കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വിവരം ചോര്‍ന്ന സംഭവം വളരെ ഗുരുതരവും വലിയ ആശങ്ക ഉയര്‍ത്തുന്നതുമാണ്. കൊച്ചിയിലും തിരുവനന്തപുരത്തുമായി നടക്കുന്ന പ്രധാനമന്ത്രിയുടെ രണ്ടുദിവസത്തെ പരിപാടികള്‍ സംബന്ധിച്ച് സംസ്ഥാനത്തിന്റെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ നാല്പത്തിയൊന്പത് പേജുള്ള രേഖയാണ് ചോര്‍ന്നത്. മത-രാഷ്ട്രീയ തീവ്രവാദ സംഘടനകളില്‍നിന്ന് പ്രധാനമന്ത്രിക്കുള്ള ഭീഷണിയുടെ വിവരങ്ങള്‍, സന്ദര്‍ശന വേളയിലെ പോലീസ് വിന്യാസം, ആര്‍ക്കൊക്കെ എന്തൊക്കെയാണ് ചുമതലകള്‍, രണ്ടു ദിവസത്തെ സന്ദര്‍ശന വേളയില്‍ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ അതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പറയുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ വിവരങ്ങളാണ് പുറത്തായത്. പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തയ്യാറാക്കിയ സുപ്രധാനമായ ഈ രേഖ എങ്ങനെ ചോര്‍ന്നു എന്നതിനെക്കുറിച്ച് പോലീസിനും ആഭ്യന്തര വകുപ്പിനും പ്രതികരണമില്ല. അതേക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നു മാത്രമാണ് പോലീസ് പറയുന്നത്. സുരക്ഷ സംബന്ധിച്ച രഹസ്യരേഖ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിക്കുമ്പോള്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇങ്ങനെയൊരു സംഭവം നടന്നതായി പോലും ഭാവിക്കുന്നില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ശീതസമരത്തിന്റെ ഫലമായാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും വസ്തുത ഉണ്ടെങ്കില്‍ അതീവ ഗുരുതരമാണ് സ്ഥിതിവിശേഷം. അതല്ല ഇത് അബദ്ധവശാല്‍ ചോര്‍ന്നതാണെങ്കിലും ഗുരുതരമായ വീഴ്ചയാണ്. രണ്ട് സാഹചര്യത്തിനും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യരല്ല എന്നാണ് വരുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണം.
രഹസ്യരേഖയുടെ ഉള്ളടക്കം കണക്കിലെടുക്കുമ്പോള്‍ അത് ഒരു കാരണവശാലും പുറത്തറിയാന്‍ പാടില്ലാത്തതാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയിലെ സുരക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ഏതൊക്കെ സംഘടനകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന സംഘടനകള്‍ ഏതൊക്കെയാണ് എന്നീ വിവരങ്ങളും രഹസ്യരേഖയിലുണ്ട്. നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട്, മദനിയുടെ പാര്‍ട്ടിയായ പിഡിപി, ജമാ അത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി, മാവോയിസ്റ്റുകള്‍, തീരപ്രദേശത്തെ ശ്രീലങ്കന്‍ തീവ്രവാദികളുടെ സാന്നിധ്യം എന്നിവയെക്കുറിച്ചൊക്കെ റിപ്പോര്‍ട്ടിലുണ്ട്. അടുത്തിടെയാണല്ലോ എലത്തൂരില്‍ തീവണ്ടിയില്‍ പെട്രോളൊഴിച്ച് കത്തിച്ച് ഭീകരാക്രമണത്തിന് ശ്രമിച്ചയാള്‍ പിടിയിലായത്. ഇത് ഭീകരാക്രമണംതന്നെയാണെന്ന് കണ്ടെത്തി എന്‍ഐഎ കേസ് ഏറ്റെടുത്തിരിക്കുകയാണ്. കശ്മീരിലെ പുല്‍വാമ ആക്രമണത്തിനുശേഷവും വടക്കു പടിഞ്ഞാറന്‍ മേഖലയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലും പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യവും രഹസ്യറിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. സ്വാഭാവികമായും പ്രധാനമന്ത്രിയുടെ ജീവന് ഭീഷണി ഉയര്‍ത്താവുന്ന ശക്തികളുടെ കയ്യിലും ഈ റിപ്പോര്‍ട്ട് കിട്ടിയിരിക്കും. ചില മാധ്യമങ്ങള്‍ക്ക് ലഭിച്ചതാണ് റിപ്പോര്‍ട്ട് ചോര്‍ന്ന വിവരം പുറംലോകം അറിയാനിടയായത്. അല്ലായിരുന്നുവെങ്കില്‍ ബദല്‍ മാര്‍ഗങ്ങളൊന്നും സ്വീകരിക്കാന്‍ കഴിയാത്തവിധം പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ വലിയ പാളിച്ച സംഭവിക്കുമായിരുന്നു. ആശങ്കാജനകമായ ഒരു സ്ഥിതിവിശേഷമായിരിക്കുമല്ലോ ഇതുമൂലം സൃഷ്ടിക്കപ്പെടുക.
രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും സംഭവിക്കാത്ത സുരക്ഷാ വീഴ്ചയാണിത്. കേരളത്തില്‍ മാത്രം ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നത് ആലോചിക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച രഹസ്യരേഖ ചോര്‍ന്നതിനു പിന്നില്‍ പോലീസിന്റെ ബുദ്ധിയാണെങ്കില്‍ അത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. കേരള പോലീസിലെ ചിലര്‍ തീവ്രവാദ ശക്തികള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയത് വലിയ വിവാദമായിട്ടുള്ളതാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോഴത്തെ രഹസ്യരേഖ ചോര്‍ന്നതിനു പിന്നില്‍ ജിഹാദിശക്തികളെ സഹായിക്കുന്നവരുണ്ടോ എന്ന് അന്വേഷിക്കണം. പോലീസിലുള്ളവര്‍ മനഃപൂര്‍വമാണ് ഇത് ചെയ്തിട്ടുള്ളതെങ്കില് അതിനൊരു കാരണമുണ്ട്. ഇത്തരം വീഴ്ചകള്‍ക്കെതിരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടാവില്ലെന്നും, തങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നുമുള്ള വിശ്വാസം തലതിരിഞ്ഞ ചില പോലീസുദ്യോഗസ്ഥര്ക്കുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ യാതൊരു നടപടിയും ഉണ്ടാവാന്‍ പോകുന്നില്ല. പതിവുപോലെ ഇതിനെയൊക്കെ ലളിതവല്‍ക്കരിക്കുന്ന ഒരു സമീപനം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവാം. സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന തീവ്രവാദ സംഘടനയെ പിന്തുണയ്ക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി സര്‍ക്കാരിന്റെ ഭാഗമാണെന്ന് രഹസ്യറിപ്പോര്ട്ടില്ത്തന്നെ പറയുന്നുണ്ടല്ലോ. കേരള സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി ഇതില്‍ ഒതുങ്ങാന്‍ പാടില്ല. സുരക്ഷാ റിപ്പോര്‍ട്ട് ചോരാനിടയായതിനെക്കുറിച്ച് വിശദീകരണം തേടുകയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: