ഡോ. എം.വി.നടേശന്
ജന്തുലോകത്തിനും ദേവലോകത്തിനുമിടയില് നിന്നും സുഖം തേടാന്‍ ശ്രമിക്കുന്നവരാണ് മാനവരാശി മുഴുവനും. അത്തരത്തിലുള്ള മനുഷ്യര്‍ക്ക് മുന്നേറണമെങ്കില്‍ ചില നല്ല മാതൃകകള്‍ കൂടിയേ കഴിയൂ. ഇല്ലെങ്കില്‍ ദുര്‍ലഭമായ മനുഷ്യജന്മം ലഭിച്ചാലും അത് മൃഗസമാനമായി അധഃപതിക്കും.
മഹത്തായ മാതൃക കിട്ടിയാല്‍ മാത്രം പോര, അത് പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെ എന്ന് കൂടി അറിഞ്ഞിരിക്കണം. സ്വയം ജീവിതത്തില്‍ ആചരിച്ച് ഇത്തരം കാര്യങ്ങളറിഞ്ഞ് മുന്നേ നടക്കുന്ന അനുഭവസമ്പന്നരായ ആചാര്യന്മാരുടെ മാര്‍ഗനിര്‍ദേശം അതുകൊണ്ട് ഏവര്‍ക്കും ആവശ്യമാണ്. മാനവികതയുടേയും വിമോചനത്തിന്റേയും സജ്ജനസംസര്ഗത്തിന്റേയും ജീവിതപാഠം പകര്‍ന്നു നല്കിയ ഇത്തരം ആചാര്യന്മാരുടെ ജന്മം കൊണ്ടും, കര്‍മ്മം കൊണ്ടും ഉപദേശം കൊണ്ടും ആചരണം കൊണ്ടും സമ്പന്നമായ രാജ്യമാണ് ഭാരതം. ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ കര്‍മ്മങ്ങളോരോന്നും അനുഷ്ഠിച്ച് അര്‍ഥ കാമനകള്‍ നേടി ഓരോരുത്തരുടെയും ജീവിതത്തെ നവീകരിക്കാനും മൂല്യവര്‍ദ്ധിതമാക്കി തീര്‍ക്കാനുമുള്ള നാനാവിധമായ പരിശ്രമങ്ങളാണ് ജ്ഞാന ദാദാക്കളായ ആചാര്യേന്ദ്രന്മാര് നിര്‍വഹിച്ചു കൊണ്ടിരിന്നത്.
ഇപ്രകാരം ഋഷിപ്രഭാവമുള്ള പരമ്പരയിലെ മഹിതമായ ശ്രീനാമമാണ് ശ്രീശങ്കരാചാര്യരുടേത്. സദാശിവനില്‍ നിന്നും സമാരംഭിക്കുന്ന ഗുരുപരമ്പരയിലെ മധ്യഗുരുവായി ഭക്തസമൂഹം കാലാകാലങ്ങളായി സ്മരിക്കുന്നത് ഇതിനാലാണ്.
വൈശാഖമാസത്തിന്റെ പുണ്യം മുഴുവന്‍ ആവാഹിച്ച് ശിവവിഭൂതിയായി കേരളത്തിന്റെ മഹാപുണ്യമായി പേരാറ്റിന് കരയില്‍ പിറവിയെടുത്ത് കര്‍മ്മത്തിലൂടേയും ഉപദേശത്തിലൂടേയും ലോകത്തെ അനുഗ്രഹിച്ച നതലോകബന്ധുവാണ് ആചാര്യസ്വാമികള്‍.
ആചാരം അനുഷ്ഠാനം, ഭക്തി, യുക്തി, ധര്‍മ്മം, കര്‍മ്മം, ദര്‍ശനം, ദൈവം, പ്രപഞ്ചം, മനുഷ്യന് തുടങ്ങി ജീവിതത്തിന്റെ സമസ്ത വിതാനങ്ങളും ശ്രുതിയുടേയും യുക്തിയുടേയും അനുഭവത്തിന്റേയും വെളിച്ചത്തില്‍ പുതുക്കി നിശ്ചയിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ ആചാര്യസ്വാമികള്‍ ചെയ്തത്. വേദോപനിഷത്തുക്കളിലും ഇതിഹാസ പുരാണങ്ങളിലുമായി കൈമാറ്റം ചെയ്യപ്പെട്ട അറിവിന്റെ സരളഭാഷ്യവും ജനാധിപത്യവും, ദേശീയതയുടെ അതിരടയാളങ്ങളും, ഉറപ്പാക്കാന്‍ മഠമന്ദിരങ്ങളും പാഠശാലകളും ആരോഗ്യകരമായ ചര്‍ച്ചാവേദികളും വ്യവസ്ഥാപനം ചെയ്ത കര്‍മ്മയോഗിയാണ് സ്വാമികള്‍.
മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ മാത്രം ജീവിച്ച് ഭാരതമാസകലം സഞ്ചരിച്ച് സ്വയമറിഞ്ഞും അറിയിച്ചും ഒരു പുരുഷായുസ്സില്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതിലപ്പുറം കാര്യങ്ങള്‍ നിര്‍വഹിച്ച് കടന്നു പോയ ശ്രീശങ്കരന്റെ ഉപദേശം ഇന്നും പ്രസക്തമാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിന്നു. ശങ്കരചിന്ത അറിയാത്ത ഒരു തത്ത്വചിന്തകനും ഇന്ന് ലോകത്തുണ്ടാകാന്‍ ഇടയില്ല. സൗന്ദര്യലഹരി, ശിവപഞ്ചാക്ഷരസ്തോത്രം, അച്യുതാഷ്ടകം, സുബ്രഹ്മണ്യ ഭുജംഗം, ഗണേശപഞ്ചരത്നം, ദക്ഷിണാമൂര്‍ത്തി സ്തോത്രം, ശ്രീരാമഭുജംഗസ്തോത്രം തുടങ്ങിയ കീര്‍ത്തനങ്ങള്‍ ആലപിക്കാത്ത സംഗീതജ്ഞരോ ഭക്തരോ ഉണ്ടാകില്ല. അതുപോലെ ഏറെ പ്രധാനമാണ് ശ്രീശങ്കരാചാര്യ സ്വാമികള്‍ക്ക് ശേഷം ഉരുത്തിരിഞ്ഞു വന്ന ദൈ്വതം, വിശിഷ്ടാദൈ്വതം, ദൈ്വതാദദൈ്വതം തുടങ്ങിയ ദര്‍ശനപദ്ധതികളും, ശൈവം വൈഷ്ണവം ശാക്തേയം തുടങ്ങിയ ആഗമപദ്ധതികളും വളര്‍ന്നു വന്നതും ആചാരാനുഷ്ഠാനങ്ങള്‍ ചിട്ടപ്പെടുത്തിയതും ആചാര്യ സ്വാമികളുടെ രീതിശാസ്ത്രവും യുക്തിചിന്തയും ആഖ്യാന വ്യാഖ്യാന സംവാദ രീതികളെയും പിന്പറ്റിയാണെന്ന വസ്തുത. ഇവയെല്ലാം പലപ്പോഴായി വിശ്രുതരായ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇങ്ങനെ നോക്കിയാല്‍ ലോകത്തിന് വെളിച്ചം പകര്‍ന്ന സല്പുത്രന് ജന്മമേകിയ കുലം പവിത്രവും, ജനനി കൃതാര്‍ത്ഥയും, നാട് പുണ്യമുള്ളതുമായി തീര്‍ന്നു എന്നത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാല്‍ സാധാരണ മനുഷ്യജീവിതത്തിന്റെ വ്യവഹാരങ്ങളിലേക്ക് ഈ സൗഭാഗ്യപുണ്യം പെയ്തിറങ്ങിയില്ല. അതിന് പില്ക്കാലത്ത് വന്ന പലരും ശ്രമിച്ചതുമില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. വയലാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അദൈ്വതം പിറന്ന, ആദിശങ്കരന് വളര്‍ന്ന നാട്ടില്‍ ആയിരം ജാതികളും ആയിരം മതങ്ങളും, ആയിരം ദൈവങ്ങളും വളര്‍ന്നു വന്ന് മണ്ണും മനസും പങ്കുവെച്ച് മനുഷ്യ ജീവിതം ദുസ്സഹമാക്കി കൊണ്ടിരിക്കുന്നു. ഇതിനെന്ത് പരിഹാരമെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. കാലമാദി ശങ്കരന്ന് കളിത്തൊട്ടില്‍ നിര്‍മ്മിച്ച കാലടിപുഴ കരയിലേക്കുള്ള തീര്‍ത്ഥയാത്രയാണത്. കാരണം ഇവിടെയാണ് അമ്മയുടെ കാല്ക്കല് തൊഴുതു നിന്നു കൊണ്ട് ശ്രീശങ്കരഹൃദയത്തില് നിന്നും ഉതിര്‍ന്നു വന്ന മാതൃപഞ്ചകത്തിന്റെ പാഠങ്ങള്‍ ആദ്യമായി കേട്ടത്. തന്നെ ഗര്‍ഭപാത്രത്തില്‍ ചുമന്ന സമയത്ത് അമ്മയനുഭവിച്ച കഷ്ടതകള്‍ക്കൊന്നിനും പ്രത്യുപകാരം ചെയ്യാന്‍ കഴിയാത്തതാണെന്ന് പറഞ്ഞു കൊണ്ട് ഈ അമ്മപ്പൊന്മകന് തന്റെ നല്ലോര്മ്മകളോരോന്നും (‘ആസ്ഥാനം താവദിയം പ്രസൂതിസമയേ ദുര്‍വാരശൂലവ്യഥാ’) എണ്ണിയെണ്ണി പറഞ്ഞു കൊണ്ട് വാത്സല്യനിധിയായ അമ്മയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നുണ്ട്.
ഇത്തരം ഉപദേശങ്ങള്‍ കേട്ടറിഞ്ഞ് ജീവിക്കുന്ന മക്കള്‍ ഒരിക്കലും അമ്മയുടെ നേരെ വിരല്‍ ചൂണ്ടുകയില്ല, സ്ത്രീകള്‍ക്ക് നേരെ കണ്ണില്ലാത്ത കാമനയൊടെ നോക്കുകയുമില്ല. ഇങ്ങനെ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പൊരുളും പൊള്ളത്തരങ്ങളും അലങ്കാര ഭാഷയുടെ അകമ്പടി ഏതുമില്ലാതെ അവതരിപ്പിക്കുന്ന മോഹമുദ്ഗരമെന്ന് കൂടി പേരുള്ള ഭജഗോവിന്ദമെന്ന കൃതിയില്‍ വിസ്തരിക്കുന്ന വസ്തുതകള്‍ ഏറെ പ്രാധാന്യമുള്ളതാണ്. പ്രകരണഗ്രന്ഥങ്ങളിലും വ്യാഖ്യാനങ്ങളിലും സ്തോത്രകൃതികളിലും വിവരിക്കുന്നത് ഭാരതീയ ജ്ഞാനവിജ്ഞാനങ്ങളുടെ ഈടുവെപ്പുകളാണ്.
ശ്രുതി സ്മൃതി
പുരാണങ്ങളില്‍ അവതരിപ്പിച്ച അറിവിന്റെ മനുഷ്യരൂപമായിരുന്ന ശ്രീശങ്കരാചാര്യര്‍ കാരുണ്യത്തിന്റേയും മറുവാക്കായിരുന്നു. അതുകൊണ്ടാണ് സരളാദ്വയ ഭാഷ്യകാരനായ അനുകമ്പാശാലിയായിരുന്ന മഹാഗുരുവാണ് ശങ്കരാചാര്യ സ്വാമികള്‍ എന്ന് ശ്രീനാരായണ ഗുരുദേവന് അനുകമ്പാ ദശകമെന്ന കൃതിയില്‍ പ്രതിപാദിക്കുന്നത്.
ഈ സന്ദര്‍ഭത്തില്‍ ജഗത് ഗുരുവായ ഈ മഹാമനീഷി മുന്നോട്ട് വെച്ച പ്രധാനപ്പെട്ട ഉപദേശങ്ങള്‍ എന്തൊക്കെയാണെന്ന അന്വേഷണം ആവശ്യമാണ്.
ഉപദേശസാരം
നിസ്സഹായനായ മനുഷ്യന് എക്കാലവും ദുഃഖത്തിന്റെ നടുവിലേക്കാണ് പിറവിയെടുക്കുന്നത്. ഈ പരമമായ സത്യം അറിയാതെ മുന്നോട്ട് പോകുമ്പോഴാണ് പ്രതിസന്ധികളും കഷ്ടതകളും ജീവിതത്തില്‍ ഉയര്‍ന്നു വരുന്നത്. അതുകൊണ്ട് ദുഃഖങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്നറിയുക, (ലോകം ശോകഹതം ച സമസ്തം).
അപ്പോഴാണ് പ്രതിസന്ധികളെ വെല്ലുവിളിയായി കാണാനും അതിനെ അഭിമുഖീകരിച്ച് മുന്നേറാനും കഴിയുന്നത്. നിത്യാനിത്യങ്ങളേയും ധര്‍മ്മാധര്‍മ്മങ്ങളേയും തിരിച്ചറിഞ്ഞ അനുഭവസമ്പന്നന്മാരുടെ സാന്നിധ്യവും മാര്‍ഗദര്‍ശനവും ഇതിന് ആവശ്യമാണ്. അനുഭവശാലികള്ക്ക് മാത്രമേ മനുഷ്യനെ ശരിയായ മാര്‍ഗത്തിലൂടെ നയിക്കാനാകുകയുള്ളു .സദാശിവനില്‍ നിന്നും ആരംഭിക്കുന്ന ഈ പരമ്പരയിലെ മധ്യ ഗുരുവായിട്ടാണ് ആചാര്യസ്വാമികളെ ആദരിച്ചു പോരുന്നത്.
ദാര്ശനികന്, കവി, ഋഷി, ഭക്തന്,പണ്ഡിതന്, ഗുരു, ശിഷ്യന്, സന്യാസി,ആചാരങ്ങളുടെ പരിഷ്കര്‍ത്താവ്, യുക്തി ചിന്തകന്‍, സനാതനധര്‍മ്മ സമുദ്ധാരകന്, ദേശീയോദ്ഗ്രഥനത്തിന്റെ കര്‍മ്മയോഗി എന്നിങ്ങനെ അദ്ദേഹം കെട്ടിയാടിയ വേഷങ്ങള്‍ നിരവധിയാണ്.
മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലൂടെ കടന്നു പോകുന്നവര്‍ക്കെല്ലാം ആചാര്യസ്വാമികള്‍ അതുല്യമായ മാതൃകയായി നിലനില്‍ക്കുന്നത് ഇതുകൊണ്ടാണ്.
മാതാ, പിതാ, ഗുരു, ദൈവം എന്ന ബലിഷ്ഠമായ നാലു തൂണുകളുടെ ബലത്തിലാണല്ലോ എക്കാലവും മാനവരാശിയുടെ നിലനില്‍പ്പ്. അതില്‍ ഗുരുവാണ് മാതാപിതാക്കളുടെയും ദൈവത്തിന്റെയും മഹത്വത്തെ മനുഷ്യന് ബോധിപ്പിച്ചു കൊടുക്കുന്നത്. അതുകൊണ്ട് ഗുരുത്വം നേടുക എന്നത് ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ളതായി പൗരസ്ത്യ ദേശത്ത് കണക്കാക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: