. പില്ക്കാലത്ത് അവ വേണ്ടവണ്ണം ഉപയോഗിക്കപ്പെടാതെ പോയി. എന്നാല്‍ അവയ്ക്കുള്ള സാധ്യതകളെ കാലാനുസൃത നവീകരണത്തോടെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശീയ ജലപാത നവീകരിക്കുന്നതും ഇപ്പോള്‍ കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നതും എല്ലാം ആ വീക്ഷണം പ്രാവര്‍ത്തികമാക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഇത്തരം ഇടപെടലുകളിലൂടെ അത്യാധുനിക സൗകര്യങ്ങളുള്ളതും വേഗതയേറിയതുമായ പൊതുഗതാഗത സംവിധാനങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നടപ്പിലാവുകയാണ്.
കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന, നാടിന്റെയാകെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് 1,136.83 കോടി രൂപയാണ് ചെലവു വരുന്നത്. ഈ തുകയില്‍ ജര്‍മ്മന്‍ ഫണ്ടിംഗ് ഏജന്‍സിയായ കെഎഫ്ഡബ്ല്യൂവിന്റെ വായ്പയും സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉള്‍പ്പെടുന്നുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ഹൈക്കോര്‍ട്ട്-വൈപ്പിന്‍ ടെര്‍മിനലുകളില്‍ നിന്നും വൈറ്റില-കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമുള്ള സര്‍വ്വീസ് ആരംഭിക്കുന്നത്. ഗതാഗതക്കുരുക്കില്‍പ്പെടാതെ 20 മിനിറ്റില്‍ താഴെ സമയം കൊണ്ട് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലില്‍ എത്താം. വൈറ്റിലയില്‍ നിന്നാകട്ടെ 25 മിനിറ്റിനകം കാക്കനാട്ട് എത്താനാകും. പദ്ധതി പൂര്‍ണ്ണതോതില്‍ സജ്ജമാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സാധിക്കും.
കൊച്ചിന് കപ്പല്‍നിര്‍മ്മാണശാലയാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കു വേണ്ട ബോട്ടുകള്‍ തയ്യാറാക്കുന്നത്. അലൂമിനിയം ഉപയോഗിച്ചു നിര്‍മ്മിക്കുന്ന അത്യാധുനിക ഡിസൈനിലുള്ള ഈ ബോട്ടുകള്‍ ഭാരംകുറഞ്ഞവയാണ്. അവയിലെ ലിഥിയം ടൈറ്റനേറ്റ് ഓക്സൈഡ് (എല്‍റ്റിഒ) ബാറ്ററികള്‍ കൂടുതല്‍ കാലം നിലനില്ക്കുന്നവയാണ്. മാത്രമല്ല, അവ വേഗത്തില്‍ ചാര്‍ജ്ജുചെയ്യാനാവുകയും ചെയ്യും. ഇന്ന് വ്യാവസായികാടിസ്ഥാനത്തില്‍ ലഭ്യമായവയിലെ ഏറ്റവും മികച്ച ബാറ്ററികളാണവ. ഈ ബോട്ടുകളില്‍ ഏറ്റവും നൂതനമായ ഗതിനിയന്ത്രണ-ആശയവിനിമയ സംവിധാനങ്ങളുണ്ട്. യാത്രക്കാര്‍ക്ക് ഇത്രയധികം സുരക്ഷിതവും സുഖപ്രദവുമായ യാത്രാ സൗകര്യം ഉറപ്പുവരുത്തുന്ന കൊച്ചി വാട്ടര്‍ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍ ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇലക്ട്രിക് ബോട്ടുകള്‍ക്കായുള്ള രാജ്യാന്തര പുരസ്കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാര്‍ഡ് 2022ല്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭിച്ചിരുന്നു. ഭിന്നശേഷി സൗഹൃദമായാണ് ടെര്‍മിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്.
തുച്ഛമായ തുകയില്‍ സുരക്ഷിത യാത്രയാണ് ശീതികരിച്ച ഇലക്ട്രിക് ബോട്ടുകളില്‍ ജനങ്ങളെ കാത്തിരിക്കുന്നത്. ബോട്ടുയാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികര്‍ക്കായി പ്രതിവാര, പ്രതിമാസ പാസ്സുകളുമുണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വണ്‍ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ഇത്തരം സൗകര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് കൊച്ചി വാട്ടര്‍ മെട്രോ ഒരു സംയോജിത ജലഗതാഗത സംവിധാനമാണെന്ന് പറയുന്നത്.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്ന നഗരമാണ് കൊച്ചി. കൊച്ചിയിലും കൊച്ചിക്കു ചുറ്റുമുള്ള 10 ദ്വീപുകളിലും കാര്യമായ ജനവാസമുണ്ട്. ദ്വീപുകളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും ഉള്‍പ്പെടെ ഏത് പ്രധാന കാര്യത്തിനും കൊച്ചി നഗരവുമായി നിരന്തരം ബന്ധപ്പെടേണ്ടതായി വരുന്നുണ്ട്. അതിനു സഹായകരമായ ബോട്ടുസര്‍വീസുകള്‍ നിലവിലുണ്ടെങ്കില്‍പ്പോലും അവ അപര്യാപ്തമാണ് എന്നതായിരുന്നു പൊതുവിലുള്ള വിലയിരുത്തല്‍. ആ പ്രശ്നത്തിന് പരിഹാരം കാണാനാണ് കൊച്ചി വാട്ടര്‍ മെട്രോയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ജലഗതാഗത സംവിധാനം ദ്വീപുവാസികളുടെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ദ്വീപുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനു വഴിതെളിക്കുകയും ചെയ്യും.
ആദ്യ ഘട്ടത്തില്‍ തന്നെ വാട്ടര്‍ മെട്രോയിലൂടെ പ്രതിദിനം 34,000 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. ഇത് കൊച്ചിയുടെ നഗരവീഥികളിലെ തിരക്കും കൊച്ചി നഗരത്തിന്റെ കാര്‍ബണ്‍ ഫുഡ്പ്രിന്റും കുറയ്ക്കാന്‍ സഹായിക്കും. പദ്ധതി പൂര്‍ണ്ണസജ്ജമാകുന്നതോടെ പ്രതിവര്‍ഷ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 44,000 ടണ്ണിന്റെ കുറവു വരുത്താന്‍ കഴിയും. ആ നിലയ്ക്ക്, കേരളത്തെ കാര്‍ബണ്‍ ന്യൂട്രലാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കൊച്ചി വാട്ടര്‍ മെട്രോ വലിയ ഊര്‍ജ്ജം പകരും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിനാകെത്തന്നെ മാതൃകയായിത്തീര്‍ന്നിട്ടുള്ള കേരളം നഗരഗതാഗതത്തിലും രാജ്യത്തിനു മാതൃകയാകാന്‍ പോവുകയാണ്. നമ്മള് ഒത്തൊരുമിച്ച് സൃഷ്ടിക്കുന്ന നവകേരളത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് മാതൃകാപരമായ പൊതുഗതാഗത സൗകര്യങ്ങള്‍. അതില്‍ പ്രധാനപ്പെട്ടതാണ് കൊച്ചി വാട്ടര്‍ മെട്രോ. ഇന്ന് അത് ഓരോ കേരളീയന്റെയും സ്വപ്നസാക്ഷാത്ക്കാരമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: