ന്യൂദല് ഹി: 2030ഓടെ മലേറിയ നിര്‍മാര്‍ജനം ചെയ്യുന്നതിലേക്ക് ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ. ന്യൂദല്‍ഹിയില്‍ നടന്ന ഏഷ്യാ പസഫിക് മലേറിയ ലീഡേഴ്സ് കോണ്‍ക്ലേവ് 2023ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മലേറിയയുടെ ആഗോള മാതൃകയായി ഇന്ത്യ മാറിയത് എങ്ങനെയെന്ന് മന്‍സുഖ് മാണ്ഡവ്യ ചൂണ്ടിക്കാട്ടി. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ഇന്ത്യയുടെ ജി 20 പ്രസിഡന്‍സി മന്ത്രത്തിന് അനുസൃതമായി, മലേറിയ ഉന്മൂലനം ചെയ്യുന്ന തങ്ങളുടെ ദൗത്യത്തില്‍ അതിന്റെ വിഭവങ്ങളും അറിവും പഠനങ്ങളും മറ്റ് രാജ്യങ്ങളുമായി പങ്കിടാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ മലേറിയ നിര്‍മാര്‍ജന പരിപാടിയില്‍ നേരത്തെയുള്ള രോഗനിര്‍ണയം, പൂര്‍ണ്ണമായ ചികിത്സ, നിരീക്ഷണം, ആശയവിനിമയം തുടങ്ങി നിരവധി ഘടകങ്ങള്‍ ഉണ്ടെന്ന് ഡോ.മണ്ഡവ്യ പറഞ്ഞു. മലേറിയയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാനും അതിനോട് വേഗത്തില്‍ പ്രതികരിക്കാനും ആശാ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന, ആയുഷ്മാന്‍ ഭാരത്ആരോഗ്യ, സ്വാസ്ഥ്യ കേന്ദ്രങ്ങള്‍, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വിവിധ ആരോഗ്യ സംരംഭങ്ങള്‍ രോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വളരെയധികം സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ സംസാരിച്ച ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹയും തന്റെ സംസ്ഥാനത്ത് മലേറിയക്കെതിരെ പോരാടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ എടുത്തുകാട്ടി. ത്രിപുരയിലെ ആരോഗ്യമേഖലയുടെ വികസനത്തിന് വേണ്ടിയാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജിത ശ്രമങ്ങളിലൂടെ 2030ഓടെ മലേറിയ നിര്‍മാര്‍ജനം എന്ന ലക്ഷ്യം ത്രിപുരയ്ക്ക് തീര്‍ച്ചയായും കൈവരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: